അയയാതെ പ്രതിഷേധക്കാർ; 'ഫോറിൻ ഏജന്റ്' ബിൽ പിൻവലിച്ച് ജോർജിയ

അയയാതെ പ്രതിഷേധക്കാർ; 'ഫോറിൻ ഏജന്റ്' ബിൽ പിൻവലിച്ച് ജോർജിയ

ബിൽ ജോർജിയയിലെ മനുഷ്യാവകാശങ്ങൾക്ക് വെല്ലുവിളിയാണെന്നും എതിർ ശബ്ദങ്ങളെ പാർശ്വവത്കരിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം
Updated on
1 min read

രണ്ട് ദിവസം നീണ്ട കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ വിവാദ 'ഫോറിൻ ഏജന്റ്' ബിൽ പിൻവലിച്ച് ജോർജിയൻ സർക്കാർ. പൗര സമൂഹത്തിനും മാധ്യമ സ്വാതന്ത്രത്തിനും വിലങ്ങുതടിയാകുമെന്ന് വിമർശനമുയർന്ന ബിൽ പിൻവലിക്കുന്നതായി ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി വ്യാഴാഴ്ച അറിയിച്ചു. സമൂഹത്തിലുണ്ടാകുന്ന കാലുഷ്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ബിൽ പിൻവലിക്കുന്നതെന്നാണ് പ്രഖ്യാപനം. അതേസമയം, ഈ പിന്മാറ്റം ജോർജിയൻ പൗരന്മാരുടെ വിജയമാണെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് പ്രതികരിച്ചു.

നിക്ഷേപത്തിന്റെ 20 ശതമാനത്തിലധികം വിദേശത്തുനിന്ന് സ്വീകരിക്കുന്ന രാജ്യത്തെ എൻജിഒകളും മാധ്യമസ്ഥാപനങ്ങളും സർക്കാരിതര ഗ്രൂപ്പുകളും 'വിദേശ ഏജന്റ്' ആയി സ്വയം രേഖപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബിൽ. അല്ലാത്തപക്ഷം 8 ലക്ഷം രൂപ പിഴയും ( 9,600 യുഎസ് ഡോളർ), അഞ്ച് വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് ജോർജിയൻ പാർലമെന്റ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച കരട് ബില്ലിലെ പ്രധാന നിർദേശങ്ങൾ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരട് ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയത്. പിന്നാലെ പതിനായിരക്കണക്കിന് ജനങ്ങളാണ് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി എത്തിയത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനിടെ ചിലർ പെട്രോൾ ബോംബുകളും കല്ലുകളും വരെ പൊലീസിന് നേരെ വലിച്ചെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ്, കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിനിടെ 77 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2012ൽ റഷ്യ പാസാക്കിയ ബില്ലിന് സമാനമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് ഇതിന് പിന്നിലെന്ന ആക്ഷേപങ്ങളും പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു

ബിൽ ജോർജിയയിലെ മനുഷ്യാവകാശങ്ങൾക്ക് വെല്ലുവിളിയാണെന്നും രാജ്യത്ത് ഉയരുന്ന എതിർ ശബ്ദങ്ങളെ പാർശ്വവത്കരിക്കാനും അപകീർത്തിപ്പെടുത്താനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജോർജിയൻ പ്രസിഡന്റ് സലോമെ സൂഗബിഷ് വിലി അടക്കമുള്ളവർ ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. 2012ൽ റഷ്യ പാസാക്കിയ ബില്ലിന് സമാനമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് ഇതിന് പിന്നിലെന്ന ആക്ഷേപങ്ങളും പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു.

അയയാതെ പ്രതിഷേധക്കാർ; 'ഫോറിൻ ഏജന്റ്' ബിൽ പിൻവലിച്ച് ജോർജിയ
'റഷ്യൻ നിയമം വേണ്ട'; ജോര്‍ജിയയില്‍ 'ഫോറിന്‍ ഏജന്റ്' നിയമത്തിനെതിരെ പ്രതിഷേധം

ഭരണകക്ഷി തയ്യാറാക്കിയ ഈ നിയമം ജോർജിയൻ ഭരണഘടനയ്ക്ക് നേരിട്ട് തുരങ്കം വയ്ക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാവും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ 48 മണിക്കൂറുകളായി രാജ്യം സാക്ഷ്യം വഹിക്കുന്ന ജനരോഷത്തിന്റെ ഫലമാണ് സർക്കാരിന്റെ പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയൻ അധികൃതരും ബില്ലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പുതിയ ബിൽ യൂറോപ്യൻ യൂണിയന്റെ ഭാഗമാകാനുള്ള ജോർജിയയുടെ നീക്കത്തിന് തടസ്സമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ നിയമനിർമാണം പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ജോർജിയയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം വ്യാഴാഴ്ച അറിയിച്ചു.

logo
The Fourth
www.thefourthnews.in