ചോരക്കറ ഉണങ്ങാത്ത ഗാസ; പുതുവര്‍ഷപ്പിറവിയിലും പ്രതീക്ഷ നഷ്ടപ്പെട്ട പലസ്തീൻ ജനത

ചോരക്കറ ഉണങ്ങാത്ത ഗാസ; പുതുവര്‍ഷപ്പിറവിയിലും പ്രതീക്ഷ നഷ്ടപ്പെട്ട പലസ്തീൻ ജനത

2024 ഇസ്രയേലിലും ഫലസ്തീന്‍ പ്രദേശങ്ങളിലും എങ്ങനെയായിരിക്കുമെന്നത്, നവംബറിലെ അമേരിക്കൻ തിരഞ്ഞെടുപ്പിനെയും ആശ്രയിച്ച് നില്‍ക്കുന്നു
Updated on
3 min read

ലോകമെങ്ങും പുതുവത്സരപ്പിറവി ആഘോഷിക്കുമ്പോഴും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഗാസ നില്‍ക്കുകയാണ്. 2024 പിറക്കുമ്പോഴും ഗാസയ്ക്ക് ആശ്വസിക്കാനുള്ള ഒരു കച്ചിത്തുരുമ്പും മുന്നിലില്ല. ക്രിസ്മസില്ലാത്തത് പോലെ തന്നെ ഗാസയില്‍ പുതുവര്‍ഷവും ഉണ്ടായിരുന്നില്ല. ഈ പുതുവര്‍ഷ പുലരിയിലും മൃതശരീരങ്ങള്‍ക്കിടയില്‍ നിസ്സഹായരായവരുടെയും പലായനം ചെയ്യുന്നവരുടെയും കാഴ്ചയുമാണ് ഗാസയില്‍ കാണാന്‍ സാധിക്കുക. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള 2023ഉം 2024ഉം ഗാസയ്ക്ക് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഒക്‌ടോബര്‍ ഏഴ്

നൂറ്റാണ്ടുകളായുള്ള ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ ഏറ്റവും ഭീകരമായ ഘട്ടമായിരുന്നു ഒക്ടോബര്‍ ഏഴിന് ആരംഭിച്ചത്. ഇസ്രയേലിന്റെ എല്ലാ പ്രതിരോധങ്ങളെയും മറികടന്ന ഹമാസ് നടത്തിയ ആക്രമണമായിരുന്നു ഇത്തവണ തുടക്കം. ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ് എന്ന് ഹമാസ് പേരിട്ട് നൂറുകണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്.

എന്നാല്‍ ഇതിന് പ്രത്യാക്രമണമായി ഇസ്രയേല്‍ നടത്തിയ, യുദ്ധം മനുഷ്യത്വ വിരുദ്ധമായി ഇപ്പോഴും നടന്നുക്കൊണ്ടിരിക്കുന്നു. വ്യോമാക്രമണത്തില്‍ തുടങ്ങിയ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ പിന്നീട് കരയാക്രമണത്തിലേക്ക് കടന്നു. നവജാത ശിശുക്കളെയോ ഗര്‍ഭിണികളെയോ വെറുതെ വിടാതെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും ഇസ്രയേല്‍ നടത്തുന്നത്.

ചോരക്കറ ഉണങ്ങാത്ത ഗാസ; പുതുവര്‍ഷപ്പിറവിയിലും പ്രതീക്ഷ നഷ്ടപ്പെട്ട പലസ്തീൻ ജനത
രാജ്യത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള 2024: എന്താണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് ?

വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങി ഗാസയിലേക്കുള്ള എല്ലാ അവശ്യസേവനങ്ങളും നിര്‍ത്തലാക്കുകയായിരുന്നു ഇസ്രയേല്‍. ഒക്ടോബര്‍ 27ന് വൈദ്യുതി അടക്കം നിരോധിച്ചായിരുന്നു ഇസ്രയേല്‍ കരയുദ്ധം നടത്തിയത്. ഹമാസിനെ ഉന്മൂലനം ചെയ്യലായിരുന്നു ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും വീടുകളും സാധാരണ ജനങ്ങളുമടക്കം നിരവധിപ്പേരുടെ ജീവനാണ് ഇല്ലാതായത്. 41 കിലോമീറ്റര്‍ (25മൈല്‍), നീളവും 10 കിലോമീറ്റര്‍ വീതിയുള്ള ഗാസ എന്‍ക്ലേവില്‍ മാനുഷിക സഹായത്തിലേക്കുള്ള പ്രവേശനം യുദ്ധത്തിന്റെ തുടക്കം മുതല്‍ കര്‍ശനമായി ഇസ്രയേല്‍ നിയന്ത്രിക്കുകയായിരുന്നു. ആക്രമണത്തിന്റെ ആരംഭത്തില്‍ ഇസ്രയേല്‍ സൈന്യം കേന്ദ്രീകരിച്ചിരുന്നത് വടക്കന്‍ ഗാസയായിരുന്നു. പലായനം ചെയ്യേണ്ടവരോട് തെക്കന്‍ ഗാസയിലേക്ക് പ്രവേശിക്കാനായിരുന്നു ഇസ്രയേല്‍ നല്‍കിയ നിര്‍ദേശവും. എന്നാല്‍ പിന്നീട് തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനുസായിരുന്നു പിന്നീട് ഇസ്രയേലിന്റെ ലക്ഷ്യ കേന്ദ്രം.

