10 വർഷത്തിനിടെ ബലാത്സംഗത്തിനിരയായത് 92 തവണ; മയക്കുമരുന്ന് നൽകി ഉറക്കി ഒത്താശ ചെയ്തത് ഭർത്താവ്, ദൃശ്യങ്ങൾ പകർത്തി

10 വർഷത്തിനിടെ ബലാത്സംഗത്തിനിരയായത് 92 തവണ; മയക്കുമരുന്ന് നൽകി ഉറക്കി ഒത്താശ ചെയ്തത് ഭർത്താവ്, ദൃശ്യങ്ങൾ പകർത്തി

ലോറോസെപാം എന്ന മയക്കുമരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നൽകി ഭാര്യയെ ഉറക്കിയശേഷമാണ് പ്രതി പുരുഷന്മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്
Updated on
2 min read

പത്തു വര്‍ഷമായി ദിവസവും രാത്രി ഭാര്യയെ മയക്കുമരുന്ന് നല്‍കി ഉറക്കി നിരവധി പുരുഷന്‍മാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഫ്രാന്‍സിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംശയത്തിന് ഇടനൽകാതെയാണ് ഫ്രഞ്ച് സ്വദേശിയായ ഡൊമനിക് ഭാര്യയെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. അവിഗ്നോണിന് സമീപത്തെ മസാനിലെ വീട്ടിലേക്ക് ആളുകളെ വിളിച്ചുവരുത്തിയാണ് പ്രതി ബലാത്സംഗത്തിന് ഒത്താശ ചെയ്തത്. ലോറോസെപാം എന്ന മയക്കുമരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നൽകി ഭാര്യയെ ഉറക്കിയശേഷമാണ് ഇയാൾ പുരുഷന്മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. 92 ബലാത്സംഗങ്ങൾ നടന്നതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലഹരി മരുന്ന് കലര്‍ത്തി ഭാര്യയെ മയക്കി കിടത്തിയ ശേഷം വീട്ടിലേക്ക് പലരേയും ക്ഷണിച്ച് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇയാള്‍ അവസരമൊരുക്കും

ഭാര്യയെ 83 പുരുഷന്മാർ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഇയാൾ വീഡിയോയിൽ പകർത്തി. ഇവ യു എസ് ബി ഡ്രൈവില്‍ 'അബ്യൂസസ്' എന്ന പേരിൽ ഫയലാക്കി സൂക്ഷിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

2011 മുതൽ 2020 വരെയാണ് സ്ത്രീ ബലാത്സംഗത്തിനിരയായത്. 83 പേർ സ്ത്രീയ ബലാത്സംഗം ചെയ്തതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ചിലർ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തു. എല്ലാ പ്രതികളെയും പോലീസിന് തിരിച്ചറിയാനായിട്ടില്ല. 51 പേരെ തിരിച്ചറിഞ്ഞു. 26 മുതൽ 73 വരെ പ്രായത്തിലുള്ള ഇവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. പ്രതികളിൽ ഫയർമാൻ, മുനിസിപ്പല്‍ കൗണ്‍സിലര്‍, ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍, നഴ്‌സ്, പത്ര പ്രവര്‍ത്തകന്‍ എന്നിവർ ഉൾപ്പെടുന്നു.

കാർപെൻട്രാസിലെ സൂപ്പർമാർക്കറ്റിലെ വസ്ത്രം മാറുന്ന മുറികളില്‍ ഒളിക്യാമറ വച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ ഡൊമനിക്കിനെ 2020ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ക്യാമറ ഉപകരണങ്ങളും ഭാര്യയെ പീഡിപ്പിക്കുന്ന ഡസൻ കണക്കിന് വീഡിയോകളും കണ്ടെത്തി. ഇതാണ് ബലാത്സംഗങ്ങൾ പുറത്തുവരാൻ കാരണമായത്,

മയക്കുമരുന്ന് ചേർത്ത ഭക്ഷണം കഴിച്ച് ഉറങ്ങിപ്പോയ ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കുന്നതിന് ആളുകളെ വിളിച്ചുവരുത്താൻ ഡൊമനിക് ഇന്റർനെറ്റ് വേദി ഉപയോഗപ്പെടുത്തിയതായി 'ദി ഡെയ്‌ലി ടെലഗ്രാഫ്' റിപ്പോർട്ടിൽ പറയുന്നു.

വസ്ത്രം മാറുന്ന മുറികളില്‍ ഒളി ക്യാമറ വച്ചു ചിത്രങ്ങള്‍ പകര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഡൊമനിക്കിനെതിരെ പോലീസ് അന്വേഷണം ആരംഭിക്കുന്നത്.

നിരന്തരമായി മയക്കുമരുന്ന് ഉള്ളിൽ ചെന്നതും പീഡനവും അതിജീവിതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് ലൈംഗിക രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. കാര്യങ്ങളറിഞ്ഞതോടെ ഇവര്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോഴും തന്റെ ഭാര്യ തന്റെ ആദ്യത്തെ പ്രണയമാണെന്നും തനിക്കേറെ പ്രിയപ്പെട്ടവളാണെന്നുമായിരുന്നു ഡൊമനിക്കിന്റെ പ്രതികരണം.

സ്ത്രീ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലായിട്ടുപോലും ലൈംഗിക പീഡനത്തിൽനിന്ന് പ്രതികളാരും പിന്മാറിയിട്ടില്ലെന്ന് ഡൊമിനിക് വാദിച്ചെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

ഡൊമനിക് യാതൊരു വിധത്തിലുള്ള അക്രമവും ഇതിന്റെ ഭാഗമായി നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ്റെ വാദം. അതേ സമയം നടന്നത് ബലാത്സംഗമായിരുന്നില്ലെന്നായിരുന്നു ഒരു പ്രതിയുടെ വാദം. കാരണം ഡൊമനിക്കിന്റെ ഭാര്യയായതുകൊണ്ട് തന്നെ അയാള്‍ക്കിഷ്ടമുള്ളതു ചെയ്യുന്നുവെന്നായിരുന്നു പ്രതിയുടെ വിചിത്ര വാദം.

logo
The Fourth
www.thefourthnews.in