യുക്രെയ്ന് യുദ്ധ ടാങ്കുകൾ കൈമാറാൻ യുഎസും ജർമനിയും തയ്യാറെന്ന് റിപ്പോർട്ട്; ബോധപൂർവം പ്രകോപനമുണ്ടാക്കുന്നുവെന്ന് റഷ്യ
റഷ്യയെ പ്രതിരോധിക്കുന്നതിന് നിർണായകമായ യുദ്ധ ടാങ്കുകൾ യുക്രെയ്ന് കൈമാറാൻ അമേരിക്കയും ജർമനിയും തയാറെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ മൂന്നാം തലമുറ യുദ്ധ ടാങ്കായ എം1 അബ്രാംസ്, ജർമനിയുടെ പക്കലുള്ള ലെപ്പേർഡ് 2 എന്നീ യുദ്ധ ടാങ്കുകളാണ് യുക്രെയ്ന് കൈമാറുക. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. റഷ്യയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ പുതിയ ആക്രമണ തന്ത്രങ്ങൾ മെനയുന്ന യുക്രെയ്നെ സംബന്ധിച്ചിടത്തോളം മേൽക്കൈ നൽകുന്നതാണ് പുതിയ തീരുമാനം. അതേസമയം, നാറ്റോ ശക്തികളുടെ നടപടി പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു.
അമേരിക്ക കഴിഞ്ഞാൽ യുക്രെയ്നെ റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഏറ്റവും കൂടുതൽ സഹായിച്ച രാജ്യങ്ങളിലൊന്നാണ് ജർമനി. എന്നാല്‍ മറ്റ് ആയുധങ്ങൾ കൈമാറിയപ്പോഴും ആധുനിക യുദ്ധ ടാങ്കായ ലെപ്പേർഡ് 2 നൽകാൻ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വിമുഖത പ്രകടിപ്പിച്ചിരുന്നു. അമേരിക്ക അവരുടെ എം1 അബ്രാംസ് വിട്ടുനൽകിയാൽ ജർമനിയും തയ്യാറാകാമെന്നായിരുന്നു ഷോൽസിന്റെ പക്ഷം. എന്നാൽ പോളണ്ട് ഉൾപ്പെടെയുള്ള മറ്റ് നാറ്റോ സഖ്യകക്ഷികൾ ജർമനിക്ക് മേൽ നിരന്തര സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി കൂടിയാണ് ഒലാഫ് ഷോൽസിന്റെ നിലവിലെ നിലപാട് മാറ്റം. കൂടാതെ ഏകദേശം 30 ടാങ്കുകൾ അമേരിക്ക വരും മാസങ്ങളിൽ വിതരണം ചെയ്യുമെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയെ തോൽപ്പിക്കാനുള്ള അമേരിക്കയുടെ ബോധപൂർവമുള്ള ശ്രമമാണെന്ന് റഷ്യൻ അംബാസഡർ ബുധനാഴ്ച പ്രതികരിച്ചു. നൂതന ആയുധങ്ങൾ യുക്രെയ്ന് നൽകുന്നത് യുദ്ധത്തിന്റെ കാഠിന്യം വർധിപ്പിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് പുതിയ നടപടി. യുക്രെയ്‌നുമായി മാത്രമല്ല പടിഞ്ഞാറൻ രാജ്യങ്ങളോടും കൂടിയാണ് റഷ്യ പോരാടുന്നത് എന്നാണ് നിലവിലെ റഷ്യയുടെ വാദം. ഇതുകൂടി മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഒലാഫ് ഷോൾസ് യുദ്ധ ടാങ്ക് കൈമാറ്റത്തിൽ പിന്നോട്ട് നിന്നത്. ഒരു 'ആഗോള ദുരന്തത്തിലേക്ക്' പുതിയ നീക്കങ്ങൾ നയിക്കുമെന്നും ചില റഷ്യൻ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുണ്ട്.
14 ലെപ്പേർഡ് 2 എ6 ടാങ്കുകൾ ജർമനി, യുക്രെയ്ന് നൽകുമെന്നാണ് അഭ്യൂഹം. സ്കാൻഡിനേവിയയിലെ മറ്റ് സഖ്യകക്ഷികളുമായി ചേർന്ന് തങ്ങളുടെ യുദ്ധ ടാങ്കുകൾ യുക്രെയ്ന് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ യു എസിന്റെയും ജർമനിയുടെയും ഭാഗത്ത് നിന്ന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നിരുന്നാലും പതിനൊന്ന് മാസം പിന്നിടുന്ന റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്നതിൽ ഒരു ഗെയിം ചെയ്ഞ്ചാറാകും എന്ന് യുക്രെയ്ന് അധികൃതരും പറഞ്ഞു. ടാങ്കുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും രാജ്യത്തെ മോചിപ്പിക്കാൻ യുദ്ധടാങ്കുകൾ അത്യാവശ്യമാണെന്നും അവർ പറഞ്ഞു.