അത്ഭുതപ്പെടുത്തുന്ന അതിജീവനം! ആമസോണ്‍ മഴക്കാടുകളില്‍ 40 ദിവസം; വിമാനാപകടത്തില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി
കൊളംബിയയില്‍ വിമാനപകടത്തില്‍പ്പെട്ട് ആമസോൺ കാടുകളിൽ അകപ്പെട്ട നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് ആമസോണ്‍ കാടുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനായത്. കൊളംബിയൻ സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടികള്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സൈന്യം അറിയിച്ചു.
മെയ് ഒന്നിനാണ് വിമാനം തകര്‍ന്ന് നാല് കുട്ടികളെ കാണാതായത്. ഒന്നും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള കുട്ടികളായിരുന്നു അപകടത്തില്‍പ്പെട്ടത്. കുട്ടികളെ കണ്ടെത്തിയ വിവരം കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
പതിമൂന്നുവയസുള്ള ലെസ്‌ലി ജാക്കബോംബയെര്‍ മക്കറ്റൈ, ഒന്‍പത് വയസുള്ള സോളിനി ജാക്കബോംബയെര്‍ മക്കറ്റൈ, നാല് വയസുള്ള ടിയന്‍ നോറിയല്‍ റോണോഖ് മക്കറ്റൈ, പതിനൊന്ന് മാസം പ്രായമുള്ള നെരിമാന്‍ റോണോഖ് മക്കറ്റൈ എന്നിവരാണ് രക്ഷപ്പെട്ടത്. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികള്‍ക്ക് കാട് പരിചിതമായതിനാല്‍ അതിജീവിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ വനത്തില്‍ അലയുന്നതായി ഗിരിവര്‍ഗക്കാരാണ് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്.
എഞ്ചിന്‍തകരാറിനെ തുടര്‍ന്നായിരുന്നു വിമാനം തകര്‍ന്നത്
കൊളംബിയയിൽ കക്വെറ്റ, ഗ്വാവിയര്‍ പ്രവിശ്യകള്‍ക്കിടയിൽ വനത്തിലാണ് വിമാനം തകരുന്നത്. സമീപമേഖലയിൽ നിന്ന് തന്നെയാണ് സൈന്യം കുട്ടികളെ രക്ഷപ്പെടുത്തിയത്. മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്‌ന - 206 തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എഞ്ചിന്‍തകരാറിനെ തുടര്‍ന്നായിരുന്നു വിമാനം തകര്‍ന്നത്.
കൊളംബിയന്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു
കുട്ടികളെ കണ്ടെത്താത്തതിനെ തുടര്‍ന്ന് കൊളംബിയയിൽ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. കുട്ടികള്‍ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഉൾവനത്തിലേക്ക് പോയതാകാം എന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തിരച്ചിലിനായി പരീശിലനം ലഭിച്ച നായ്ക്കളുടെ സഹായവും രക്ഷാപ്രവര്‍ത്തകർ തേടിയിരുന്നു. ഇലകളും ചെറുകമ്പുകളും ഉപയോഗിച്ച് കുട്ടികൾ നിര്‍മിച്ച താത്കാലിക അഭയകേന്ദ്രവും അവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചില വസ്തുക്കളും നായ്ക്കളുടെ സഹായത്തോടെ കണ്ടെടുത്തു. കൊളംബിയന്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.