ചോരക്കറ ഉണങ്ങാത്ത ഗാസ; പുതുവര്‍ഷപ്പിറവിയിലും പ്രതീക്ഷ നഷ്ടപ്പെട്ട പലസ്തീൻ ജനത
വീണ്ടും ആയുധങ്ങള്‍ നല്‍കി അമേരിക്ക; അഭയാര്‍ഥി ക്യാമ്പുകളിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍

ഇസ്രയേല്‍ ഗാസയിലെ ആശുപത്രികളെയും അഭയാര്‍ത്ഥി ക്യാമ്പുകളെയും വെറുതെവിട്ടില്ല. ഗാസയിലെ അല്‍ നുസൈറത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസവും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പിലെ മധ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ്, വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കവേയായിരുന്നു ഇസ്രയേലിന്റെ ഈ കൊടുംക്രൂരത അരങ്ങേറിയത്. നേരത്തെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം ജീവനുകളും നഷ്ടമായി. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപവും രൂക്ഷമായ ആക്രമണം അരങ്ങേറി.

ഗാസയിലെ പ്രധാന ആശുപത്രികളിലൊന്നായ അല്‍അഹ്‌ലി അറബ് ആശുപത്രി, അല്‍ശിഫ, ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി എന്നിവിടങ്ങളിലും സമാനതകളില്ലാത്ത ക്രൂരതയായിരുന്നു അരങ്ങേറിയത്. ഗാസയില്‍ ഏകദേശം 203ഓളം ആശുപത്രികളും 352ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും 3,13000ത്തോളം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ആക്രമിക്കപ്പെട്ടു.

ചോരക്കറ ഉണങ്ങാത്ത ഗാസ; പുതുവര്‍ഷപ്പിറവിയിലും പ്രതീക്ഷ നഷ്ടപ്പെട്ട പലസ്തീൻ ജനത
അല്‍ അഖ്‌സ മുതല്‍ അയോധ്യവരെ; മോദി, ഷെയ്ഖ് ഹസീന, ബൈഡന്‍: ലോകക്രമം മാറ്റാവുന്ന തിരഞ്ഞെടുപ്പുകളുടെ വര്‍ഷം

നിലവില്‍ കുട്ടികളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരുമടക്കം 21,672പേരാണ് ഇസ്രയേലിന്റെ കൂട്ടക്കുരിതിയില്‍ ഇല്ലാതായത്. 56,165 പേര്‍ക്കും പരുക്കുമേറ്റു. ഏകദേശം 19 ലക്ഷം പേര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ഓരോ മണിക്കൂറിലും 15 മരണമെങ്കിലും ഗാസയില്‍ നടക്കുന്നുണ്ട്. അതില്‍ ആറ് പേരെങ്കിലും കുട്ടികളാണെന്നാണ് കണക്ക്.

രോഗത്തിന്റെ കാര്യത്തിലും ഗാസയില്‍ പ്രതിസന്ധികള്‍ ഏറുകയാണ്. ഒക്ടോബർ പകുതി മുതല്‍ ഡിസംബര്‍ പകുതി വരെ നിരവധി പകര്‍ച്ച വ്യാധികളും വര്‍ധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ അഭയസ്ഥലങ്ങളില്‍ 13,364,00 പേര്‍ക്ക് വയറിളക്കവും 55,400 പേര്‍ക്ക് ചൊറിയും 126 പേര്‍ക്ക് മെനിന്‍ജിറ്റിസും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കരാറുകള്‍

ഖത്തറിന്റെ നേതൃത്വത്തില്‍ നവംബര്‍ 24ന് നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവില്‍ വരികയായിരുന്നു. കരാർ രണ്ട് ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഡിസംബര്‍ ഒന്നിന് അവസാനിക്കുകയായിരുന്നു. ഈ ദിവസങ്ങളിലാണ് ഇസ്രയേലും ഹമാസും ബന്ദികളാക്കി വെച്ചവരെ പരസ്പരം വിട്ടയച്ചത്. ഹമാസ് ബന്ദികളാക്കിയ 102 പേരും ഇസ്രയേല്‍ ബന്ദികളാക്കിയ 250ലേറെ പേരെയുമാണ് അന്ന് വിട്ടയച്ചത്. എന്നാല്‍ ഡിസംബര്‍ ഒന്നിന് ശേഷവും ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത്.

