പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു
പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. യുഎഇയിലെ അമേരിക്ക ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു പര്‍വേസ് മുഷറഫ്.
പാകിസ്താന്റെ പത്താമത് പ്രസിഡന്റായിരുന്നു മുഷറഫ്. 1998 മുതല്‍ 2001 വരെ പാകിസ്താന്‍ പട്ടാള മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലായിരുന്നു ഇന്ത്യയുമായുള്ള കാര്‍ഗില്‍ യുദ്ധം. രണ്ട് പതിറ്റാണ്ടു മുന്‍പ് പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ അധികാരം പിടിച്ചെടുത്ത നേതാവാണ് പര്‍വേസ് മുഷറഫ്. 2001 നവാസ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമറിച്ചായിരുന്നു മുഷറഫ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. എട്ട് വര്‍ഷത്തിന് ശേഷം 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിയുകയും ചെയ്തു.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോ വധത്തിന്റെ ഉത്തരവാദിത്വവും, രാജ്യദ്യോഹക്കുറ്റങ്ങളും ഉള്‍പ്പെടെ നിരവധി കേസുകള്‍ നേരിടുന്ന വ്യക്തികൂടിയാണ് മുഷറഫ്. 2007 ല്‍ പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിലുള്‍പ്പെടെ 2019 ല്‍ മുഷറഫിന് പെഷവാറിലെ പ്രത്യേക കോടതി വധ ശിക്ഷയും വിധിച്ചിരുന്നു. 2013 ഡിസംബറിലാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കേസെടുത്തത്. പിന്നാലെ രാജ്യം വിട്ട അദ്ദേഹം ദുബായില്‍ താമസിച്ച് വരികയായിരുന്നു.
1964 ലാണ് പര്‍വേസ് മുഷറഫ് പാക് സൈന്യത്തിന്റെ ഭാഗമാവുന്നത്. റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ്, സ്റ്റഡീസ്, പാകിസ്താന്‍ മിലിറ്ററി അക്കാദമി എന്നി എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സൈനിക പ്രവേശനം. ബ്രീട്ടിഷ് സൈന്യത്തിന്റെ പരീശീലനവും നേടിയിട്ടുണ്ട്. 1965ലെ ഇന്ത്യ - പാക്ക് യുദ്ധത്തില്‍ ഖേംകരന്‍ സെക്ടറില്‍ പാക്ക് സൈന്യത്തെ നയിച്ചിട്ടുണ്ട് സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന മുഷറഫ്. 1971ലെ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ കമാന്‍ഡോ ബറ്റാലിയന്റെ കമ്പനി കമാന്‍ഡറുമായിരുന്നു. ബേനസീര്‍ ഭൂട്ടോയുടെ കാലത്താണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തസ്തികയിലെത്തി. 1998ല്‍ നവാസ് ഷെരീഫ് സൈനിക മേധാവിയായി നിയമിക്കുയും ചെയ്തു. 2001 ജൂണില്‍ കരസേനമേധാവി എന്ന സ്ഥാനം നിലനിര്‍ത്തി അട്ടിമറിയിലൂടെ പ്രസിഡന്റാവുകയായിരുന്നു.