ഇമ്മാനുവൽ മാക്രോൺ
ഇമ്മാനുവൽ മാക്രോൺ

അമേരിക്കയെ ആശ്രയിക്കുന്നത് യൂറോപ്പ് കുറയ്ക്കണം, തായ്‌വാൻ സംഘർഷത്തിൽ ഭാഗവാക്കാകരുത്: മാക്രോൺ

ചൈന-തായ്‌വാൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പക്ഷംപിടിക്കേണ്ട ആവശ്യമുണ്ടോയെന്നാണ് ഇമ്മാനുവേൽ മാക്രോണിന്റെ ചോദ്യം
Updated on
1 min read

യൂറോപ്പ് അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. തായ്‌വാൻ വിഷയത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വലിച്ചഴയ്ക്കപ്പെടുന്നതിൽ ശ്രദ്ധപുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനുശേഷം ചൈനയിൽനിന്നു മടങ്ങവെ വിമാനത്തിൽവച്ച് നൽകിയ അഭിമുഖത്തിലാണ് മാക്രോൺ ഇക്കാര്യം പറഞ്ഞത്.

ഫ്രാൻസിന്റെ നേതൃത്വത്തിൽ യൂറോപ്പിനെ ലോകത്തിലെ മൂന്നാമത്തെ സൂപ്പർ പവർ" ആക്കാനുള്ള സ്വയംഭരണം എന്ന തന്ത്രപരമായ എന്ന സിദ്ധാന്തത്തിനാണ് മാക്രോൺ ഊന്നൽ നൽകുന്നത്. മറ്റു രാജ്യങ്ങൾ ആയുധങ്ങൾക്കും സൈനിക പിന്തുണയ്ക്കുമായി അമേരിക്കയെ ആശ്രയിക്കുന്നത് കൂടിവരികയാണെന്ന് മാക്രോൺ പറഞ്ഞു. അതിനാൽ യൂറോപ്പ് പ്രതിരോധ സംവിധാനങ്ങളും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളും വിപുലീകരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാക്രോണിന്റെ തന്ത്രപരമായ സ്വയംഭരണം എന്ന ആശയത്തെ ചൈന അംഗീകരിച്ചു. നിലവിൽ ചൈന ഉയർച്ചയുടെ പാതയിലാണെന്നും യൂറോപ്യൻ രാജ്യങ്ങൾ അധഃപതനത്തിലാണെന്നുമാണ് ചൈനയിലെ പാർട്ടി നേതാക്കളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ.

അതേസമയം, ചൈന-തായ്‌വാൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പക്ഷംപിടിക്കേണ്ട ആവശ്യമുണ്ടോയെന്നാണ് ഇമ്മാനുവേൽ മാക്രോണിന്റെ ചോദ്യം.

ഇമ്മാനുവേൽ മാക്രോൺ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ ചൈന തായ്‌വാന് ചുറ്റും ആരംഭിച്ച സൈനികാഭ്യാസം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തായ്‌വാന് ആയുധവും പിന്തുണയും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ യു എസ് ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി ചർച്ച നടത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. 70 യുദ്ധവിമാനങ്ങളും 11 യുദ്ധക്കപ്പലുകളുമാണ് തായ്‌വാനു ചുറ്റും ചൈന അണിനിരത്തിയിരിക്കുന്നത്.

തായ്‌വാനിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സാങ്കല്‍പിക ആക്രമണങ്ങളും ചൈന നടത്തുന്നുണ്ട്. തായ്‌വാനിലേക്ക് കരയില്‍നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും മിസൈല്‍ വര്‍ഷിക്കുന്നതിന്റെ ആനിമേഷന്‍ വീഡിയോ ചൈനീസ് സൈന്യം സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു.

ചൈനയുടെ റോക്കറ്റ് സംവിധാനങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വ്യോമസേന അതീവ ജാഗ്രതയിലാണെന്നും തായ്‌വാന്‍ വ്യക്തമാക്കി.

റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന തയ്‌വാന്‍ സ്വന്തമായി ഭരണഘടനയും ജനാധിപത്യരീതയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള രാജ്യമാണ്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും തയ്‌വാന്റെ ഭൂപ്രദേശത്തിന് മുകളില്‍ തങ്ങള്‍ക്കാണ് അവകാശമെന്നുമാണ് ചൈന അവകാശവാദം. ഇതാണ് തയ്‌വാനുമായി ചൈനയുടെ നിരന്തര ഏറ്റുമുട്ടലിന് ഇടയാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചപ്പോഴും ചൈന തയ്‌വാനു ചുറ്റും പ്രകോപനം സൃഷ്ടിച്ചിരുന്നു.

അതേസമയം റഷ്യയും യുക്രൈയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ചൈനയെ ഇടപെടുത്തുവാനുള്ള മാക്രോണിന്റെ നീക്കം പരാജയപെട്ടു. യുക്രെയ്ന്‍ വിഷയത്തില്‍ ചൈന ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

logo
The Fourth
www.thefourthnews.in