നാല് ദിവസം തുടര്‍ച്ചയായി വിശ്രമമില്ലാതെ പാചകം; ഗിന്നസ് വേള്‍ഡ് റെക്കോഡിട്ട് നൈജീരിയന്‍ ഷെഫ്
ഏറ്റവും കൂടുതൽ നേരം തുടർച്ചയായി പാചകം ചെയ്തതിന്റെ ഗിന്നസ് ലോക റെക്കോർഡ് ഇനി നൈജീരിയക്കാരിയായ ഹിൽഡാ ബാസിക്ക് സ്വന്തം. ഇരുപത്തിയാറുകാരിയായ ഹിൽഡ 93 മണിക്കൂറും 11 മിനിറ്റും വിശ്രമമില്ലാതെ പാചകം ചെയ്താണ് റെക്കോർഡിട്ടത്. മെയ് 11 മുതൽ 15 വരെ തുടര്‍ച്ചയായി നാല് ദിവസമാണ് ഹില്‍ഡ പാചകം ചെയ്തത്. 2019ൽ ഇന്ത്യക്കാരനായ ഷെഫ് സ്ഥാപിച്ച 87 മണിക്കൂറും 45 മിനിറ്റും എന്ന റെക്കോര്‍ഡാണ് ഹില്‍ഡ തകര്‍ത്തത്.
നൈജീരിയന്‍ വിഭവങ്ങള്‍ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്താൻ സഹായിക്കുന്നതാണ് വിജയമെന്ന് ഹിൽഡ പറഞ്ഞു. നൈജീരിയൻ വിഭവങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കണമെന്നതാണ് ആഗ്രഹം. ഏതൊരു അമേരിക്കക്കാരന്റെ വീട്ടിലും എഗുസി സൂപ്പ് (പടിഞ്ഞാറൻ ആഫ്രിക്കയിൽ ജനപ്രിയമായ ഭക്ഷണം) ഉണ്ടാകുകയെന്നത് സാധാരണ കാര്യമായിരിക്കണം. ലോകത്തിന്റെ ഏതുകോണിലുള്ള സൂപ്പർ മാർക്കറ്റിലും നൈജീരിയൻ ചേരുവകൾ കണ്ടെത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറണമെന്നും റെക്കോർഡ് ലഭിച്ച ശേഷം ഹിൽഡ പറഞ്ഞു.
ഉയര്‍ന്ന പണപ്പെരുപ്പവും ഇന്ധനക്ഷാമവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് നൈജീരിയയിലെ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഈ സമയത്തുള്ള ഹില്‍ഡയുടെ റെക്കോര്‍ഡ് നേട്ടം നൈജീരിയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നതാണെന്ന പ്രത്യേകതയുമുണ്ട്. റെക്കോർഡ് കരസ്ഥമാക്കാനുള്ള പ്രയത്നത്തിനിടെ പ്രോത്സാഹനം നൽകുന്നതിനായി രാജ്യത്തിന്റെ വൈസ് പ്രസിഡന്‍റ്, നൈജീരിയന്‍ ആഫ്രോബീറ്റ്‌സ് സംഗീത താരം ടിവ സാവേജ്, ലാഗോസ് ഗവര്‍ണര്‍ ഉൾപ്പെടെയുള്ള നിരവധി പേർ ഹില്‍ഡയെ സന്ദര്‍ശിച്ചിരുന്നു.
മുന്‍പ് ടെലിവിഷന്‍ കുക്കിങ് ഷോ അവതാരകയായിരുന്ന ഹില്‍ഡയുടെ ആദ്യ വിജയമല്ലിത്. നൈജീരിയയെ പ്രതിനിധീകരിച്ച് പ്രാദേശിക പാചക മത്സരത്തിലും വിജയിയായിരുന്നു ഹില്‍ഡ.
' സമര്‍പ്പിച്ച എല്ലാ വിവരങ്ങളും പരിശോധിച്ച് ഹില്‍ഡയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിക്കുകയാണ്. ഹില്‍ഡ ബാസി ഇപ്പോള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യക്തിഗത പാചക മാരത്തണ്‍ എന്ന റെക്കോര്‍ഡ് ഔദ്യോഗികമായി തകര്‍ത്തിരിക്കുകയാണ്,'' ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞു. 2019ല്‍ ഒരു ഇന്ത്യന്‍ ഷെഫ് കരസ്ഥമാക്കിയ 87 മണിക്കൂറും 45 മിനിറ്റും എന്ന റെക്കോര്‍ഡാണ് ഹില്‍ഡ തകര്‍ത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.