'പലസ്തീനി തടവുകാരെ വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാം'; ഉപാധിയുമായി ഹമാസ്
ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ ബന്ദികളെ വിട്ടയക്കാൻ പുതിയ ഉപാധി മുന്നോട്ടുവച്ച് ഹമാസ്. ഇസ്രയേൽ തടവിലാക്കിയിരിക്കുന്ന മുഴുവൻ പലസ്തീനികളെയും വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഒബെയ്‌ദ പറഞ്ഞു. ഒക്ടോബർ ഏഴിന് സർവ സുരക്ഷാ സംവിധാനങ്ങളും പൊളിച്ച് ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തിൽ ഇരുനൂറിലധികം പേരെ ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരെ വിട്ടയക്കണമെങ്കിൽ ആദ്യം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹമാസ് രംഗത്തെത്തുന്നത്.
“ഇസ്രയേൽ തടവറയിൽ കഴിയുന്ന സകല പലസ്‌തീൻ തടവുകാരെയും വിട്ടയക്കുകയാണ് ബന്ദികളെ വിട്ടുകിട്ടാനുള്ള വില" ഹമാസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ-അഖ്സ ചാനലിൽ ശനിയാഴ്ച നടത്തിയ പ്രസ്താവനയിൽ അബു ഒബൈദ പറഞ്ഞു. ആറായിരത്തിലധികം പലസ്തീനി തടവുകാർ ഇസ്രയേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ റിപ്പോർട്ട്.
അതേസമയം, ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ വലിയ ബോംബാക്രമണത്തിന് പിന്നാലെ കരമാർഗവും സൈന്യം ഗാസയിലേക്ക് പ്രവേശിച്ചതായി ഇസ്രയേൽ അറിയിച്ചു. സംഘർഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ സൈന്യത്തിന്റെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹാലെവി അറിയിച്ചിരുന്നു. ഗാസ മുനമ്പിലെ കരയാക്രമണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒക്ടോബറിന് ശേഷം ഇസ്രയേൽ ആരംഭിച്ച പുതിയ അക്രമണപരമ്പരയിലെ ഏറ്റവും വലിയ വ്യോമാക്രമണത്തിനായിരുന്നു കഴിഞ്ഞ ദിവസം ഗാസ സാക്ഷ്യം വഹിച്ചത്. മുനമ്പിലെ പത്ത് ലക്ഷത്തിലധികം കുട്ടികൾ വലിയ ഭീതിയിലാണ് കഴിയുന്നതെന്ന് സേവ് ദ ചിൽഡ്രൻ എന്ന മാനുഷിക സംഘടന പറഞ്ഞിരുന്നു. നിലവിൽ ഗാസയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തറിയാനുള്ള ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്നിരിക്കുകയാണ്. ഏകദേശം 7,703 പലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്.
കുറഞ്ഞത്ത് 110 മെഡിക്കൽ ഉദ്യോഗസ്ഥരെങ്കിലും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 12 ഹോസ്പിറ്റലുകളും 46 പ്രാഥമിക ചികിത്സ കേന്ദ്രങ്ങളും ഇന്ധന ക്ഷാമത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 24 ആശുപത്രികളാണ് ഒഴിയേണ്ടി വന്നത്. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ 53 പ്രവർത്തകരും മുനമ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.