ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടുമൊരു പ്രകോപനം
Updated on
2 min read

ഇസ്രയേലി ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെക്കൻ ലബനനിൽ നടന്ന ആക്രമണത്തിലാണ് തിങ്കളാഴ്ച്ച ഹിസ്ബുല്ലയുടെ റദ്വാൻ സേനയിലെ വിസാം അൽ തവിൽ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ഉപ മേധാവിയാണ് വിസാം. ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടുമൊരു പ്രകോപനം.

ഖിർബെറ്റ് സെം ഏരിയയിൽ ഒരു കാറിന് നേരെ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടത്. "ദക്ഷിണ മേഖലയിലെ ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുള്ളയാളാണ് വിസാം അൽ തവിൽ. കഴിഞ്ഞയാഴ്ച ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അറൂരിയെ ലെബനനിൽ വച്ച് കൊലപ്പെടുത്തിയത് വൻ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ നിലവിൽ പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷത്തിൽ ഹിസ്ബുല്ലയും ഭാഗമാകുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. തങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് വീണ്ടുമൊരു കൊലപാതകം ഇസ്രയേൽ നടത്തുന്നത്.

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കൊടും പട്ടിണി; ഗാസയിലെ ദുരിതം മനുഷ്യർക്കും മൃഗങ്ങള്‍ക്കും ഒരുപോലെ

ലെബനനെ ഇസ്രായേൽ-ഹമാസ് സംഘർഷത്തിലേക്ക് വലിച്ചിഴക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശനിയാഴ്ച യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറലും പലവിധ ചർച്ചകളും നടത്തിയിരുന്നു. വാർത്ത ഏജൻസിയായ എഎഫ്പിയുടെ കണക്ക് പ്രകാരം ഇതുവരെ 180 ലധികം ആളുകളാണ് ലെബനൻ അതിർത്തിക്കുള്ളിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 135-ലധികം ഹിസ്ബുള്ള പോരാളികളും മൂന്ന് പത്രപ്രവർത്തകർ ഉൾപ്പെടെ 20-ലധികം സിവിലിയന്മാരും ഉൾപ്പെടുന്നു

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇസ്രയേല്‍ ആക്രമണം: അല്‍ അഖ്‌സ ആശുപത്രിയിലെ 600 പേർ ഇപ്പോഴും 'മിസിങ്' ; ദൗത്യം തടസപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

ലെബനനെതിരെ ആക്രമണങ്ങൾ നടത്തുന്നതിൽ ഖേദിക്കേണ്ടി വരുമെന്ന് ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്‌റുള്ള കഴിഞ്ഞയാഴ്ച ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ ലെബനനിൽ നിന്നുള്ള ഹിസ്ബുള്ള ആക്രമണം കാരണം പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്തതിന് ശേഷം അവിടെ സുരക്ഷ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 249 പലസ്തീനികൾ കൊല്ലപ്പെടുകയും 510 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഗാസയിൽ ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,084 ആയിരുന്നു. അതിൽ 9600 പേർ കുട്ടികളാണെന്നാണ് ഔദ്യോഗിക കണക്ക്. ഒക്ടോബര് ഏഴിന് ശേഷം ഇതുവരെ 59000 പേർക്കാണ് ഗാസയിൽ പരുക്കേറ്റത്.

logo
The Fourth
www.thefourthnews.in