ഗുണനിലവാരമില്ല; 18 മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രം

ഗുണനിലവാരമില്ല; 18 മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രം

വ്യാജമോ ഗുണനിലവാരമില്ലാത്തതോ ആയ കമ്പനികള്‍ക്കെതിരെയാണ് നടപടി. മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
Updated on
1 min read

ഗുണനിലവാരമില്ലാത്ത മരുന്ന് വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്തെ 18 മരുന്ന് നിർമാണകമ്പനികളുടെ ലൈസൻസ് റദ്ദാക്കി. വ്യാജമോ ഗുണനിലവാരമില്ലാത്തതോ ആയ കമ്പനികള്‍ക്കെതിരെയാണ് നടപടി. മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

വ്യാജ മരുന്നുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ചതിന് പിന്നാലെ ശ്വാസകോശ അനുബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചതിനെ തുടർന്നാണ് വിഷയം ലോകശ്രദ്ധ നേടിയത്.

ഗുണനിലവാരമില്ല; 18 മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രം
ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചു

ഉസ്‌ബെകിസ്ഥാന്‍ സര്‍ക്കാര്‍ തന്നെയായിരുന്നു ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ മരിയോണ്‍ ബയോടെകിനെതിരെയായിരുന്നു പരാതി. സ്ഥാപനം നിര്‍മിച്ച ഡോക് -1 മാസ്ക് എന്ന കഫ് സിറപ്പ് അമിത അളവില്‍ കഴിച്ച 21 കുട്ടികളില്‍ 18 പേര്‍ മരിച്ചതായാണ് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഗാംബിയ മറ്റൊരു ഇന്ത്യന്‍ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്കകമായിരുന്നു സമാനമായ പരാതി ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് ഉണ്ടായത്. മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗുണനിലവാരമില്ല; 18 മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രം
ഗാംബിയയില്‍ ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് മരിച്ചത് 66 കുട്ടികള്‍; അന്വേഷണം പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യന്‍ നിര്‍മിത കഫ്സിറപ്പ് കഴിച്ച് 70 ഓളം കുട്ടികളാണ് ഗാംബിയയില്‍ മരിച്ചത്. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മയില്‍ നിര്‍മിച്ച കഫ്സിറപ്പാണ് അന്ന് വില്ലനായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന മെയ്ഡെന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കഫ്‌സിറപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹരിയാന സര്‍ക്കാരും നിര്‍ദേശം നല്‍കിയിരുന്നു. കഫ്‌സിറപ്പിന്റെ ഉപയോഗവും മരണനിരക്കും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29-ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in