ഇസ്രയേലി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം; ഗാസ വിഷയത്തില്‍ പ്രതിഷേധിച്ച ഗ്രേറ്റ തുന്‍ബര്‍ഗ് അറസ്റ്റില്‍
ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കെതിരായ പ്രതിഷേധത്തില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അറസ്റ്റില്‍. കോപന്‍ഹേഗനില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. യൂണിവേഴ്‌സിറ്റി ഓഫ് കോപന്‍ഹേഗനില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇരുപതോളം വരുന്ന പ്രതിഷേധക്കാര്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപന്‍ഹേഗന്റെ കവാടം ഉപരോധിക്കുകയും മൂന്ന് പേര്‍ അതിക്രമിച്ച് കടക്കുകയും ചെയ്‌തെന്നും പോലിസ് പറയുന്നു. എന്നാല്‍ സംഭവത്തിന്റെ പേരില്‍ അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥി സംഘടനയുടെ വക്താവാണ് അറസ്റ്റിലായവരില്‍ ഗ്രേറ്റ തുന്‍ബര്‍ഗും ഉള്‍പ്പെട്ടതായി അറിയിച്ചത്.
ഗാസ ആക്രമണത്തിന് എതിരായി പ്രതിഷേധം സംഘടിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഗ്രേറ്റയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഗാസ് പ്രതിരോധത്തിന്റെ പ്രതീകമായ കഫിയ എന്ന ഷോള്‍ ധരിച്ചു നില്‍ക്കുന്നതായിരുന്നു ഗ്രേറ്റയുടേതായി പുറത്തുവന്ന ചിത്രം.
ഇന്‍സ്റ്റഗ്രാമില്‍ ഗ്രേറ്റ പങ്കുവച്ച പോസ്റ്റിലും വിദ്യാര്‍ഥി പ്രതിഷേധത്തെ അടയാളപ്പെടുന്നുണ്ട്. ഇസ്രയേലി അക്കാദമിക സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ദ യൂണിവേഴ്‌സിറ്റി ഓഫ് കോപന്‍ഹേഗൻ മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, മാധ്യമങ്ങള്‍ തങ്ങളുടെ പ്രതിഷേധമല്ല ഗ്രേറ്റയുടെ അറസ്റ്റിന് മാത്രമാണ് പ്രാധാന്യം നല്‍കിയത് എന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ചൂണ്ടിക്കാട്ടി.