കൊളംബിയയില്‍ സമാധാനവും സമത്വവും വാഗ്ദാനം ചെയ്ത് പെഡ്രോ;ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റു
തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് കൊളംബിയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ അധികാരമേറ്റത്. രാജ്യത്ത് സമാധാനവും സമത്വവും വാഗ്ദാനം ചെയ്തായിരുന്നു പെട്രോയുടെ സത്യപ്രതിജ്ഞ. കൊളംബിയയുടെ ഭരണഘടനയും നിയമങ്ങളും വിശ്വസ്തതയോടെ നടപ്പാക്കുമെന്ന് ഗുസ്താവോ പെഡ്രോ പറഞ്ഞു
നാണല്‍ ലിബറേഷന്‍ ആര്‍മി വിമതരുമായുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കും. ആയുധം ഉപേക്ഷിക്കുന്നവര്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കും.2016 സമാധാനകരാര്‍ ബാധകമാക്കും. ( മുന്‍ പ്രസിഡന്റ് ജുവാന്‍ മാനുവലും അന്നത്തെ FARC കമാന്‍ഡര്‍ ഇന്‍ ചീഫും തമ്മില്‍ ഒപ്പിട്ട കരാറാണിത്. സായുധ സേനയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.എന്നാല്‍ കരാര്‍ ഇതുവരെ പൂര്‍ണമായും നടപ്പായിട്ടില്ല)
രാജ്യത്തെ ദാരിദ്ര നിര്‍മാര്‍ജനമാണ് പുതിയ സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളില്‍ മറ്റൊന്ന്. ജനങ്ങളിലെ ലഹരി ഉപഭോഗം കുറയ്ക്കാനും ആമസോണ്‍ കാടുകളിലെ വനനശീകരണത്തിനെതിരെയും നടപടിയുണ്ടാകും.രാജ്യം നേരിടുന്ന പലതരം വെല്ലുവിളികളെ ഐക്യം കൊണ്ട് നേരിടാമെന്നും പെഡ്രോ പ്രത്യാശ പ്രകടിപ്പിച്ചു.
പതിനേഴാം വയസില്‍ കൊളംബിയന്‍ ഗറില്ല ആര്‍മി എം 19ന്റെ ഭാഗമായിരുന്നു ഗുസ്താവോ പെഡ്രോ. എം19 പിന്നീട് രാഷ്ട്രീയ കക്ഷിയായതോടെ 1991ല്‍ അദ്ദേഹം സെനറ്റ് അംഗമായി.ഏറെക്കാലം സാമ്പത്തിക വിദഗ്ധനായിരുന്നു . 2006 ല്‍ വീണ്ടും ബദല്‍ ജനാധിപത്യ സഖ്യത്തിലൂടെ സെനറ്റിലേക്ക്. 1991ല്‍ പ്രതിനിധിസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ബൊഗോട്ടയുടെ മുന്‍മേയറായിരുന്ന പെഡ്രോ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൂന്നാം അങ്കത്തില്‍ ചരിത്രം കുറിച്ചാണ് ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റാകുന്നത്
പെഡ്രോയുടെ പ്രസിഡന്റ് സ്ഥാനാരോഹണം പുതു ചരിത്രമാകുന്നതിന്റെ പിന്നില്‍ കറുത്ത വംശജയായ ആദ്യ വൈസ് പ്രസിഡന്റ് ഫ്രാന്‍സിയ മാര്‍ക്വേസ് കൂടിയുണ്ട്. രാജകുടുംബാംഗങ്ങളും വ്യവസായികളും മാത്രം ഭരണനേതൃത്വത്തിലെത്തുന്ന രാജ്യത്താണ് താഴെക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന കറുത്തവര്‍ഗക്കാരി വൈസ് പ്രസിഡന്റായി ചരിത്രം സൃഷ്ടിച്ചത് . പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സ്ത്രീവിമോചന പോരാട്ടങ്ങളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു ഫ്രാന്‍സിയ മാര്‍ക്വേസ്.
ഉദ്ഘാടന ചടങ്ങ് മികച്ച ഭരണത്തിന്റെ ഒരു തുടക്കം മാത്രമാണെന്നായിരുന്നു പെഡ്രോയുടെ മാധ്യമകാര്യ സെക്രട്ടറി മാരിസോള്‍ റോജാസിന്റെ പ്രതികരണം.