യുഎന്‍, യുഎസ് നിര്‍ദേശവും പാലിക്കാതെ ഇസ്രയേല്‍; റാഫ ക്രോസിങ് അടഞ്ഞുതന്നെ, ദുരിതമേറുന്നു
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രണ്ടാഴ്ച പിന്നിടുമ്പോഴും ഗാസയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഇസ്രയേല്‍. ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും നിര്‍ദേശമുണ്ടായിട്ടും വെള്ളിയാഴ്ചയും ഗാസയിലെ അതിര്‍ത്തി ഇസ്രയേല്‍ തുറന്ന് കൊടുക്കാന്‍ തയ്യാറായില്ല. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ നേരിട്ടുള്ള സന്ദര്‍ശനവും ജോ ബൈഡന്റെ മധ്യസ്ഥതയില്‍ അതിര്‍ത്തി തുറക്കാനുള്ള കരാറും മാനിക്കാതെയാണ് ഇസ്രയേലിന്റെ ഈ നീക്കം. ഈ നീക്കം ഗാസയിലെ 2.3 ദശലക്ഷം വരുന്ന ജനസംഖ്യയുടെ ജീവനാണ് അപകടത്തിലാക്കുന്നത്.
അതേസമയം, ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരായ ജൂഡിത്തിനെയും മകളായ നടാലീ റാനനെയും ഇന്നലെ വിട്ടയച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുവരെയും വിട്ടയച്ചത്. ഇസ്രയേല്‍ പൗരത്വവും കൈവശമുള്ള ഇരുവരെയും ഈജിപ്ത് വഴിയാണ് ഇസ്രയേലിലേക്ക് വിട്ടയച്ചത്. അമ്മയും മകളും വീട്ടിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ബന്ദികളാക്കിയവരുടെ മോചനത്തിനായി തന്റെ പരിശ്രമങ്ങള്‍ തുടരുമെന്നും ബൈഡന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈജിപ്ത്-ഗാസ അതിര്‍ത്തിയിലെ റഫ ക്രോസിങ് പരിമിതമായി തുറക്കാമെന്ന ഇസ്രയേലിന്റെ കരാര്‍ തന്റെ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടമായും ബൈഡന്‍ കണക്കാക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ സഹായവിതരണമായ 20 ലോഡ് സാധനങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സംഘര്‍ഷത്തിന് മുമ്പ് എത്തിച്ചിരുന്ന പ്രതിദിന ലോഡുകളുടെ അഞ്ചു ശതമാനത്തില്‍ താഴെ ആയിരുന്നിട്ട് പോലും ഇവ ഗാസയില്‍ എത്തിയിട്ടില്ല. ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പലസ്തീന്‍-അമേരിക്കകാരുടെ മോചനമാണ് ഇസ്രയേൽ സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യമായി ബൈഡന്‍ ചൂണ്ടിക്കാട്ടുന്നത്.
