പ്ലേബോയി മാ​ഗസിന്റെ മുഖചിത്രമായി ഫ്രഞ്ച് മന്ത്രി; രൂക്ഷവിമർശനമുയർത്തി പ്രധാനമന്ത്രി

പ്ലേബോയി മാ​ഗസിന്റെ മുഖചിത്രമായി ഫ്രഞ്ച് മന്ത്രി; രൂക്ഷവിമർശനമുയർത്തി പ്രധാനമന്ത്രി

സ്ത്രീകളുടെയും എൽജിബിടിക്യു+ കമ്യൂണിറ്റിയുടെയും അവകാശങ്ങളെക്കുറിച്ച് മാസികയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗമായിരുന്നു മുഖചിത്രം ​
Updated on
1 min read

പ്ലേബോയി മാ​ഗസിനിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ രൂക്ഷവിർമശനം നേരിട്ട് ഫ്രഞ്ച് വനിതാ മന്ത്രി മാര്‍ലിന്‍ സ്ക്യാപ്പ. ഗ്ലാമറസ് വസ്ത്രങ്ങളണിഞ്ഞതിനെതിരെ പ്രധാനമന്ത്രി എലിസബത്ത് ബോണും മറ്റു സഹമന്ത്രിമാരും സ്ക്യാപ്പക്കെതിരെ രംഗത്തെത്തി. സ്ത്രീകളുടെയും എൽജിബിടിക്യു+ സമൂഹത്തിന്റെയും അവകാശങ്ങളെക്കുറിച്ച് മാസികയ്ക്ക് സ്ക്യാപ്പ അഭിമുഖം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ​

വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പദ്ധതികളെ ചൊല്ലി ഫ്രാൻസിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മാര്‍ലിന്‍ സ്ക്യാപ്പയുടെ ഫോട്ടോ ചർച്ചയാകുന്നത്. ഈ സമയത്ത് സ്ക്യാപ്പയുടെ പ്രവൃത്തി ഒട്ടും അം​ഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോൺ പറഞ്ഞു.

എന്നാൽ വിമർശനങ്ങൾക്ക് സ്ക്യാപ്പ മറുപടി നൽകിയിട്ടുണ്ട്. സ്വന്തം ശരീരം കൊണ്ട് ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെ എപ്പോഴും എല്ലായിടത്തും താൻ സംരക്ഷിക്കുമെന്നാണ് സ്ക്യാപ്പ ട്വിറ്ററിൽ കുറിച്ചത്. ഫ്രാൻസിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അത് മറ്റുള്ളവരെ അലോസരപ്പെടുത്തേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സ്ക്യാപ്പയ്ക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിനും രംഗത്തെത്തി. സ്വന്തമായ അഭിപ്രായങ്ങളും അവകാശവുമുള്ള സ്ത്രീയാണ് സ്ക്യാപ്പയെന്നാണ് ജെറാള്‍ഡ് അഭിപ്രായപ്പെട്ടത്.

ഏപ്രിൽ-ജൂൺ ലക്കത്തിലെ പ്ലേബോയി മാസികയിലാണ് സ്ക്യാപ്പയുടെ ചിത്രങ്ങളും അഭിമുഖവുമുള്ളത്. ഒരു അശ്ലീല മാസികയായി പ്ലേബോയെ കാണരുതെന്നും ഏതാനും താളിലെ നഗ്നചിത്രങ്ങൾ ഒഴിച്ചാൽ പ്രാധാന്യമുള്ള പല വിഷയങ്ങളും ചർച്ച ചെയ്യുന്ന മാസികയാണ് പ്ലേബോയി എന്നും മാസികയുടെ എഡിറ്റർ ഴാങ് ക്രിസ്റ്റഫ് ഫ്ലൊറന്റീൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in