ഉടമയെ തേടി നായ സഞ്ചരിച്ചത് 27 ദിവസം: ഭക്ഷണവും താമസവുമില്ലാതെ ഓടിയത് 64 കിലോമീറ്ററുകൾ
ആദിമകാലം മുതൽ മനുഷ്യന്റെ ചങ്ങാതിമാരാണ് നായകൾ. നായകളോളം മനുഷ്യനെ അതിതീവ്രമായി സ്നേഹിക്കുന്ന മറ്റൊരു ജീവിയുണ്ടോ എന്ന് സംശയമാണ്. യജമാനൻ മറ്റൊരാൾക്ക് വിറ്റിട്ടും 27 ദിവസങ്ങളോളം സഞ്ചരിച്ച് സ്വന്തം യജമാനനെ തേടി വന്ന ഒരു നായയുടെ ഹൃദയസ്പർശിയായ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത് കൊണ്ടിരിക്കുന്നത്. ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള കൂപ്പർ എന്ന നായയാണ് ഈ കഥയിലെ താരം. ചില സാഹചര്യങ്ങൾക്കൊണ്ട് കൂപ്പറിനെ അവന്റെ ഉടമകൾക്ക് വിൽക്കേണ്ടി വന്നു. നോർത്തേൺ അയർലഡിലുള്ള പുതിയ ഉടമകളുടെ വീട്ടിൽ കൂപ്പർ എത്തിയെങ്കിലും കാറിന്റെ ഡോർ തുറന്ന ഉടൻ തന്നെ തന്റെ സ്വന്തം വീട് ലക്ഷ്യമാക്കി കൂപ്പർ ഓടി.
വയലുകളിലും, കെട്ടിടങ്ങളുടെ പരിസര പ്രദേശങ്ങളിലുമൊക്കെ കൂപ്പറിനെ കണ്ടതായി വളർത്തു മൃഗങ്ങളെ കണ്ടെത്തുന്ന സംഘടനയായ ലോസ്റ്റ് പാവ്‌സ് എൻ ഐയ്ക്ക് പലരും പറഞ്ഞ് വിവരം ലഭിച്ചിരുന്നു. കാട്ടുവഴികളിലൂടെയും, പ്രധാന റോഡുകളിലൂടെയും, വീട്ടിലേയ്ക്കുള്ള വഴിയെയും, രാത്രിയിൽ ആരും കൂടെയില്ലാതെ ഒറ്റയ്ക്ക് ഓടുന്ന നായയെ കണ്ടവരുണ്ട്. പക്ഷെ സ്വന്തം വീട് എളുപ്പത്തിൽ ഓടിയെത്തുന്ന ദൂരത്താണെന്ന് അവൻ അറിഞ്ഞിരുന്നില്ല. മാർഗ്മല്ല ലക്ഷ്യമാണ് പ്രധാനമെന്ന് പറയുന്നത് പോലെ, എത്ര ദൂരത്തായാലും തന്റെ ഉടമകളുടെ അടുത്തെത്തണമെന്ന ചിന്ത മാത്രമേ കൂപ്പറിന് അപ്പോൾ ഉണ്ടായിരുന്നുള്ളു. നീണ്ട 27 ദിവസങ്ങൾ 64 കിലോമീറ്ററുകൾ അവൻ നിർത്താതെ ഓടി. ഒടുവിൽ ലണ്ടൻഡെറി കൗണ്ടിയിലെ ടോബർമോറിലുള്ള സ്വന്തം വീട്ടിൽ എത്തിച്ചേർന്നു.
'കൂപ്പർ ഒരു മിടുക്കനായ നായയാണ്. ഭക്ഷണമില്ലാതിരുന്നിട്ടും, ആരുടേയും സഹായമില്ലാഞ്ഞിട്ടും ലക്ഷ്യത്തിലെത്താനായി അവൻ ഇത്രയും ദിവസങ്ങൾ പരിശ്രമിച്ചു. അവനു വേണ്ടി രാവും പകലും ഞങ്ങൾ തിരച്ചിൽ നടത്തി. പലയിടത്തും അവനെ കണ്ടതായി ആളുകൾ വിവരം നൽകിയിരുന്നു. പക്ഷെ അപ്പോഴേയ്ക്കും അവൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നു', ലോസ്റ്റ് പാവ്‌സ് എൻ ഐയുടെ വക്താവ് പറഞ്ഞു. സുരക്ഷിതനായി ഇരിക്കുന്ന കൂപ്പർ പഴയ ആരോഗ്യത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണെന്ന് ഉടമ വ്യക്തമാക്കി.