'ഗാസയില്‍ വംശഹത്യക്ക് സഹായിച്ചു'; ജര്‍മനിക്ക് എതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ്
ഗാസയില്‍ വംശഹത്യ നടത്താന്‍ സഹായിച്ചു എന്ന ജര്‍മനിക്ക് എതിരായ നികരാഗ്വെയുടെ ഹര്‍ജി പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇസ്രയേലിന് ജര്‍മനി ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര കോടതിയില്‍ നികരാഗ്വെ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച ജര്‍മനി, കോടതിയില്‍ മറുവാദം നടത്തും. ഇസ്രയേലിന് ആയുധം നല്‍കുന്നതിനൊപ്പം, ഐക്യരാഷ്ട്ര സഭയുടെ മാനുഷിക സഹായ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് ജര്‍മനി നിര്‍ത്തിവച്ചിരുന്നു. അതേസമയം, ഇസ്രയേല്‍ സൈന്യം പിന്‍മാറിയ ഗാസയിലെ നഗരമായ ഖാന്‍ യൂനൂസിലേക്ക് പലസ്തീന്‍ ജനത തിരിച്ചു വന്നുതുടങ്ങി.
2022-നെ അപേക്ഷിച്ച് 2023-ല്‍ ഇസ്രയേലിന് ജര്‍മനി നല്‍കിയ ആയുധങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി നിക്വരാഗോ
2023-ല്‍ ഇസ്രയേല്‍ സൈനികോപകരണങ്ങള്‍ വാങ്ങിയതില്‍ 30 ശതമാനവും ജര്‍മനിയില്‍ നിന്നാണ്. നേരത്തെ, ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ വംശഹത്യ ഒഴിവാക്കാനുള്ള നടപടികള്‍ എല്ലാ വഴികളും സ്വീകരിക്കണമെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. എല്ലാ ബന്ദികളേയും വിട്ടയക്കണമെന്ന് ഹമാസിനോടും ഇടക്കാല ഉത്തരവില്‍ ഐസിജെ ആവശ്യപ്പെട്ടിരുന്നു. 2022-നെ അപേക്ഷിച്ച് 2023-ല്‍ ഇസ്രയേലിന് ജര്‍മനി നല്‍കിയ ആയുധങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി നികരാഗ്വെ ചൂണ്ടിക്കാണിച്ചു.
പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് (യുഎന്‍ആര്‍ഡബ്ല്യു)ന് ഫണ്ട് നല്‍കുന്നതാണ് ജര്‍മനി നിര്‍ത്തിവച്ചത്. പതിനാല് പാശ്ചത്യ രാജ്യങ്ങളും ഈ സംഘടനയ്ക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിയിരുന്നു. ഈ സംഘടയിലെ ചില ജീവനക്കാര്‍ക്ക് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ സഹായം നല്‍കുന്നത് നിര്‍ത്തിയത്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിലെ അപകടത്തെപ്പറ്റി ജര്‍മനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും അതിനാല്‍ വംശഹത്യക്ക് മനപ്പൂര്‍വം കൂട്ടുനില്‍ക്കുകയാണ് എന്നും നിക്വരാഗോയുടെ അഭിഭാഷകന്‍ വാദിച്ചു.
ഖാന്‍ യൂനൂസിലേക്ക് തിരിച്ചെത്തി പലസ്തീന്‍ ജനത
ഖാന്‍ യൂനൂസില്‍ നിന്ന് ഇസ്രയേല്‍ സേന അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ഖാന്‍ യൂനുസിലേക്ക് പലസ്തീന്‍ ജനത തിരിച്ചുവന്നുതുടങ്ങി. നാലുമാസം നീണ്ടുനിന്ന അധിനവേശത്തിന് ശേഷമാണ് ഇവിടെ നിന്ന് ഇസ്രയേല്‍ സേന പിന്മാറിയത്. എന്നാല്‍, ഖാന്‍ യൂനൂസ് വാസയോഗ്യമല്ല.
യുദ്ധം ആരംഭിച്ച് ആറുമാസമായ ദിനമായിരുന്ന ഞായറാഴ്ചയാണ് ഇസ്രയേല്‍ കരസേനയുടെ 98-ാം ഡിവിഷന്‍ തെക്കന്‍ ഗാസയില്‍ നിന്ന് പിന്‍മാറിയത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമല്ല ഇതെന്നാണ് വിലയിരുത്തല്‍. റഫയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ്, ഖാന്‍ യൂനിസില്‍ നിന്ന് ഇസ്രയേലിന്റെ പിന്‍മാറ്റമെന്നും വിലയിരത്തലുണ്ട്. റഫയില്‍ മാത്രമാണ് ഹമാസിന്റെ ശക്തികേന്ദ്രം ബാക്കിയുള്ളത് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. നിലവില്‍ ഗാസയില്‍ നിന്ന് പലായനം ചെയ്ത ഭൂരിഭാഗം പേരും തമ്പടിച്ചിരിക്കുന്നത് റഫയിലാണ്. ഈവഴിയാണ് ഗാസയിലേക്കുള്ള മാനുഷിക സഹായവും എത്തുന്നത്. വംശഹത്യ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അടക്കം ആവശ്യം മുന്നിലുള്ളപ്പോള്‍, റഫയില്‍ സമ്പൂര്‍ണ ആക്രമണത്തിന് ഇസ്രയേല്‍ തയാറാകുമോ എന്നതും പ്രസക്തമാണ്.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടി ഖാന്‍ യൂനിസിലെത്തിയ ഗാസ നിവാസികള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ വീടുകള്‍ ബാക്കിയുണ്ടോ എന്നറിയനാണ് പലരും എത്തിയത്. റഫയിലെ ടെന്റുകളിലെ താമസത്തേക്കാള്‍ തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ കഴിയുന്നതാണ് നല്ലതെന്ന് ചിലര്‍ കണക്കുകൂട്ടുന്നു.