പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹരിക് - ഇ - ഇൻസാഫ് പാർട്ടി (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാൻ അറസ്റ്റിൽ. തോഷഖാന കേസിൽ ഇസ്ലാമാബാദ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇമ്രാൻ ഖാന് മൂന്ന് വർഷം തടവും ഒരു ലക്ഷം പാകിസ്താനി രൂപ പിഴയും കോടതി വിധിച്ചു. അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയിലില്‍ കിടക്കേണ്ടി വരും.
വിധി വന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റെന്നതാണ് കേസ്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം. രാഷ്ട്രത്തലവന്‍മാരില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച സര്‍ക്കാര്‍ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്തു വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു.
ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്.
നേരത്തെ ഇതേ കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇമ്രാൻ ഖാന്റെ വീടിന് മുന്നിലും ഇസ്ലാമാബാദ് കോടതിയിലുമെല്ലാം അനുയായികൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനേയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും അവഹേളിച്ചെന്ന കേസിൽ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇമ്രാൻ നേരിട്ട് ഹാജരായ സാഹചര്യത്തിൽ അറസ്റ്റ് വാറന്റ് മരവിപ്പിക്കുകയായിരുന്നു.