അടിമക്കച്ചവടം: ക്ഷമാപണം നടത്തി ഗാർഡിയൻ

അടിമക്കച്ചവടം: ക്ഷമാപണം നടത്തി ഗാർഡിയൻ

വിവിധ പദ്ധതികളിലായി 90 കോടിയോളം രൂപയാണ് ഗാർഡിയന്റെ മാതൃസ്ഥാപനമായ സ്കോട്ട് ട്രസ്റ്റ്, നീതി പുനഃസ്ഥാപന പദ്ധതികൾക്കായി നിക്ഷേപിക്കുക
Updated on
1 min read

രണ്ട് നൂറ്റാണ്ട് മുൻപ് വരെ വ്യാപകമായിരുന്ന അടിമക്കച്ചവടത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ക്ഷമാപണം നടത്തി പ്രശസ്ത മാധ്യമസ്ഥാപനമായ ഗാർഡിയൻ. ഏറ്റുപറച്ചിലിന് പുറമെ ട്രാൻസ്അറ്റ്ലാന്റിക് അടിമത്തത്തിൽ പ്രായശ്ചിത്തം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഒരു ദശാബ്ദം നീണ്ടു നിൽക്കുന്ന വിവിധയിനം പുനഃസ്ഥാപന(Restorative) പദ്ധതികളും ഗാർഡിയൻ പ്രഖ്യാപിച്ചു. 16-19 നൂറ്റാണ്ടുകളിൽ ആഫ്രിക്കൻ വംശജരെ അടിമകളാക്കി അവരെ അമേരിക്കൻ നാടുകളിലേക്ക് വിറ്റിരുന്ന സമ്പ്രദമായാണ് ട്രാൻസ്അറ്റ്ലാന്റിക് അടിമത്തം എന്നറിയപ്പെടുന്നത്.

വിവിധ പദ്ധതികളിലായി 90 കോടിയോളം രൂപയാണ് ഗാർഡിയന്റെ മാതൃസ്ഥാപനമായ സ്കോട്ട് ട്രസ്റ്റ്, നീതി പുനഃസ്ഥാപന പദ്ധതികൾക്കായി നിക്ഷേപിക്കുക. ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര അക്കാദമിക ഗവേഷണ സംഘമാണ് ഗാർഡിയന്റെ സ്ഥാപകനായ ജോൺ എഡ്വേർഡ് ടെയ്‌ലർ ഉൾപ്പെടയുള്ളവർക്ക് അടിമക്കച്ചവടവുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ തെളിവുകൾ കണ്ടെത്തിയത്. ടെയ്‌ലർക്കും ധനസഹായം നൽകിയ മറ്റ് മാഞ്ചസ്റ്റർ വ്യാപാരികൾക്കും അടിമക്കച്ചവടവുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ 2020-ലാണ് സംഘം നിയോഗിക്കപ്പെട്ടത്.

പരുത്തി വ്യാപാരവുമായി ബന്ധപ്പെട്ടാണ് ടെയ്‌ലർ ഉൾപ്പെടെയുള്ളവർക്ക് അടിമക്കച്ചവടവുമായി ബന്ധമുള്ളത്. അമേരിക്കയിൽ അടിമകളാക്കപ്പെട്ട ആളുകൾ ഉത്പാദിപ്പിച്ചിരുന്ന പരുത്തികളാണ് ടെയ്‌ലറിന്റെ സ്ഥാപനം പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

പരുത്തി വ്യാപാരത്തിൽ ജോൺ എഡ്വേർഡ് ടെയ്‌ലറും അദ്ദേഹത്തിന്റെ പിന്തുണക്കാരും വഹിച്ച പങ്കിനെക്കുറിച്ച് സ്കോട്ട് ട്രസ്റ്റ് ഖേദം പ്രകടിപ്പിക്കുന്നു. ഈ വസ്‌തുതകളിൽ ക്ഷമാപണം നടത്തുകയും വിവരങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്നത് അടിമത്തത്തിലേക്കുള്ള ഗാർഡിയന്റെ ചരിത്രപരമായ ബന്ധങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ആദ്യപടി മാത്രമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു," സ്കോട്ട് ട്രസ്റ്റിന്റെ മേധാവി ഓലെ ജേക്കബ് സുന്ദേ പറഞ്ഞു.

ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകളോടുള്ള പ്രതികരണമായി, അടുത്ത ദശകത്തിൽ നടപ്പാക്കുന്ന നീതിന്യായ പരിപാടിക്ക് ധനസഹായം നൽകാൻ സ്കോട്ട് ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും ജേക്കബ് സുന്ദേ പറഞ്ഞു. യു‌എസ്, ജമൈക്ക, യുകെ എന്നിവിടങ്ങളിലും മറ്റിടങ്ങളിലുമുള്ള പ്രാദേശിക, ദേശീയ സമൂഹങ്ങളുമായി കൂടിയാലോചിച്ചാകും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1821ലാണ് ഗാർഡിയൻ സ്ഥാപിക്കപ്പെട്ടത്. പരുത്തി വ്യാപാരി കൂടിയായ ടെയ്‌ലറിന് അടിമക്കച്ചവടവുമായി വിവിധ തരത്തിൽ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തി. 19-ാം നൂറ്റാണ്ടിൽ ഗാർഡിയൻ സ്ഥാപകർ അടിമക്കച്ചവടത്തിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട് ദുരിതബാധിതരായ സമൂഹങ്ങൾക്കായി മാറ്റിവയ്ക്കുന്ന പണം സമർപ്പിക്കുമെന്ന് സ്കോട്ട് ട്രസ്റ്റ് പ്രഖ്യാപിച്ചു. പരുത്തി വ്യവസായത്തെ സഹായിക്കാനും അതുവഴി അടിമകളായ ആളുകളുടെ ചൂഷണത്തിലേക്കും നയിച്ച ഗാർഡിയന്റെ ആദ്യകാല എഡിറ്റോറിയലുകൾക്കും ട്രസ്റ്റ് ക്ഷമാപണം നടത്തി.

യുകെ, യുഎസ്, കരീബിയൻ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കറുത്തവർഗക്കാരുടെ സമൂഹങ്ങളിലേക്ക് റിപ്പോർട്ടിങ് വ്യാപിപ്പിക്കുമെന്നും ഗാർഡിയൻ പറഞ്ഞു. കറുത്ത വർഗക്കാരായ മാധ്യമപ്രവർത്തകർക്കായി സ്കോട്ട് ട്രസ്റ്റ് പുതിയ ആഗോള ഫെലോഷിപ്പ് പ്രോഗ്രാമിന് ധനസഹായം നൽകുകയും ഗാർഡിയൻ ഫൗണ്ടേഷന്റെ പരിശീലന പദ്ധതി വിപുലീകരിക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in