ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ നടപടി വേണം; ജി 7 രാഷ്ട്രങ്ങള്‍

ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ നടപടി വേണം; ജി 7 രാഷ്ട്രങ്ങള്‍

ഒരു മാസത്തിനിടെ മുപ്പതിലേറെ മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായാണ് കണക്കുകള്‍
Updated on
1 min read

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെയ്ക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി യുഎൻ രക്ഷാസമിതിക്ക് മുൻപിൽ ജി-7 രാഷ്ട്രങ്ങൾ. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനങ്ങൾ അവഗണിക്കുന്ന വിധം ഉത്തരകൊറിയ പെരുമാറുന്നുവെന്ന് ജി-7 രാഷ്ട്രങ്ങൾ ആരോപിക്കുന്നു. പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കുന്ന നിരന്തരമായ മിസൈല്‍ വിക്ഷേപണത്തില്‍ ഉത്തരകൊറിയക്കെതിരെ നടപടികള്‍ വേണമെന്ന് ജി-7 വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നീ രാജ്യങ്ങളാണ് ആവശ്യവുമായി രംഗത്തെത്തിയത്.

നവംബര്‍ 18ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലി​സ്റ്റിക് മിസൈലായ ഹ്വാസോങ്-17 വിക്ഷേപണം നടത്തിയത്. മോൺസ്റ്റർ മിസൈൽ എന്നറിയപ്പടുന്ന ഹ്വാസോങ്-17 ഉത്തരകൊറിയൻ വജ്രായുധം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരുമാസത്തിനിടെ ഏകദേശം മുപ്പതിലേറെ മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചുവെന്നാണ് കണക്ക്. ഹ്വാസോങ്-17 ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായതാണെന്ന് ഉത്തര കൊറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അവകാശപ്പെട്ടിരുന്നു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മകളെ ആദ്യമായി പുറം ലോകത്തിന് മുന്നിൽ കാണിച്ചതിന്റെ ചടങ്ങുകളുടെ ഭാഗമായായിരുന്നു മിസൈല്‍ പരീക്ഷണം.

മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ മിസൈൽ വിക്ഷേപണങ്ങൾ ഉത്തരകൊറിയ 2022ൽ നടത്തിയെന്നാണ് കണക്കുകള്‍.2006 മുതൽ 2017 വരെ ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.

ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഒരു ഡസനോളം പ്രമേയങ്ങളാണ് 2006 മുതൽ യുഎൻ രക്ഷാസമിതി ക്ക് മുന്നിലെത്തുന്നത്. എന്നാൽ പരീക്ഷണം അവസാനിപ്പിക്കില്ല, ചര്‍ച്ചകള്‍ക്കില്ല എന്ന നിലപാടാണ് ഉത്തര കൊറിയയുടേത്.

എത്ര വലിയ മിസൈൽ പ്രതിരോധങ്ങളെയും തകർക്കുന്ന രീതിയിലാണ് ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ്-17 ഉത്തരകൊറിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2017ന് ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് വിക്ഷേപണം കൂടിയാണിത്. ഹ്വാസോങ്-17 ന്റെ പരീക്ഷണ വിക്ഷേപണം ഈ വര്‍ഷം ഫെബ്രുവരി 26 നും മാര്‍ച്ച് നാലിനും ഉത്തരകൊറിയ നടത്തിയിരുന്നു. എന്നാൽ വിക്ഷേപണം സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പരസ്യമാക്കിയിരുന്നില്ല.

logo
The Fourth
www.thefourthnews.in