'സാമ്പത്തിക കുറ്റകൃത്യങ്ങളെ കൂട്ടുപിടിച്ച് മാധ്യമങ്ങളെ നിശബ്ദമാക്കുന്ന ഭരണകൂടങ്ങൾ'; ന്യൂസ്‌ക്ലിക്ക് ഉള്‍പ്പെടെ ഉദാഹരിച്ച് റിപ്പോർട്ട്
മാധ്യമങ്ങളെ നിശബ്ദമാക്കാനും ആക്രമിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തെറ്റായ ആരോപണങ്ങള്‍ സർക്കാരുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി വേള്‍ഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിഷേഴ്‌സ് (ഡബ്ല്യുഎഎൻ-ഐഎഫ്ആർഎ) റിപ്പോർട്ട്. അസർബൈജാൻ, എല്‍ സാല്‍വദോർ, ജോർജിയ, ഗ്വാട്ടിമാല, ഹോങ്കോങ്, ഇന്ത്യ, ടാൻസാനിയ, ഫിലപ്പീൻസ് എന്നീ രാജ്യങ്ങളില്‍ നടന്ന സംഭവങ്ങളെ പഠനവിധേയമാക്കിയാണ് സംഘടന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സ്വതന്ത്ര മാധ്യമസ്ഥാപനമായ 'ന്യൂസ്‌ക്ലിക്കി'നെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ എട്ട് വ്യത്യസ്ത കേസുകളാണ് റിപ്പോർട്ടില്‍ പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഭീകരപ്രവർത്തനത്തിനായി ധനസഹായം, നിയമവിരുദ്ധമായി വിദേശധനസഹായം സ്വീകരിക്കുന്നു തുടങ്ങിയവയാണ് മധ്യമങ്ങള്‍ക്കെതിരെ സർക്കാരുകള്‍ ഉപയോഗിക്കുന്ന പ്രധാന ആരോപണങ്ങളും കുറ്റകൃത്യങ്ങളും. മാധ്യമസ്ഥാപനങ്ങള്‍ പുറത്തുവിടുന്ന ഉള്ളടക്കങ്ങളെ ആസ്‌പദമാക്കിയല്ലാത്തതുകൊണ്ടുതന്നെ സാമ്പത്തിക കുറ്റകൃത്യ ആരോപണങ്ങള്‍ മാധ്യമങ്ങളെ നിശബ്ദരാക്കുന്നതില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നെന്നും റിപ്പോർട്ട് പറയുന്നു.
സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളേയും വ്യക്തികളേയും ലക്ഷ്യംവെച്ചുകൊണ്ടുള്ള സർക്കാരുകളുടേയും മറ്റുള്ളവരുടേയും നീക്കങ്ങള്‍ ഭയപ്പെടുത്തുന്ന ഒരു തലത്തിലേക്ക് എത്തിയതായും സംഘടന വ്യക്തമാക്കുന്നു. ഇതിലൂടെ രണ്ട് തരം തന്ത്രമാണ് ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നതെന്നും സംഘടന നിരീക്ഷിക്കുന്നു. ഒന്ന്, മാധ്യമസ്ഥാപനത്തിന്റെയോ അല്ലെങ്കില്‍ വ്യക്തിയുടേയോ സാമ്പത്തിക ശേഷിയെ ആക്രമിക്കുക. രണ്ട്, അവരുടെ പ്രശസ്തി ഇല്ലാതാക്കുക.
ദൈനംദിന പ്രവർത്തനങ്ങളില്‍ നിയമപരമായ വെല്ലുവിളികള്‍ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. സംഘടന സമീപിച്ച മാധ്യമസ്ഥാപനങ്ങളും വ്യക്തികളുടേയും കണക്കെടുത്താല്‍ ഇതില്‍ 44 ശതമാനം പേരും നിയമപരമായ പ്രതിസന്ധികള്‍ നേരിടുന്നവരാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രസാധകരേയും മാധ്യമപ്രവർത്തകരേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിടുമ്പോള്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നത് മേഖലയെയാകെ മരവിപ്പിക്കുന്നതിന് കാരണമാകുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. നീണ്ട വിചാരണ, ജയില്‍ശിക്ഷ, പിഴ, സാമ്പത്തിക നഷ്ടം, അടച്ചുപൂട്ടല്‍ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഇത്തരം ആരോപണങ്ങള്‍ നേരിടുന്ന സ്വതന്ത്രമാധ്യമങ്ങള്‍ക്കുണ്ടാകുന്നത്.
വിചാരണക്കാലയളവുകളില്‍ മാധ്യമപ്രവർത്തകരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ഇത്തരം ആരോപണങ്ങളെ നിയമപരമായി ചെറുക്കണമെങ്കിലും അതിജീവിക്കണമെങ്കിലും വലിയ ചെലവ് ആവശ്യമാണെന്നും സംഘടന കൂട്ടിച്ചേർത്തു.