സെന്റ് വാലന്റൈൻ മുതൽ ലൂപ്പർകാലിയ വരെ ; അറിയാം പ്രണയദിനത്തിന്റെ ചരിത്രം

സെന്റ് വാലന്റൈൻ മുതൽ ലൂപ്പർകാലിയ വരെ ; അറിയാം പ്രണയദിനത്തിന്റെ ചരിത്രം

'ദി കാന്റർബറി ടെയ്ൽസ്' എന്ന കൃതിയുടെ രചയിതാവ് ആയ ജെഫ്രി ചോസർ ആണ് സൈന്റ് വാലന്റൈനെ പ്രണയവുമായി ആദ്യമായി ബന്ധിപ്പിക്കുന്നത്
Updated on
2 min read

ഫെബ്രുവരി 14, വാലെന്റൈൻസ് ഡേ. ഒരാഴ്ച നീളുന്ന ആഘോഷമാണ് ലോകത്താകെ നടക്കുക. റോസ് ഡേ മുതൽ ഹഗ് ഡേ വരെ. ശേഷം ഏഴാം നാൾ പ്രണയിക്കുന്നവർക്കായി ഒരു ദിനം.

പ്രണയദിനത്തിന്റെ ചരിത്രം സംബന്ധിച്ച് അനവധി കഥകൾ നിലവിൽ ഉണ്ട്. മിക്കവാറും റോമൻ സാമ്രാജ്യവും ക്രിസ്തീയതയും ആയി ബന്ധപ്പെട്ടവ. സെന്റ് വാലന്റൈൻ എന്ന പുരോഹിതനുമായി ബന്ധപ്പെട്ട കഥകളാണ് അവയിൽ ഏറ്റവും പ്രചാരത്തിലുള്ളത്. അദ്ദേഹം പ്രധാന കഥാപാത്രമായിട്ടുള്ള പല ഭാഷ്യങ്ങൾ ഈ കഥകൾക്കുണ്ട്.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിക്കുന്ന കാലം. അന്നത്തെ കത്തോലിക്കാ സഭയുടെ ബിഷപ്പ് സെന്റ് വാലന്റൈൻ എന്ന പുരോഹിതൻ ആയിരുന്നു. രാജ്യത്തെ പുരുഷൻമാരെല്ലാം കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും യുദ്ധത്തിൽ ആരും താല്പര്യം കാണിക്കുന്നില്ല എന്നും ക്ലോഡിയസ് ചക്രവർത്തിക്ക് തോന്നുന്നു. രാജ്യം പ്രതിസന്ധിയിലാകുമെന്ന് ഭയന്ന അദ്ദേഹം ഒരു വിചിത്ര ഉത്തരവിറക്കുന്നു. രാജ്യത്ത് ആരും പ്രണയിക്കാനോ വിവാഹം കഴിക്കാനോ പാടുള്ളതല്ല. എന്നാൽ ഈ ഉത്തരവിനോട് കടുത്ത വിയോജിപ്പായിരുന്നു ബിഷപ്പ് സെന്റ് വാലന്റൈന്. ചക്രവർത്തിയുടെ ഉത്തരവ് കണക്കിലെടുക്കാതെ അദ്ദേഹം പല പ്രണയിതാക്കളെയും രഹസ്യമായി വിവാഹം കഴിക്കാൻ സഹായിച്ചു. അധികം വൈകാതെ അധികൃതർ ഇതേക്കുറിച്ച് മനസ്സിലാക്കുകയും അദ്ദേഹത്തെ തുറുങ്കിൽ അടയ്ക്കുകയും ചെയ്തു.

ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത മൂലം ആ പെൺകുട്ടിയുടെ കാഴ്ച ശക്തി തിരികെ ലഭിച്ചു എന്നാണ് ചരിത്രമെന്നും വിശ്വസിക്കപ്പെടുന്നു

എന്നാൽ ജയിലിൽ വെച്ച് സെന്റ് വാലന്റൈൻ അവിടുത്തെ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലാകുന്നു. ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത മൂലം ആ പെൺകുട്ടിയുടെ കാഴ്ച ശക്തി തിരികെ ലഭിച്ചു എന്നാണ് ചരിത്രമെന്നും വിശ്വസിക്കപ്പെടുന്നു. ഇതേക്കുറിച്ച് മനസിലാക്കിയ ക്ലോഡിയസ് ചക്രവർത്തി പുരോഹിതന്റെ വധശിക്ഷ നടപ്പാണമെന്ന് ഉത്തരവിറക്കി. എന്നാൽ കൊല്ലപ്പെടുന്നതിന് മുൻപ് സെന്റ് വാലന്റൈൻ തന്റെ പ്രണയിനിക്ക് ഒരു കത്തെഴുതി. ‘ഫ്രം യുവർ വാലൻന്റൈൻ’ ( എന്ന് നിന്റെ വാലൻന്റൈൻ)എന്ന് എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. ഫെബ്രുവരി 14ന് ബിഷപ്പിന്റെ തല വെട്ടി വധശിക്ഷ നടപ്പാക്കി. ഈ ദിവസത്തിന്റെ ഓർമയ്ക്കായാണ് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത്.

എന്നാൽ ഇതേ കഥയുടെ മറ്റൊരു രൂപം കൂടി അറിയാം. വാലന്റൈൻ റോമിൽ ജീവിച്ച കടുത്ത ദൈവ വിശ്വാസി ആയിരുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന് അത്ഭുത സിദ്ധികൾ ഉണ്ടെന്നായിരുന്നു അവിടുത്തെ ജനങ്ങളുടെ വിശ്വാസം. ഇതേക്കുറിച്ച് കേട്ടറിഞ്ഞ റോമിലെ ഒരു ജയിലർ തന്റെ അന്ധയായ മകളെ സുഖപ്പെടുത്തണം എന്നാവശ്യപ്പെട്ട് വാലന്റൈനെ സമീപിക്കുന്നു. തന്നാലാവുന്നത് ചെയ്യാമെന്ന് വാലന്റൈൻ ഉറപ്പ് കൊടുക്കുന്നു. എന്നാൽ പെൺകുട്ടിയെ പരിചരിക്കുന്നതിനിടയിൽ വാലെന്റൈനെ ചക്രവർത്തിയുടെ ഉത്തരവ് പ്രകാരം തുറുങ്കിലടയ്ക്കുന്നു. അക്കാലത്ത് റോമിൽ അവിടുത്തെ മതം അല്ലാതെ മറ്റ് മതാനുഷ്ടാനങ്ങൾ നിരോധിച്ചിരുന്നു. തന്നെ വധിക്കാൻ പോവുകയാണെന്ന് തിരിച്ചറിഞ്ഞ വാലെന്റൈൻ, ജയിലറുടെ മകൾക്ക് ‘ഫ്രം യുവർ വാലൻന്റൈൻ’ എന്നെഴുതിയ ഒരു കത്തും മഞ്ഞ റോസാപൂവും അയയ്ക്കുന്നു. ഈ കത്ത് ലഭിച്ച പെൺകുട്ടിക്ക് കാഴ്ച തിരികെ ലഭിച്ചു എന്നും അവൾ ആദ്യം കണ്ടത് ഈ മഞ്ഞ റോസാപുഷ്പവും അദ്ദേഹത്തിന്റെ കത്തുമാണ് എന്നതാണ് മറ്റൊരു കഥ.

ദി കാന്റർബറി ടെയ്ൽസ്' എന്ന കൃതിയുടെ രചയിതാവ് ആയ ജെഫ്രി ചോസർ ആണ് സൈന്റ് വാലന്റൈനെ പ്രണയവുമായി ആദ്യമായി ബന്ധിപ്പിക്കുന്നത്

മധ്യകാലഘട്ടത്തിൽ, 'ദി കാന്റർബറി ടെയ്ൽസ്' എന്ന കൃതിയുടെ രചയിതാവ് ആയ ജെഫ്രി ചോസർ ആണ് സൈന്റ് വാലന്റൈനെ പ്രണയവുമായി ആദ്യമായി ബന്ധിപ്പിക്കുന്നത്. രഹസ്യമായി പ്രണയിക്കുകയും സ്നേഹം കൈമാറുകയും ചെയ്യുന്ന പൊതുവെയുള്ള രീതികൾക്ക് പിന്നീടങ്ങോട്ടാണ് മാറ്റം വന്നു തുടങ്ങിയത്.

റോമയിലെ തന്നെ മറ്റൊരു കഥയും വാലെന്റൈൻസ് ഡേയ്ക്ക് പിന്നിലുണ്ട്. വസന്തകാലത്തെ വരവേൽക്കാൻ, ‘ലൂപ്പർക്കസ്’ ദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പർകാലിയ.റോമാക്കാർ ഫെബ്രുവരി 13 മുതൽ 15 വരെയാണ് ലുപ്പർകാലിയയുടെ പെരുന്നാൾ ആഘോഷിക്കാറുണ്ടായിരുന്നത്. ഈ ആഘോഷവേളയിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ പേരുകൾ എഴുതി പുരുഷന്മാർ നറുക്കെടുക്കുകയും ഓരോരുത്തരും തനിക്ക് ലഭിച്ച സ്ത്രീകളുടെ കൂടെ അവധിക്കാലം ആഘോഷിക്കുകയും ചെയ്യാറുണ്ടയിരുന്നു എന്നും പറയപ്പെടുന്നു. ആഘോഷത്തിൻറെ ഭാഗമായി ചെയ്യുന്ന ഈ രീതി പ്രണയത്തിലേക്കും ചിലപ്പോൾ വിവാഹത്തിലേക്കും നയിക്കും. ഇതിൻറെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 14ന് പ്രണയദിനം ആഘോഷിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം.

logo
The Fourth
www.thefourthnews.in