ഗാസ വെടിനിർത്തൽ പ്രതിസന്ധിയിലേക്ക്; ഇസ്രയേൽ ആക്രമണം തുടർന്നാൽ കരാറുണ്ടാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ്
വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം. ഈജിപ്ത്-ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ രൂപമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റഫായിലെ ഇസ്രയേല്‍ ആക്രമണം.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ ഉന്നത നേതാക്കളിലൊരാളായ ഒസാമ ഹംദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി ഹമാസ് പ്രതിനിധി സംഘം ദോഹയില്‍നിന്ന് കെയ്‌റോയില്‍ എത്തിയശേഷം ബെയ്‌റൂട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹംദാന്‍ നിലപാട് വ്യക്തമാക്കിയത്. റഫായില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് ഭേദഗതികള്‍ നിര്‍ദേശിച്ചതായി അമേരിക്കയും വ്യക്തമാക്കുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ആക്രമണവുമായി മുന്നോട്ടുപോകുന്ന ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനുള്ള ആയുധ വിതരണം യുഎസ് താല്‍ക്കാലികമായി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഫായിലെ ഇസ്രയേൽ ആക്രമണത്തെ എതിർക്കുന്നുവെന്ന് യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയാണ് റഫായിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. പ്രദേശത്തെ താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം. ആക്രമണത്തെത്തുടർന്ന് റഫാ അതിർത്തി അടച്ചിരിക്കുകയാണ്.
ഇതോടെ ഗാസയിലേക്കുള്ള സഹായങ്ങളെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റഫാ ക്രോസിങ് നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഗാസയിലേക്കുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും മാനുഷികസഹായം നൽകുന്ന വോളണ്ടിയർമാരുടെയും പ്രധാന പ്രവേശന പോയിന്റായിട്ടാണ് റഫാ ക്രോസിങ് പ്രവർത്തിക്കുന്നത്. ഗാസയിൽനിന്ന് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി പോകാനൊരുങ്ങിയ 120 രോഗികളെ ചൊവ്വാഴ്ച ഇസ്രായേൽ തടഞ്ഞതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റഫാ ക്രോസിങ് അടച്ചത് പ്രദേശത്തെ ശേഷിക്കുന്ന മെഡിക്കൽ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകളും ഇന്ധനവും എത്തുന്നത് തടഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാർക്ക് പകരമായി ഗാസയിലെ ബന്ദികളായ ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാനും വെടിനിർത്തലിനുമുള്ള നിർദ്ദേശത്തിന് ഹമാസ് സമ്മതിച്ച് മണിക്കൂറുകൾക്കുശേഷമാണ് റഫാ കവാടം ഇസ്രയേൽ നിയന്ത്രണത്തിലാക്കിയത്. വെടിനിർത്തൽ കരാർ നിരസിച്ചെങ്കിലും കൂടുതൽ ചർച്ചകളിൽ ഏർപ്പെടുമെന്ന് ഇസ്രയേൽ അറിയിച്ചു.
അതേസമയം, കെരെം ഷാലോം ക്രോസിങ് ബുധനാഴ്ച വീണ്ടും തുറക്കുമെന്നും റഫാ വഴിയുള്ള ഇന്ധന വിതരണം അന്ന് പുനഃരാരംഭിക്കുമെന്നും അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ 23 ലക്ഷം ആളുകൾക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കുള്ള നിർണായക എൻട്രി പോയിന്റുകളാണ് റഫാ, കെരെം ഷാലോം ക്രോസിങ്ങുകൾ. ഇസ്രയേലിന്റെ 401-ാമത്തെ ബ്രിഗേഡ് ചൊവ്വാഴ്ച പുലർച്ചെയാണ് ഗാസ ഭാഗത്തെ റഫാ കവാടം നിയന്ത്രണത്തിലാക്കിയത്.
ഏഴ് മാസമായി തുടരുന്ന ഇസ്രയേൽ - ഹമാസ് ഏറ്റുമുട്ടലിൽ ഇതിനോടകം തന്നെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കിഴക്കൻ റഫായിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.