'തിങ്കളാഴ്ച നല്ല ദിവസം' ഇനി പഴങ്കഥ; ഏറ്റവും മോശം ദിവസത്തിനുള്ള റെക്കോർഡ് തിങ്കളാഴ്ചയ്ക്ക്
ഏറ്റവും മോശം ദിവസം ഏതാണ്?
പലർക്കും അത് പല ദിവസമാകുമെങ്കിലും വാരാന്ത്യ അവധി കഴിഞ്ഞുവരുന്ന ദിവസമെന്ന നിലയില്‍ പൊതുവേ തിങ്കളാഴ്ചയോട് ആർക്കും അത്ര മതിപ്പില്ല. ഇപ്പോഴിതാ, അത് ശരി വച്ചിരിക്കുകയാണ് ഗിന്നസ് ബുക്ക്. ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് തിങ്കളാഴ്ച. അവധിക്ക് ശേഷം എത്തുന്ന ആഴ്ചയിലെ ആദ്യ ദിവസമായതിനാല്‍ തന്നെ തിങ്കളാഴ്ച ആളുകള്‍ക്ക് മടി കൂടുതലാണെന്നും അതുകൊണ്ട് തന്നെ വളരെ ബോറിങ് ദിവസമായാണ് ആ ദിവസത്തെ കണക്കാക്കുന്നതെന്നുമാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ വിശദീകരണം.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപിച്ചുള്ള ട്വീറ്റിന് താഴെ രസകരമായ പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്. ഈ കാരണത്താല്‍ താന്‍ തിങ്കളാഴ്ചയാണ് അവധി എടുക്കാറെന്ന ജിമ്മി എന്ന ചെറുപ്പക്കാരന്‍റെ ട്വീറ്റ്‌ന്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് 'സ്മാര്‍ട്ട്' എന്ന മറുപടിയും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ജനന ദിവസമുള്ളവരുടേയും വേള്‍ഡ് റെക്കോര്‍ഡിന് മറ്റു ദിവസങ്ങള്‍ നിര്‍ദേശിക്കുന്നവരുടേയും ട്വീറ്റുകളാണ് പ്രഖ്യാപനത്തിന് താഴെ വന്നിരിക്കുന്നത്.