ഗാസയുടെ രാഷ്ട്രീയ ഭാവി, ഇനിയുള്ള സാധ്യതകള്‍
ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ 23 ദിവസം പിന്നിട്ടു കഴിഞ്ഞു. ഇസ്രയേലി വ്യോമസേന ഗാസില്‍ നടത്തിയ സമാനതകളില്ലാത്ത ആക്രമണത്തില്‍ മരണം എണ്ണായിരം പിന്നിട്ടതായാണ് കണക്കുകള്‍. രണ്ട് ദശലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും തുറന്ന ജയില്‍ എന്നറിയപ്പെട്ടിരുന്നതുമായ ഗാസ ഇന്ന് യഥാര്‍ഥത്തില്‍ ഒരു പ്രേതഭൂമിയായി മാറിക്കഴിഞ്ഞു. വ്യോമാക്രമണത്തിന് ശേഷം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേല്‍. ഇതിനായി മൂന്ന് ലക്ഷത്തോളം വരുന്ന സൈനികരെയാണ് ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഗാസയില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്ന ഇസ്രയേല്‍ മുന്നറിയിപ്പും നല്‍കി. ഹമാസിനെ ഇല്ലാതാക്കാനാണ് സൈനിക നീക്കം എന്നാണ് ഇസ്രയേലിന്റെ നിലപാട്. പിന്നാലെ അതിഭീകരമായ ആക്രമണം നേരിടുന്ന ഗാസയുടെ ഭാവി എന്താകും. ചില സാധ്യതകള്‍...
വ്യോമാക്രമണത്തിന് ശേഷം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേല്‍. ഇതിനായി മൂന്ന് ലക്ഷത്തോളം വരുന്ന സൈനികരെയാണ് ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്
സാധ്യത 1- ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇസ്രയേല്‍
സൈനിക നീക്കത്തിന് ഒടുവില്‍ ഗാസയുടെ സമ്പൂര്‍ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുമോ. സംഘര്‍ഷം ബാക്കിയാക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. 2005-ല്‍ ഇസ്രയേല്‍ ഇത്തരത്തില്‍ ഗാസ മുനമ്പിന്റെ നിയന്ത്രണം കയ്യാളിയിട്ടുണ്ട്. വീണ്ടും സമാനനീക്കം ഉണ്ടായായാല്‍ പക്ഷേ സാഹചര്യങ്ങള്‍ അനുകൂലമാകില്ല. ഗാസ പിടിച്ചടക്കുന്നതിലേക്ക് ഇസ്രയേല്‍ നീങ്ങിയാല്‍ മേഖലയിലെ സായുധ സംഘങ്ങളെ കൂടുതല്‍ പ്രകോപിക്കുന്ന അവസ്ഥയാകും.
ഇതിന് പുറമെ, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ച് പിടിച്ചെടുക്കുന്ന പ്രദേശത്തെ ജനങ്ങളെ പരിപാലിക്കേണ്ടത് കടന്നുകയറുന്നവരുടെ ഉത്തരവാദിത്തം ആണ്. ഗാസ പിടിച്ചെടുത്താല്‍ ഗാസയിലെ രണ്ട് ദശലക്ഷം വരുന്ന ജനങ്ങളും ഇസ്രയേലിന്റെ പരിധിയില്‍ വരും. ഇവരുടെ പരിപാലനം ഇസ്രയേലിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
ഗാസ പിടിച്ചെടുക്കുന്ന നിലയിലേക്കുള്ള നീക്കം യുഎസ് അടക്കമുള്ള ഇസ്രയേലിന്റെ സഖ്യ രാജ്യങ്ങളും അംഗീകരിക്കാന്‍ ഇടയില്ല. കൂടാതെ അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രയേലിന്റെ ശക്തിപ്പെട്ടുവരുന്ന നയതന്ത്ര ബന്ധങ്ങളെയും നീക്കം പ്രതികൂലമായി ബാധിക്കും. ഇതിനെല്ലാം അപ്പുറം, ഗാസയെന്ന തുറന്ന ജയിലിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരികയും ഇതുവരെ ഉണ്ടായിരുന്നതിന് അപ്പുറത്തേക്ക് പ്രശ്‌നങ്ങള്‍ വളരുന്ന സാഹചര്യമായിരിക്കും ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സാധ്യത 2- പലസ്തീന്‍ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുക
ഓസ്ലോ കരാറിനെ തുടര്‍ന്ന് 1994 ല്‍ നിലവില്‍ വന്ന പലസ്തീന്‍ നാഷണല്‍ അതോറിറ്റിയാണ് പലസ്തീനില്‍ ഭരണം നിയന്ത്രിക്കുന്നത്. ഗാസാ മുനമ്പും വെസ്റ്റ് ബാങ്കിന്റെ കുറേ ഭാഗങ്ങളുമാണ് അറബിയില്‍ അസ്സുല്‍ത്താ അല്‍-വതനിയ്യാ അല്‍-ഫിലിസ്തിനിയ്യ എന്നറിയപ്പെടുന്ന അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്നത്. പരിമിതമായ അധികാരം മാത്രമുള്ള താത്കാലിക സംവിധാനമാണ് പലസ്തീന്‍ അതോറിറ്റി. ഈ സംവിധാനത്തെ ഗാസയിലെ ഭരണം ഏല്‍പ്പിക്കുക എന്നതാണ് ഇസ്രയേലിന് മുന്നിലുള്ള രണ്ടാമത്തെ മാര്‍ഗം.
എന്നാല്‍, മോശം നേതൃഗുണവും, അഴിമതി ആരോപണങ്ങളും നേരിട്ടിട്ടുള്ള ഈ സംവിധാനത്തിനെതിരെ നേരത്തെ തന്നെ ജനങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഫത്താ പാര്‍ട്ടിയാണ് പലസ്തീന്‍ അതോറിറ്റിക്ക് പലപ്പോഴും നേതൃത്വം നല്‍കിയിരുന്നത്. 2005ലായിരുന്നു പലസ്തീനില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്നുമുതല്‍ മഹമ്മൂദ് അബ്ബാസായിരുന്നു പലസ്തീന്‍ അതോറിറ്റിയുടെ ചുമതല.
എന്നാല്‍, പലസ്തീനികള്‍ക്കും പാശ്ചാത്യ രാജ്യങ്ങളുടെയും വെറുപ്പ് ഒരു പോലെ സമ്പാദിക്കാന്‍ മാത്രമാണ് മഹമ്മൂദ് അബ്ബാസിന് കഴിഞ്ഞത്. ജൂത വിരുദ്ധ പ്രസ്താവനകളുടെയും ഹമാസുമായുള്ള ബന്ധവും മഹമ്മൂദ് അബ്ബാസിനെ ഇസ്രയേലിന് എതിരാക്കി. ഇസ്രായേലിനോടുള്ള മൃദു നിലപാടിന്റെ പേരില്‍ പലസ്തീനികളും മഹമ്മൂദ് അബ്ബാസ് വിരുദ്ധപക്ഷത്ത് എത്തി. ഹമാസിനെതിരായ ഇസ്രായേല്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുത്താല്‍ അത് യുദ്ധത്തിന്റെ ലാഭവിഹിതം പറ്റലായി വിലയിരുത്തപ്പെടും.
സാധ്യത 3- പലസ്തീന്‍ സിവിലിയന്‍ ഭരണകൂടം
നിലവിലുള്ള സാഹചര്യങ്ങളില്‍ എറ്റവും സ്വീകാര്യവും എന്നാല്‍ നടപ്പിലാക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളതുമായ സാധ്യതയാണ് പലസ്തീന്‍ സിവിലിയന്‍ ഭരണകൂടം എന്ന ആശയം. പലസ്തീനിലെ വിവിധങ്ങളായ സമൂഹങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഭരണ സംവിധാനം. അതിനെ പലസ്തീന്‍ നാഷണല്‍ അതോറിറ്റിയുമായി ബന്ധപെടുത്തുന്നത് കൂടുല്‍ ഗുണം ചെയ്യും. ഇത്തരം ഒരു ഭരണ സംവിധാനത്തിന് ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, യുഎസ് രാജ്യങ്ങളുടെ പിന്തുണയും ലഭിച്ചേയ്ക്കും. പുതിയ ആശയമെങ്കിലും നടപ്പാക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നത് തന്നെയാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഒരു സംഘര്‍ഷ പ്രദേശത്ത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പരാജയത്തിന് ശേഷം ആ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയും
സാധ്യത 4- യുഎന്‍ നയിക്കുന്ന ഭരണ സംവിധാനം
ഒരു സംഘര്‍ഷ പ്രദേശത്ത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പരാജയത്തിന് ശേഷം ആ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയും. ബാള്‍ട്ടിക് പ്രദേശമായ കൊസാവോസ, കിഴക്കന്‍ ടിമോര്‍ എന്നിവ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഗാസയില്‍ ഈ മാര്‍ഗം എത്രത്തോളം പ്രായോഗികമാകും എന്നത് ഏറെ പ്രസക്തമാണ്. ആഗോള തലത്തില്‍ ഒരു വികാരമായി മാറിയിട്ടുള്ള ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ ഇത്തരം ഒരു നീക്കം ഐക്യരാഷ്ട്ര സഭയെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരിക്കും എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വാദം. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലിനുള്ള സാഹചര്യത്തിന് വഴിവയ്ക്കും എന്നായിരിക്കും ഈ മാര്‍ഗം കേള്‍ക്കാനിടയുള്ള പ്രധാന വിമര്‍ശനം. ഇത്തരമൊരു വിഷയത്തില്‍ യുഎന്‍ അംഗീകാരം ലഭിക്കുന്നതും ബുദ്ധിമുട്ടായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാധ്യത 5 - അറബ് രാഷ്ട്രങ്ങള്‍ നിയന്ത്രിക്കുന്ന ഭരണ സംവിധാനം
പലസ്തീന്‍ അതോറിറ്റിയും മറ്റ് അറബ് രാഷ്ട്രങ്ങളും കൈകോര്‍ക്കുന്ന ഒരു ഭരണ സംവിധാനമാണ് മറ്റൊരു സാധ്യത. ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നാല്‍ അറബ് രാഷ്ട്രങ്ങള്‍ക്കും മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ക്കും ഗാസയില്‍ മുന്‍തൂക്കം ലഭിക്കും. എന്നാല്‍ ഈജിപ്ത്, സൗദി അറേബ്യ, യുഎഇ രാഷ്ട്രങ്ങള്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ പലസ്തീന്‍ ശാഖയായാണ് ഹമാസിനെ കാണുന്നത്. ഇത് വീണ്ടും ഭിന്നതകള്‍ക്ക് വഴിയൊരുക്കും.