രാജ്യത്തെ ആണവമുക്തമാക്കുക ലക്ഷ്യം; അവസാന ആണവനിലയങ്ങളും പൂട്ടി ജർമനി
ഭാവിയിലേക്കുള്ള മുൻകരുതലിന്റെ ഭാഗമായി അവസാന മൂന്ന് ആണവോർജ നിലയങ്ങളും പൂട്ടി ജർമനി. ആണവോർജത്തിന്റെ അപകടസാധ്യതകൾ ഭീഷണിയാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ആണവനിലയങ്ങൾ പൂട്ടാനുള്ള ജർമനിയുടെ തീരുമാനം.
ഫോസിൽ ഇന്ധനങ്ങളിൽനിന്ന് പുനരുപയോഗ ഇന്ധന സ്രോതസുകളിലേക്ക് മടങ്ങാനും ഊർജാവശ്യങ്ങൾക്ക് ആണവനിലയങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, പതിറ്റാണ്ടുകളായി പ്രവർത്തനം തുടർന്നിരുന്ന ആറ് ആണവനിലയങ്ങളിൽ മൂന്നെണ്ണം കഴിഞ്ഞ വർഷം ആദ്യം പൂട്ടി. മറ്റുള്ളവയുടെ പ്രവർത്തനാനുമതി ഒരു വർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ആണവ മാലിന്യങ്ങൾ ഒഴിവാക്കാനും രാജ്യത്തെ സുരക്ഷിതമാക്കാനും ആണവനിലയങ്ങൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകെ മാർച്ചിൽ പറഞ്ഞിരുന്നു.
ആണവനിലയങ്ങൾ പൂട്ടുന്നതിനെച്ചൊല്ലി രാജ്യത്ത് പലപ്പോഴും തർക്കങ്ങളും ചർച്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, 2045-ഓടെ കാലാവസ്ഥാ സൗഹൃദ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുമെന്ന് ജര്‍മന്‍ ഭരണകൂടം ഉറപ്പിച്ചു പറയുകയായിരുന്നു. 2022-ഓടെ ആണവനിലയങ്ങള്‍ പൂട്ടുക, 2030 ഓടെ കല്‍ക്കരി നിലയങ്ങള്‍ അവസാനിപ്പിക്കുക എന്നീ തീരുമാനങ്ങള്‍ ഈ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും പുനരുപയോഗ ഊര്‍ജസ്രോതസുകളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിപ്പിച്ചും വൈദ്യുതി ഗ്രിഡ് വ്യാപനത്തിലടെയും പുതിയ പ്രതിസന്ധി മറികടക്കാനാവുമെന്നുമാണ് സർക്കാരിന്റെ ഭാഗം.
2002ല്‍ ജെറാര്‍ഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സര്‍ക്കാരാണ് ആണവനിലയങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്
1961 ജൂൺ 17നാണ് ബവേറിയയിലെ ആണവനിലയത്തിൽനിന്ന് വൈദ്യുതി വിതരണം ആരംഭിക്കുന്നത്. അന്നുമുതൽ നടത്തിയ ചൂടേറിയ ചർച്ചകൾക്കുശേഷം, 2002ല്‍ ജെറാര്‍ഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സര്‍ക്കാറാണ് ആണവനിലയങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 2011ൽ, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ആഞ്ചലാ മെര്‍ക്കല്‍, 2022-ഓടെ ആണവനിലയങ്ങള്‍ പൂട്ടാനുള്ള തീരുമാനമെടുത്തു.
2011ല്‍ ജപ്പാനിലുണ്ടായ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആണവനിലയങ്ങളുടെ പ്രവര്‍ത്തനം തുടരാനുള്ള തന്റെ തന്നെ മുന്‍തീരുമാനം മെര്‍ക്കല്‍ തിരുത്തിയത്. അതനുസരിച്ച്, അവസാനത്തെ ആണവ നിലയങ്ങൾ 2022 അവസാനത്തോടെ അടയ്ക്കേണ്ടതായിരുന്നു. എന്നാൽ, യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം, ജർമനിയിലേക്കുള്ള റഷ്യൻ വാതക വിതരണം നിലയ്ക്കാൻ കാരണമാകുകയും ഇത് കടുത്ത ഊർജക്ഷാമത്തിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ടാവുകയും ചെയ്തു. ഇതോടെ, പവർ സ്റ്റേഷനുകളുടെ പ്രവർത്തന കാലയളവ് 2023 ഏപ്രിൽ 15 വരെ നീട്ടാൻ ചാൻസലർ ഒലാഫ് ഷോൾസ് തീരുമാനിക്കുകയായിരുന്നു.
1986 ൽ സോവിയറ്റ് യൂണിയനിലെ ചെർണോബിൽ ആണവനിലയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയ ബ്രോക്‌ഡോർഫ് ആണവനിലയവും പൂട്ടിയവയിൽ പെടുന്നു. ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയും കമ്പനികള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്‍കിയുമാണ് പ്ലാന്റുകള്‍ പൂട്ടിയത്.
മറ്റു നിരവധി രാജ്യങ്ങളും ആണവനിലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍, യൂറോപ്പില്‍ തന്നെയുള്ള മറ്റു ചില രാജ്യങ്ങള്‍ ആണവോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള തീരുമാനങ്ങളാണ് എടുക്കുന്നത്. ഫ്രാന്‍സ് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുന്നത് യൂറോപ്പിലെ രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനും കാരണമായിട്ടുണ്ട്.