ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം, ആക്രമണം തുടർച്ചയായ രണ്ടാംദിനം
പലസ്തീനിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ രണ്ടാം ദിനവും ഇസ്രയേൽ വ്യോമാക്രമണം. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രണ്ടാം ദിനം ആക്രമണം നടക്കുന്നത്. ആക്രമണത്തിന് പിന്നാലെ തകർന്നടിഞ്ഞ ക്യാമ്പിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. ആക്രമണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നാണ് ജബലിയ. വടക്കൻ ഗാസയിലാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. നേരത്തെ പല തവണ ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണങ്ങൾ അഴിച്ച് വിട്ടിട്ടുണ്ടെങ്കിലും, അതിൽ ഏറ്റവും വലുതും രക്തരൂഷിതവുമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അൻപതോളം പേർ കൊല്ലപ്പെട്ട ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.
ആക്രമണങ്ങൾക്ക് പിന്നാലെ നിരവധി ലോക രാജ്യങ്ങളും ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മരിച്ചവരിൽ 19 പേർ അൽജസീറയിലെ മാധ്യമപ്രവർത്തകന്റെ ബന്ധുക്കളാണ്. ആക്രമണത്തിൽ 120 പേർ മരിച്ചതായി ഗാസയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാമ്പിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ക്യാമ്പിന് മുകളിൽ ആറോളം ബോംബുകൾ ഇസ്രയേൽ വർഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇസ്രായേൽ ഉപരോധം മൂലം ഗാസ മുനമ്പിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ അൽ-ഷിഫ ഹോസ്പിറ്റൽ, ആശുപത്രിയിലെ വൈദ്യുതി ജനറേറ്റർ മണിക്കൂറുകൾക്കുള്ളിൽ നിലക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസം തികയാതെ പ്രസവിച്ച 42 കുഞ്ഞുങ്ങൾ ഓക്‌സിജൻ യന്ത്രങ്ങളെ ആശ്രയിച്ചാണ് ശ്വസിക്കുന്നത്. ജനറേറ്ററുകളിൽ ഇന്ധനം തീർന്നാൽ ഓക്‌സിജൻ ഉപകരണങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടും.
57 കിഡ്‌നി ഡയാലിസിസ് മെഷീനുകളും ഓക്‌സിജൻ ഉൽപ്പാദന യന്ത്രങ്ങളും നിലക്കും. സ്ഥിതി നിയന്ത്രണാതീതമാണെന്നും വൈദ്യുതി നിലച്ചാൽ രോഗികൾ മരണപ്പെടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ലോകത്തോട് സഹായം അഭ്യർത്ഥിക്കുന്നു എന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ട് തുർക്കിയും ഇറാനും പ്രാദേശിക സമ്മേളനം വിളിച്ചിട്ടുണ്ട്. ഗാസയിലെ മനുഷ്യ ദുരന്തം മേഖലയെ ബാധിക്കുന്ന ഒരു യുദ്ധമായി മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. ഗാസയിൽ നടക്കുന്ന ക്രൂരതകൾ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രെയ്ന് ചുറ്റും അണി നിരന്ന അന്താരാഷ്ട്ര സമൂഹം ഗാസയിൽ മൗനം പാലിക്കുന്നു. യുക്രെയ്നും ഗാസക്കും രണ്ട് മാനദണ്ഡവും രണ്ട് നീതിയുമാണെന്നും അദ്ദേഹം ആരോപിച്ചു.