ബോംബാക്രമണത്തില്‍ തകര്‍ന്ന ഈജിപ്തില്‍ നിന്നും ഗാസയിലേക്കുള്ള റോഡ് നവീകരിക്കുന്നതിന് തൊഴിലാളികള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു. എന്നാല്‍ ഈ ഉപരോധത്തിന് ഈജിപ്ത് ഉത്തരവാദികളല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങളും, അവശ്യസാധനങ്ങളുടെ ലഭ്യത നിരസിച്ചിട്ടും അതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിന്റെ ഉത്തരവാദിത്തം ഈജിപ്തിനാണെന്ന വാര്‍ത്തകളെയും മന്ത്രാലയം കുറ്റപ്പെടുത്തി. റാഫ ക്രോസിങ്ങ് തുറന്നിരിക്കുന്നുവെന്നും പലസ്തീനികളുടെ പുറത്ത് കടക്കല്‍ തടസപ്പെടുത്തുന്നത് ഈജിപ്തല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗാസയിലേക്കുള്ള സഹായവിതരണം അനുവദിക്കണമെന്നും സുരക്ഷാ പരിശോധനകള്‍ വേഗത്തിലാക്കണമെന്നും ഗുട്ടറസും ആവശ്യപ്പെട്ടിരുന്നു. ''ഈ ട്രക്കുകള്‍ വെറും ട്രക്കുകളല്ല, മറിച്ച് ഇത് ലൈഫ്‌ലൈനുകളാണ്. ഗാസയിലെ നിരവധി പേരുടെ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഇതാണ്'' എന്നാണ് കഴിഞ്ഞ ദിവസം റാഫ ക്രോസിങ് സന്ദര്‍ശിച്ചുകൊണ്ട് ഗുട്ടെറസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സിസി വിളിച്ചുചേര്‍ത്ത ഒരു സമ്മേളനത്തില്‍ ഗുട്ടെറസ് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ 2005ല്‍ കൈവിട്ടുപോയ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് വ്യക്തമാക്കി. ''ആദ്യം വ്യോമാക്രമണങ്ങളും തന്ത്രങ്ങളും വഴി ഹമാസിനെ വേരോടെ പിഴുതെറിയും. ശേഷിക്കുന്നവരുമായി ചെറിയ തരത്തിലുള്ള സംഘര്‍ഷവും തുടരും. അവസാനം ഗാസ മുനമ്പിലെ ജീവിതത്തിനായി ഇസ്രയേലിന്റെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതാക്കി പുതിയ സുരക്ഷാ ഭരണകൂടം അവതരിപ്പിക്കും''- ഗാല്ലന്റ് പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു. പക്ഷേ ഹമാസിനെ താഴെയിറക്കിയാല്‍ ഗാസയെ ആര് നയിക്കുമെന്നോ പുതിയ ഭരണകൂടമെന്താണെന്നോ ഗാല്ലന്റ് സൂചിപ്പിക്കുന്നില്ല.
അതേസമയം തുരങ്കങ്ങള്‍, യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന ശാലകള്‍, പ്രവര്‍ത്തന ആസ്ഥാനങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ച് കൊണ്ട് ഒറ്റരാത്രിയില്‍ 100 'ഓപ്പറേഷനല്‍ ലക്ഷ്യങ്ങള്‍' ആണ് പൂര്‍ത്തീകരിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. നൂറുക്കണക്കിന് പലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന ഗാസയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളി ആക്രമിക്കപ്പെട്ടതായി ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസും പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകരും അറിയിച്ചു. ആക്രമണത്തില്‍ 18 പലസ്തീന്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
ഗാസയിലെ ആശുപത്രികളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും ഗാസയിലെ ഒരേയൊരു കീമോതെറാപ്പി ആശുപത്രിയിലെ നിലവിലെ അവസ്ഥ കാരണം 9000 കാന്‍സര്‍ രോഗികള്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന സമിതിയും (Coordination of Humanitarian Affairs) അറിയിച്ചു.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം കാരണം ലെബനീസ് അതിര്‍ത്തിക്കടുത്തുള്ള, 20,000 പേര്‍ താമസിക്കുന്ന പട്ടണമായ കിറായത്ത് ഷ്‌മോന ഇസ്രയേല്‍ ഒഴിപ്പിച്ചിട്ടുണ്ട്. 28 അതിര്‍ത്തി പ്രദേശങ്ങളാണ് ഇതിനകം ഇസ്രയേല്‍ ഒഴിപ്പിച്ചത്. ഗാസയ്‌ക്കെതിരെയുള്ള ആക്രമണം രൂക്ഷമായാല്‍ ഇടപെടുമെന്ന് ഹിസ്ബുള്ളയും ഇറാനിയന്‍ പിന്തുണക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. ഗാസയെ കൂടാതെ വെസ്റ്റ് ബാങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തുല്‍ക്രാം പട്ടണത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു.