മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു;പിന്നിൽ പുടിന്റെ ഏജന്റുമാരെന്ന് റിപ്പോർട്ട്
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണ് ഹാക്കിങിന് പിന്നിലെന്ന് സംശയിക്കുന്നതായി 'ദ മെയിൽ' റിപ്പോർട്ട് ചെയ്തു. ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കണ്ടെത്തൽ. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തിനായി ലിസ് ട്രസ് പ്രചാരണത്തിനിടെയാണ് ഹാക്കിങ് നടന്നതായി കണ്ടെത്തിയത്. എന്നാൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ക്യാബിനറ്റ് സെക്രട്ടറി സൈമൺ കേസും ഈ വിവരം മറച്ചുവെയ്ക്കുകയായിരുന്നുവെന്നും 'മെയിൽ' റിപ്പോർട്ട് ചെയ്യുന്നു.
യുക്രെയ്ന്‍-റഷ്യ യുദ്ധത്തെക്കുറിച്ച് അന്താരാഷ്ട്ര വിദേശമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളുമടക്കം ഇതില്‍പ്പെടുന്നുണ്ട്
അന്താരാഷ്ട്ര സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ചകളുടെ രഹസ്യവിവരങ്ങളും ലിസ് ട്രസിന്റെ അടുത്ത സുഹൃത്തായിരുന്ന ക്വാസി ക്വാര്‍ട്ടെങ്ങുമായി നടത്തിയ ചില സ്വകാര്യ സന്ദേശങ്ങളും റഷ്യന്‍ ഏജന്‍സികള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ക്വാസി ക്വാര്‍ട്ടെങ്ങ് പിന്നീട് ധനമന്ത്രിയായി ചുമലതലയേറ്റിരുന്നു. യുക്രെയ്ന്‍-റഷ്യ യുദ്ധത്തെക്കുറിച്ച് അന്താരാഷ്ട്ര വിദേശമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളുമടക്കം ഇതില്‍പ്പെടുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നതോടെ അടിയന്തര അന്വേഷണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരു വർഷത്തെ സന്ദേശങ്ങൾ വരെ ഡൗൺലോഡ് ചെയ്തതായാണ് വിവരം.
അധികാരമേറ്റ് 45-ാം ദിവസം രാജി വെക്കേണ്ടി വന്ന പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജി വെച്ചത്. യുകെയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ചയാളാണ് ലിസ് ട്രസ്. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടണിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ബ്രെക്സിറ്റിന് ശേഷം അധികാരമൊഴിയുന്ന നാലാമത്തെ പ്രധാനമന്ത്രിയും.