തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കീഴടങ്ങി
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കീഴടങ്ങി. 2020 ലെ ജോർജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ട്രംപ് അധികൃതർക്ക് മുൻപിൽ സ്വമേധയാ കീഴടങ്ങിയത്. അറ്റ്ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിൽ എത്തി കീഴടങ്ങിയ ട്രംപിനെ രണ്ട് ലക്ഷം ഡോളറിന്‍റെ ബോണ്ട് വ്യവസ്ഥയിൽ വിചാരണ വരെ ജാമ്യത്തിൽ വിട്ടു. വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കൽ, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ എന്നിവയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്റ് നേരിടുന്ന നാലാമത്തെ ക്രിമിനൽ കുറ്റമാണ് ഇത്.
തന്റെ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള വിപുലമായ ഗൂഢാലോചനയുടെ ഭാഗമായ ഒരു "ക്രിമിനൽ എന്റർപ്രൈസസിന്റെ" തലവനാണ് ട്രംപ് എന്ന കുറ്റപത്രത്തിൽ ആരോപിക്കുന്നു. കേസിൽ നിരപരാധിയെണെന്നും 2020 ലെ തിരഞ്ഞെടുപ്പിലെ തന്റെ പരാജയത്തെ വെല്ലുവിളിക്കാൻ അവകാശമുണ്ടെന്ന് ജയിൽമോചിതനായ ശേഷം ട്രംപ് ആവർത്തിച്ചു. "സത്യസന്ധതയില്ലാത്ത തെരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവും ഉണ്ട് " അദ്ദേഹം വ്യക്തമാക്കി. 2024 ൽ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ ശ്രമം പ്രോസിക്യൂട്ടർമാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ആകെ 19 പേരാണ് കുറ്റാരോപിതർ. ഇതിൽ കീഴടങ്ങുന്ന 12-ാമത്തെയാളാണ് മുൻ പ്രസിഡന്റ്. നേരത്തെ വെള്ളിയാഴ്ചക്ക് മുൻപ് കീഴടങ്ങണമെന്നാണ് കോടതി പ്രതികൾക്ക് നൽകിയ നിർദേശം. ചൊവ്വാഴ്ച മുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ജിയുലിയാനിയും അഭിഭാഷകൻ സിഡ്നി പവലും ഉൾപ്പടെയുള്ളവർ ഫുൾട്ടൺ കൗണ്ടി ജയിലിൽ കീഴടങ്ങിയിരുന്നു. 19 പേരുടെയും വിചാരണ ഒക്ടോബർ 23-ന് ആരംഭിക്കാൻ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് ആവശ്യപ്പെട്ടെങ്കിലും തിയ്യതി സ്വീകാര്യമല്ലെന്ന് ട്രംപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കീഴടങ്ങലിന്റെ പിന്നാലെയുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ മുഖത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം പോലീസ് പകർത്തിയിരുന്നു. ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ചരിത്രത്തിൽ ഇതാദ്യത്തെ സംഭവമാണ്.