ഒക്ടോബര്‍ 27ന് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഉടമ്പടിയില്‍ ഒപ്പുവെക്കാതെ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. 120 പേര്‍ അനുകൂലിക്കുകയും 14 പേര്‍ എതിര്‍ക്കുകയും 45 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്ത ഉടമ്പടി വീണ്ടും ഡിസംബറില്‍ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ചു. എന്നാല്‍ ആ സമയത്ത് ഇന്ത്യയടക്കം 123 രാജ്യങ്ങളും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

2024ലും സമാധാനം പ്രതീക്ഷിക്കാതെ ഗാസ

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിക്കുമെന്ന് കരുതാന്‍ സാധിക്കില്ല. അതിനുള്ള സൂചന തന്നെയാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയത്. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെയും, ഹമാസിനെ ഇല്ലാതാക്കുന്നത് വരെയും യുദ്ധം കുറച്ച് മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് നെതന്യാഹു ജനറല്‍ സ്റ്റാഫ് മേധാവിയുടെ വാക്കുകള്‍ പ്രതിധ്വനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിലൂടെ പറഞ്ഞത്.

യുദ്ധാനന്തര ഗാസയുടെ പദ്ധതിയെന്താണെന്ന് ഇതുവരെ നെതന്യാഹു വ്യക്തമാക്കിയിട്ടുമില്ല. ഒരു പക്ഷേ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുദ്ധം അവസാനിച്ചാലും ഇസ്രയേല്‍ ഗാസയില്‍ സൈനിക അധിനിവേശം നിലനിര്‍ത്തും. കൂടാതെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിരിക്കാന്‍ ഒരു ബഫര്‍ സോണ്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് നെതന്യാഹു സര്‍ക്കാര്‍ നിരവധി അറബ് രാജ്യങ്ങളോട് പറഞ്ഞിട്ടുള്ളത്. ലോകാഭിപ്രായങ്ങള്‍ ഇസ്രയേലിനെതിരെ തിരിയുന്നതും അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ചോരക്കറ ഉണങ്ങാത്ത ഗാസ; പുതുവര്‍ഷപ്പിറവിയിലും പ്രതീക്ഷ നഷ്ടപ്പെട്ട പലസ്തീൻ ജനത
'ഗാസയിലേത് വംശഹത്യ'; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ

എന്നാല്‍ യുദ്ധാനന്തര ഗാസയെ ഹമാസോ, പലസ്തീനിയന്‍ നാഷണല്‍ അതോറിറ്റിയോ നിയന്ത്രക്കുന്നതിനോട് ഇസ്രയേലിന് യോജിപ്പുമില്ല. ഹമാസിനെ ഉന്മൂലനം ചെയ്യലാണ് നിലവിലെ ഇസ്രയേലിന്റ ഇസ്രയേലിൻ്റെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ മുന്‍നിര കമാന്‍ഡര്‍മാരെ ഇല്ലാതാക്കിയാല്‍ മാത്രം വിജയം പ്രാപിച്ചുവെന്ന് ഇസ്രയേലിന് പറയാന്‍ സാധിക്കില്ല. കാരണം നിലവിലെ ഹമാസ് നേതാക്കളില്‍ പലരും നേരത്തെ ഇസ്രയേല്‍ കൊലപ്പെടുത്തിയവരുടെ പിൻഗാമികളാണ്. അതുകൊണ്ട് ഹമാസിനെ ഇല്ലാതാക്കിയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളുവെന്ന് ഇസ്രയേല്‍ വാശിപ്പിടിച്ചാല്‍ യുദ്ധം എന്ന് അവസാനിക്കുമെന്നുള്ള ചോദ്യം ഉയർന്നുനില്‍ക്കും.

യുദ്ധം, വിമാനവാഹിനിക്കപ്പലുകളുടെ സാന്നിധ്യം ഉള്‍പ്പെടെ മേഖലയില്‍ അമേരിക്കന്‍ സൈനിക സേനയുടെ വിന്യാസം ഇസ്രയേല്‍ കൊണ്ടുവന്നിരുന്നു. ഇറാന്‍, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേലിനും സഖ്യശക്തിയായ അമേരിക്കയ്‌ക്കെതിരെ ഹമാസിനും പിന്തുണ നല്‍കിയിട്ടുമുണ്ട്.

2024 ഇസ്രയേലിലും ഫലസ്തീന്‍ പ്രദേശങ്ങളിലും എങ്ങനെയായിരിക്കുമെന്നത്, നവംബറിലെ അമേരിക്കൻ തിരഞ്ഞെടുപ്പിനെയും ആശ്രയിച്ച് നില്‍ക്കുന്നു. ആരായിരിക്കും പ്രസിഡൻ്റ് എന്നതിനെ മുൻനിർത്തിയിരിക്കും ഗാസയുടെ ഇസ്രയേലിൻ്റെയും വിധി.

logo
The Fourth
www.thefourthnews.in