ഗാസയിലെ മരണസംഖ്യ ഇസ്രയേൽ നടപടികളിലെ തെറ്റുകള്‍ വ്യക്തമാക്കുന്നു: യുഎൻ മേധാവി
ഹമാസിനെതിരെ നടത്തുന്ന യുദ്ധമെന്ന് പറയുമ്പോഴും ഗാസയിലെ മരണസംഖ്യ ഇസ്രയേലിന്റെ നീക്കങ്ങളിലെ തെറ്റുകൾ വ്യക്തമാക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. "ഹമാസ് മനുഷ്യകവചങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് കൃത്യമായ അതിക്രമമാണ്. എന്നാൽ സൈനിക നടപടികളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം നോക്കുമ്പോൾ, വ്യക്തമായ ചില തെറ്റുകൾ നമുക്കതിൽ കാണാം," യുഎൻ മേധാവി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് പറഞ്ഞു.
"പലസ്തീൻ ജനതയുടെ മാനുഷിക ആവശ്യങ്ങളുടേയും ആക്രമണങ്ങളുടേയും ഭീകരമായ ചിത്രം എല്ലാ ദിവസവും കാണുന്നത് ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഇസ്രയേൽ മനസിലാക്കണം, അത് പ്രധാനമാണ്. ആഗോളതലത്തിലും ഇസ്രയേലിനെ ഇത് ഒരു തരത്തിലും സഹായിക്കുന്നില്ല," ഗുട്ടെറസ് വ്യക്തമാക്കി.
ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണവും ലോകമെമ്പാടുമുള്ള സംഘർഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളുമായി ഗുട്ടെറസ് താരതമ്യം ചെയ്തു. "ഓരോ വർഷവും സംഘർഷങ്ങളില്‍ ആകെ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം നൂറുകണക്കിനായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗാസയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു. അതിനർത്ഥം സൈനിക പ്രവർത്തനങ്ങൾ നടത്തുന്ന രീതിയിൽ വ്യക്തമായ തെറ്റുണ്ട് എന്ന് തന്നെയാണ്," അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഏജൻസി, ഗാസയിലെ നിവാസികളുടെ നിർബന്ധിത നാടുകടത്തലിൽ ഇസ്രയേലുമായി ഒത്തുകളി നടത്തുന്നുവെന്ന ഹമാസ് ആരോപണത്തിന് പിന്നാലെയാണ് യുഎൻ മേധാവിയുടെ പരാമർശം.
"ഈ മാനുഷിക ദുരന്തത്തിന്റെ ഉത്തരവാദിത്തം യുഎൻആർഡബ്ല്യുഎയും അതിന്റെ ഉദ്യോഗസ്ഥരും വഹിക്കുന്നു. പ്രത്യേകിച്ച് ഗാസയിലും അതിന്റെ വടക്കു പ്രദേശത്തുമുള്ള നിവാസികൾക്ക് സംഭവിച്ച ദുരന്തം," ഹമാസിന്റെ മീഡിയ ബ്യൂറോ മേധാവി സലാമ മറൂഫ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ ഹമാസ് 1,400 പേരെ കൊല്ലുകയും 240ലധികം പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് പിന്നാലെ ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തിരുന്നു. ഇതുവരെയുള്ള ആക്രമണങ്ങളിൽ 10,569 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിൽ 40 ശതമാനവും കുട്ടികളാണ്.
ഒക്‌ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ താമസിക്കുന്ന 24 ലക്ഷം ജനങ്ങളിൽ 15 ലക്ഷവും പലായനം ചെയ്‌തതായി യുഎൻ നേരത്തെ പറഞ്ഞിരുന്നു. പ്രാദേശിക എൻജിഒകളെ ഉദ്ധരിച്ച് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പ്രാസ്താവന പ്രകാരം ഒക്ടോബർ ഏഴ് മുതൽ 2,200 ലധികം പലസ്തീനികളെ ഇസ്രായേൽ തടവിലാക്കിയിട്ടുണ്ട്.