എങ്ങും ചോരയുടെ ഗന്ധം, ഇഫ്താറിന് പോലും ഭക്ഷണമില്ലാതെ ഗാസ

എങ്ങും ചോരയുടെ ഗന്ധം, ഇഫ്താറിന് പോലും ഭക്ഷണമില്ലാതെ ഗാസ

ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം ആറ് മാസം പിന്നിടുമ്പോഴാണ് ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധ മാസമായി ആചരിക്കുന്ന റമദാന്‍ ആരംഭിക്കുന്നത്
Updated on
2 min read

''എങ്ങും ചോരയുടെ ഗന്ധം മാത്രം, നോമ്പ് തുറക്കാന്‍ പോലും ഭക്ഷണമില്ല''- ഒരു ഗാസ നിവാസി അന്താരാഷ്ട്ര മാധ്യമത്തോട് നടത്തിയ പ്രതികരണമാണിത്. ലോകത്തെ ഇസ്ലാം മത വിശ്വാസികള്‍ റമദാന്‍ വ്രതത്തിന്റെ നാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസ കൊടും പട്ടിണിയിലാണ്. നോമ്പ് തുടങ്ങുന്നതിനായുള്ള അത്താഴത്തിനോ വ്രതം അവസാനിപ്പിക്കുന്നതിനുള്ള ഇഫ്താറിനോ വേണ്ട ഭക്ഷണം ഒരുക്കാന്‍ പോലും കഴിയാത്ത ദുരിതത്തിലാണ് പലസ്തീന്‍ ജനത. ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം ആറ് മാസം പിന്നിടുമ്പോഴാണ് ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധ മാസമായി ആചരിക്കുന്ന റമദാന്‍ ആരംഭിക്കുന്നത്.

ഗാസയില്‍ റംസാന്‍ വ്രതം ആരംഭിച്ച ചൊവ്വാഴ്ച പോലും ഗാസയില്‍ രണ്ടിലധികം കുട്ടികള്‍ പട്ടിണി മൂലം മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുട്ടികളുടെ മരണകാരണമെന്നാണ് നോര്‍ത്ത് ഗാസയിലെ കമാല്‍ അഡ്വാന്‍ ആശുപത്രിയിലെ അധികൃതര്‍ നല്‍കുന്ന പ്രതികരണം. ഗാസയില്‍ ഇതുവരെ 27 കുട്ടികള്‍ ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

എങ്ങും ചോരയുടെ ഗന്ധം, ഇഫ്താറിന് പോലും ഭക്ഷണമില്ലാതെ ഗാസ
കൊടുംപട്ടിണിയില്‍ ഗാസ; പോഷകാഹാരമില്ലാതെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്‌ ദാരുണാന്ത്യം, മരണമാണ്‌ ഭേദമെന്ന് പലസ്തീനികള്‍

ഗാസയിലെ നോമ്പുകാലം

ഗാസയിലെ അതിമനോഹരമായ റമദാന്‍ ദിനങ്ങളുടെ ഓര്‍മകള്‍ അയവിറക്കുകയാണ്‌ ഇന്ന് ഓരോ പലസ്തീനികളും. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസികള്‍ ഈ ദിനങ്ങളില്‍ 'ഇഫ്താര്‍ ജാറുകള്‍' എന്നറിയപ്പെടുന്ന ചെറിയ ഭക്ഷണപൊതികള്‍ തയാറാക്കും. കുട്ടികള്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഈത്തപ്പഴം, നട്‌സ്, ആപ്രിക്കോട്ട് പേസ്റ്റ് എന്നിവയായിരിക്കും ഇതില്‍ പ്രധാനം. അയല്‍ക്കാര്‍ക്ക് കൈമാറാനാണ് ഇത്തരം പൊതികള്‍ ഉണ്ടാക്കുന്നത്. ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും ഇതിനായി വീട് അലങ്കരിക്കുകയും ചെയ്യും. പങ്കുവയ്ക്കലിന്റെ സന്തോഷത്തിന്റെ ദിനങ്ങളാണ് ഇവ.

എന്നാല്‍ ഈ വര്‍ഷം സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും നടുവിലാണ് ഗാസ ജനത. അവരുടെ പതിവുകളെല്ലാം തെറ്റിയിരിക്കുന്നു. അലങ്കാരങ്ങളില്ല, ഭക്ഷണപൊതികളില്ല. അവര്‍ക്കായി ലോകം നല്‍കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അവര്‍. മറ്റൊരു വഴിയും അവര്‍ക്ക് മുന്നിലില്ല.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് എന്ന് മടങ്ങിപ്പോകാനാകുമെന്ന് അറിയില്ല. തിരികെ പോയാലും അവിടെ ഒന്നും ബാക്കിയുണ്ടാകില്ല. പ്രാര്‍ത്ഥിക്കാന്‍ പള്ളികളില്ല, വൈദ്യുതിയില്ല, പാചകം ചെയ്യാന്‍ ഇന്ധനമില്ല. ഭക്ഷണ സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്നു. താല്‍ക്കാലിക അടുപ്പുകള്‍ കൂട്ടിയാണ് പാചകം ചെയ്യുന്നത്. ഒരു ഗാസ നിവാസി ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്.

റമദാന്‍ ആരംഭിക്കുമ്പോള്‍ 'ഗാസയില്‍ വിശപ്പ്' എന്ന ഒരു വികാരം മാത്രമാണ് നിലനില്‍ക്കുന്നത് എന്നാണ് പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരിതാശ്വാസത്തിന് പിന്തുണ നല്‍കുന്ന യുഎന്‍ ഏജന്‍സി യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എങ്ങും ചോരയുടെ ഗന്ധം, ഇഫ്താറിന് പോലും ഭക്ഷണമില്ലാതെ ഗാസ
'ഓരോ നിമിഷവും വിലപ്പെട്ടത്'; പട്ടിണി ഗാസയുടെ ജീവനെടുക്കുന്നു, ദുരിതംപേറി കുട്ടികള്‍

വെടിനില്‍ത്തല്‍ പ്രതീക്ഷകള്‍

റമദാന് മുന്നോടിയായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്താത്തിതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോ കേന്ദ്രീകരിച്ചായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബന്ധികളാക്കപ്പെട്ടവരെ വിട്ടുകിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടാണ് ഇസ്രയേലിന്. ഒരു ജര്‍മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ചൊവ്വാഴ്ചയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായി കണക്കാക്കുന്ന കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദില്‍ റമദാനിലും വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറായില്ല. നൂറുകണക്കിന് പലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം അല്‍-അഖ്സ മസ്ജിദിന് മുന്നില്‍ തടഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റമദാനില്‍ പ്രാര്‍ത്ഥനകള്‍ക്ക് അവസരം നല്‍കിയാല്‍ ഇത് ഇസ്രയേലിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമാകാനുള്ള വേദിയായി മാറുമെന്ന സാഹചര്യം തടയാനാണ് കടുത്ത നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയില്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 13,000 കുട്ടികള്‍ ഉള്‍പ്പെടെ 30,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

logo
The Fourth
www.thefourthnews.in