പർവേസ് മുഷറഫ്
പർവേസ് മുഷറഫ്

പര്‍വേസ് മുഷറഫ്: ഷെരീഫിനെ ഇരുട്ടില്‍ നിര്‍ത്തി കാര്‍ഗില്‍ യുദ്ധം നയിച്ച അട്ടിമറികളുടെ പ്രസിഡന്റ്

1999 ലെ കാര്‍ഗില്‍ യുദ്ധത്തിന് ഉത്തരവാദിയായ പാകിസ്താന്‍ സൈനിക ജനറലായിരുന്നു മുഷറഫ്
Updated on
2 min read

ഡല്‍ഹിയില്‍ ജനിച്ച് ഇന്ത്യയുമായി യുദ്ധം ചെയ്ത, ധോണിയോട് മുടിവെട്ടരുതെന്ന് പറഞ്ഞ പര്‍വേസ് മുഷറഫ്. അന്തരിച്ച പാക് മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായ പര്‍വേസ് മുഷറഫിന്റെ ജീവിതം സംഭവബഹുലമായിരുന്നു.

1999 ലെ കാര്‍ഗില്‍ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയിലാണ് മുഷറഫ് അറിയപ്പെട്ടിട്ടുള്ളത്. അന്ന് പാകിസ്താൻ സൈനിക ജനറലായിരുന്നു. 1999 ഫെബ്രുവരിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ലാഹോര്‍ ഉടമ്പടി ഒപ്പുവെച്ച് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. കശ്മീരില്‍ ഇന്ത്യയും പാകിസ്താനും അംഗീകരിച്ചിരുന്ന അതിര്‍ത്തിയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് പാകിസ്താനി പട്ടാളവും തീവ്രവാദികളും നുഴഞ്ഞുകയറുകയായിരുന്നു.

1999 ഒക്ടോബറായപ്പോഴേക്കും ഷെരീഫിനെ അട്ടിമറിയിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി രാജ്യത്ത് മുഷറഫ് പട്ടാള ഭരണം ഏര്‍പ്പെടുത്തി

ഇരു രാജ്യങ്ങളും ആണവായുധം വികസിപ്പിച്ചതിന് ശേഷമുള്ള ആദ്യ യുദ്ധമായിരുന്നു അത്. ഏകദേശം മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനികളെ അവിടുന്ന് പിന്തിരിപ്പിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമിട്ട പാകിസ്താനെ അന്താരാഷ്ട്ര സമൂഹം വിമര്‍ശിച്ചപ്പോള്‍ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മുഷറഫ് തന്നെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൂടി പറഞ്ഞതോടെ മുഷറഫ് പ്രതിരോധത്തിലായി. അങ്ങനെ 1999 ഒക്ടോബറായപ്പോഴേക്കും ഷെരീഫിനെ അട്ടിമറിയിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി രാജ്യത്ത് മുഷറഫ് പട്ടാള ഭരണം ഏര്‍പ്പെടുത്തി. പിന്നീട് 2001ല്‍ മുഷറഫ് തന്നെ പ്രസിഡന്റായി ചുമതലയേറ്റു. പാക് ഭരണം കയ്യാളുമ്പോഴും ജനാധിപത്യവിരുദ്ധനെന്നും സേച്ഛാധിപതിയെന്നുമുള്ള വിളിപ്പേരുകൾ ആ കാലം മുഷറഫിന് മേൽ ചാർത്തിക്കഴിഞ്ഞിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത് സംഘടിപ്പിച്ചിരുന്നത്

എന്നാല്‍ പ്രസിഡന്റായതിന് തൊട്ടുപിന്നാലെ 2001 ല്‍ അന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആഗ്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മുഷറഫ് ഇന്ത്യയിലേയ്ക്ക് വന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ആ ചര്‍ച്ചയും വളരെ നാടകീയമായി പരാജയപ്പെട്ടു. മുഷറഫിന്റെ തീവ്രവാദ നിലപാടുകള്‍ അവിടെ വിമര്‍ശിക്കപ്പെടുകയായിരുന്നു. പിന്നീട് 2001 ഡിസംബറില്‍ പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തിയതോടെ ഇന്ത്യ പാകിസ്താന്‍ ബന്ധത്തിൽ ആഴത്തിൽ വിള്ളല്‍ വീണു.

