അനിതാ പോയിന്റ‍ർ
അനിതാ പോയിന്റ‍ർ

​ഗ്രാമി പുരസ്കാര ജേതാവ് ​ഗായിക അനീറ്റാ പോയിന്റ‍ർ വിടവാങ്ങി

യുഎസിലെ വംശീയ വെറിക്കെതിരെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ആഹ്വാനം ചെയ്യുന്ന സം​ഗീതമായിരുന്നു പോയിന്റർ സിസ്റ്റേ‌ഴ്സ് ലോകത്തിന് സമ്മാനിച്ചത്
Updated on
2 min read

​ഗ്രാമി പുരസ്കാര ജേതാവ് ​ഗായിക അനിറ്റാ പോയിന്റ‍ർ അന്തരിച്ചു. കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ വസതിയിൽ ക്യാൻസർ ​ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസ്സായിരുന്നു. യുഎസിലെ വംശീയ വെറിക്കെതിരെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ആഹ്വാനം ചെയ്യുന്ന സം​ഗീതമായിരുന്നു പോയിന്റർ സിസ്റ്റേ‌ഴ്സ് എന്ന പേരില്‍ അനീറ്റയും സഹോദരിമാരും ലോകത്തിന് സമ്മാനിച്ചത്. കറുത്ത ജനത നേരിട്ടിരുന്ന പ്രശ്നങ്ങളെ സം​ഗീതത്തിലൂടെ അടയാളപ്പെടുത്താനായിരുന്നു അവരുടെ ശ്രമം.

1969ലാണ് സഹോദരിമാരായ ബോണി, ജൂൺ എന്നിവരുമായി ചേർന്ന് അനീറ്റ ദ പോസിന്റർ സിസ്റ്റേഴ്സ് രൂപീകരിച്ചത്. 1970-കളുടെ അവസാനത്തിലും 80-കളുടെ ആദ്യവുമാണ് ഗ്രാമി ജേതാക്കളായ പോയിന്റർ സഹോദരിമാർ ലോകശ്രദ്ധ പിടിച്ച് പറ്റുന്നത്. പോപ്പ്, കൺട്രി, ആർ&ബി ഹിറ്റുകളിൽ 1978ലെ ഫയർ, 1980ലെ ഹി ഈസ് സോ ഷൈ, 1981ലെ സ്ലോ ഹാൻഡ്, 1983ലെ ന്യൂട്രോൺ ഡാൻസ്, ഐ ആം സോ എക്സൈറ്റഡ്, ഓട്ടോമാറ്റിക്, ജമ്പ് എന്നിവ അവരുടെ വലിയ ഹിറ്റുകളിൽ ഉൾപ്പെടുന്നു.

ദ പോസിന്റർ സിസ്റ്റേഴ്സ്
ദ പോസിന്റർ സിസ്റ്റേഴ്സ്

1975ൽ ഹിറ്റ് ഗാനമായ ഫെയറിടെയിൽ മികച്ച കൺട്രി വോക്കൽ പ്രകടനത്തിനുള്ള ഗ്രാമി അവാർഡ് നേടിയിരുന്നു. 1983ൽ ബ്രേക്ക് ഔട്ട് എന്ന ആല്‍ബം മൾട്ടി-പ്ലാറ്റിനം പദവിയിലെത്തുകയും രണ്ട് ഗ്രാമി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു. 1987ൽ അവർ തന്റെ ആദ്യ സോളോ ആൽബമായ ലവ് ഫോർ വാട്ട് ഇറ്റ് ഈസ് പുറത്തിറക്കി. 2015ൽ അനാരോ​ഗ്യത്തെ തുടർന്നാണ് ദി പോയിന്റർ സിസ്റ്റേഴ്‌സിൽ നിന്ന് അവർ വിരമിച്ചത്

കാലിഫോർണിയയിലെ ഓക്ക്‌ലൻഡിലാണ് അനീറ്റ ജനിച്ചത്. സാറാ എലിസബത്തിന്റെയും റെവറന്റ് എൽട്ടൺ പോയിന്ററിന്റെയും ആറ് മക്കളിൽ നാലാമത്തെ മകളായിരുന്നു അനീറ്റ. പ്രാസംഗികനായ പിതാവിന്റെ പള്ളിയിൽ പാട്ടുപാടിയാണ് പോയിന്റർ സഹോദരിമാർ കലാരം​ഗത്ത് സജീവമാകുന്നത്.

എന്നാൽ, 1979-ൽ ബോണി പോയിന്റർ ഒരു സോളോ കരിയർ പിന്തുടരാൻ പോയ ശേഷം ദ പോയിന്റർ സിസ്റ്റേഴ്സ് പിരിച്ചു വിടുന്ന ഘട്ടത്തിലെത്തിയിരുന്നു. പക്ഷേ ബോണി പോയതിന് ശേഷം റൂത്തും ജൂണും അനീറ്റയും ഒന്നിച്ച് ആധുനിക പോപ്പ് ശബ്ദത്തിനായി മുന്നോട്ട് വന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 1980കളുടെ തുടക്കത്തിൽ കണ്ടത്. ഹീ ഇസ് സോ ഷൈ, ജമ്പ് (ഫോർ മൈ ലവ്), ന്യൂട്രോൺ ഡാൻസ് എന്നിവയായിരുന്നു ഈ കാലത്തെ ഇവരുടെ പ്രധാന ഹിറ്റുകൾ.

2020 ഫെബ്രുവരിയിൽ, അനീറ്റ തന്റെ സഹോദരൻ ഫ്രിറ്റ്സ് പോയിന്ററുമായി ചേർന്ന് എഴുതിയ "ഫെയറിടെയിൽ: ദി പോയിന്റർ സിസ്റ്റേഴ്‌സ് ഫാമിലി സ്റ്റോറി" എന്ന പുസ്തകത്തിലൂടെയാണ് അവരുടെ ജീവിതം ലോകജനത കൂടുതൽ വായിച്ചത്. 1960കളുടെ അവസാനത്തിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പൗരാവകാശ, ബ്ലാക്ക് പവർ പ്രസ്ഥാനത്തിന്റെ മുന്നേറ്റവും, കരിയറിൽ ഉടനീളം അവർ നേരിട്ട ബുദ്ധിമുട്ടുകളും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കൂടാതെ, പോയിന്റർ കുടുംബത്തിന്റെ ഉത്ഭവവും ചരിത്രവും പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അനീറ്റയുടെ മകൾ ജാഡ 2003-ലും സഹോദരി ജൂൺ 2006-ലും കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഏക മകൾ ജാഡ പോയിന്റർ ക്യാൻസർ ബാധിച്ച് മരിച്ചത് അവരെ വളരെയധികം തളർത്തി. പിന്നെയുളള ജീവിതം ചെറുമകൾ റോക്സി മക്കെയ്ൻ പോയിന്റർക്കൊപ്പമായിരുന്നു.

logo
The Fourth
www.thefourthnews.in