മനുഷ്യക്കടത്ത് സംശയം: ഫ്രാന്‍സ് തടഞ്ഞുവച്ച വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചു

മനുഷ്യക്കടത്ത് സംശയം: ഫ്രാന്‍സ് തടഞ്ഞുവച്ച വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചു

303 ഇന്ത്യക്കാരടക്കമുള്ള യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് യാത്ര തിരിച്ച വിമാനമാണ് കഴിഞ്ഞ ദിവസം ഫ്രാൻസ് പിടിച്ചെടുത്തത്
Updated on
1 min read

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിമാനം വിട്ടയച്ചു. ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തുള്ള വാട്രി എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന വിമാനം ഇന്ന് രാത്രിയോടെയാണ് വിട്ടയച്ചത്. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ച വിമാനം പുലര്‍ച്ചെയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

303 ഇന്ത്യക്കാരടക്കമുള്ള യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് യാത്ര തിരിച്ച വിമാനമാണ് കഴിഞ്ഞ ദിവസം ഫ്രാൻസ് പിടിച്ചെടുത്തത്. മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വിമാനം താഴെയിറക്കുകയും യാത്രക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പിടിച്ചെടുത്ത് നാല് ദിവസത്തിനുശേഷമാണ് വിമാനം ഫ്രാൻസ് വിട്ടയയ്ക്കുന്നത്.

വിമാനത്താവളത്തില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്.

മനുഷ്യക്കടത്തിന്റെ സൂത്രധാരരാണെന്ന് സംശയിച്ച് രണ്ട് പേരെ ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യാത്രക്കാരിൽ പലരും ഫ്രാൻസിൽ അഭയം അഭ്യർഥിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 11 യാത്രക്കാർ രക്ഷിതാക്കൾ കൂടെയില്ലാത്ത പ്രായപൂർത്തിയാകാത്തവരാണെന്നും അധികൃതർ വ്യക്തമാക്കി.

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽവച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in