'ഞങ്ങള്‍ യുദ്ധത്തെയും മരണത്തെയും ഭയപ്പെടുന്നില്ല'; തിരിച്ചടിക്കൊരുങ്ങി ഹിസ്ബുല്ല, സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ
ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അറൂരിയുടെ കൊലപാതകം സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള പിരിമുറുക്കം വർധിപ്പിച്ചു. സംഘർഷം അതിർത്തിക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇന്നലെ ഇസ്രയേൽ ലെബനൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ പ്രാദേശിക ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹുസൈൻ യാസ്ബെക്കും സംഘത്തിലെ മറ്റ് എട്ട് അംഗങ്ങളും കൊല്ലപ്പെട്ടു.
'തന്റെ പോരാളികൾ യുദ്ധത്തെ ഭയപ്പെടുന്നില്ലെന്നാണ്' ബെയ്‌റൂട്ടില്‍ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ പരസ്യപ്രസ്താവനയിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു തിരിച്ചടിയായി ഇസ്രയേലിനെതിരെ ഹിസ്ബുള്ള ആക്രമണം വർധിപ്പിക്കുമെന്ന പ്രഖ്യാപനമൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനൻ. ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയുടെ കൊലപാകത്തിൽ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സംഘർഷങ്ങൾ ഗാസയ്ക്കു പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതകൾ ശക്തമായത്. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആരോപിച്ച് ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു.
ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം ഇതിനു മുൻപുതന്നെ സംഘർഷഭരിതമാണ്. ലെബനനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ലെബനൻ പ്രധാനമന്ത്രിയും ആരോപിച്ചിരുന്നു. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാൽ ലെബനനെ ഗാസയാക്കുമെന്ന ഭീഷണി മുന്നറിയിപ്പ് മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയിരുന്നു. അറൂരിയുടെ കൊലപാതകവും തുടർന്നുള്ള പോർ വിളികളും പ്രതികാരവും കൂടുതൽ പ്രശ്നങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹ് മുന്നറിയിപ്പുനൽകി. അതേസമയം, ഇസ്രയേൽ ഏത് ആക്രമണത്തെയും പ്രതിരോധിക്കാനും അതിനെ ശക്തമായി തിരിച്ചടിക്കാനും സജ്ജമാണെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി.
ഗാസയുടെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒക്‌ടോബർ 7ന് തുടങ്ങി മൂന്ന് മാസത്തിലേക്കടുക്കുന്ന സംഘർഷത്തിൽ ഇതുവരെ 22,313 പേരാണ് കൊല്ലപ്പെട്ടത്. 57,296 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.