കാലാവധി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാരുകളും സൈനിക അട്ടിമറിയുമെല്ലാം പാകിസ്താനിലെ ജനജീവിതം ദുസ്സഹമാക്കി

ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരമ്പര തന്നെ അരങ്ങേറിയതിനാല്‍ 2008ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഷറഫിനെ സമ്മര്‍ദ്ദത്തിലാക്കി. 2011 ല്‍ മുബൈ ഭീകരാക്രമണം കൂടി അരങ്ങേറിയതോടെ ഇന്ത്യാ പാക് ബന്ധം കൂട്ടിയിണക്കാൻ കഴിയാത്തവണ്ണം വഷളായി.ഭരണ നിലനില്‍പ്പിന് വേണ്ടി പാകിസ്താനില്‍ പല പോരാട്ടങ്ങൾ പിന്നെയും നടന്നു. കാലാവധി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാരുകൾക്കും സൈനിക അട്ടിമറികൾക്കുമെല്ലാം പാക് ജനത സാക്ഷിയായി.പാക് ജനതയുടെ ആ അരക്ഷിതാവസ്ഥകളുടെ പതാകാവാഹകൻ ആയാണ് ചരിത്രം പർവേസ് മുഷറഫിനെ അടയാളപ്പെടുത്തുന്നത്. 2001 ല്‍ നടത്തിയ സൈനിക അട്ടിമറിയുടെ പേരില്‍ കോടതി മുഷറഫിനെതിരെ 2019 ല്‍ വധശിക്ഷ വിധിച്ചിരുന്നു. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോ വധത്തിന്റെ ഉത്തരവാദിത്വവും, രാജ്യദ്യോഹക്കുറ്റങ്ങളും ഉള്‍പ്പെടെ നിരവധി കേസുകള്‍ നേരിടുന്ന വ്യക്തികൂടിയാണ് മുഷറഫ്. 1964 ലാണ് പര്‍വേസ് മുഷറഫ് പാക് സൈന്യത്തിന്റെ ഭാഗമാവുന്നത്.

ധോണിയോട് മുറി മുടിക്കരുതെന്ന് പറഞ്ഞതിലും മുഷറഫ് ഇന്ത്യയില്‍ ചര്‍ച്ചയായിട്ടുണ്ട്.

റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ്, പാകിസ്താന്‍ മിലിറ്ററി അക്കാദമി എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സൈനിക പ്രവേശനം. ബ്രീട്ടിഷ് സൈന്യത്തിന്റെ പരീശീലനവും നേടിയിട്ടുണ്ട്. 1965ലെ ഇന്ത്യ - പാക് യുദ്ധത്തില്‍ ഖേംകരന്‍ സെക്ടറില്‍ പാക് സൈന്യത്തെ നയിച്ചിട്ടുണ്ട് സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന മുഷറഫ്. 1971ലെ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ കമാന്‍ഡോ ബറ്റാലിയന്റെ കമ്പനി കമാന്‍ഡറുമായിരുന്നു.

ധോണിയോട് മുറി മുടിക്കരുതെന്ന് പറഞ്ഞതിലും മുഷറഫിൻ്റെ പേര് ഇന്ത്യയില്‍ ചര്‍ച്ചയായിട്ടുണ്ട്. 2005-2006 ലെ ഇന്ത്യന്‍ ടീമിന്റെ പാകിസ്താന്‍ പര്യടനത്തിലായിരുന്നു ധോണിയുടെ മുടികളോടുള്ള തന്റെ സ്‌നേഹം മുഷറഫ് തുറന്ന് പറയുന്നത്. സുഷാന്ത് സിങ് രജ്പുത് നായകനായി ധോണിയുെട ജീവിതം സിനിമയായെത്തിയപ്പോഴും പാക് പ്രസിഡന്റിന്റെ പരാമര്‍ശം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

logo
The Fourth
www.thefourthnews.in