തായ്‌വാനുമായി വേർപിരിഞ്ഞ് ഹോണ്ടുറാസ് ; ചൈനയുമായി  നയതന്ത്ര ബന്ധം സ്ഥാപിച്ചു

തായ്‌വാനുമായി വേർപിരിഞ്ഞ് ഹോണ്ടുറാസ് ; ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗും ഹോണ്ടുറാസ് വിദേശകാര്യ മന്ത്രി എഡ്വേർഡോ എൻറിക് റെയ്നയും നയതന്ത്ര കരാറിൽ ഒപ്പുവച്ചതായി ചൈന
Updated on
1 min read

തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ഹോണ്ടുറാസ്. ശനിയാഴ്ചയാണ് ലാറ്റിനമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. 1940 മുതൽ തായ്‌വാനുമായുണ്ടായിരുന്ന ബന്ധമാണ് ഹോണ്ടുറാസ് അവസാനിപ്പിക്കുന്നത്. 2016 മെയ് മാസത്തിൽ സായ് ഇങ് വെൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്ന ഒൻപതാമത്തെ രാജ്യമാണ് ഹോണ്ടുറാസ്.

ബീജിങ്ങും അമേരിക്കയും തമ്മില്‍ നയതന്ത്ര പിരിമുറുക്കം നിലനിൽക്കുന്നതിനിടെ, തായ്‌വാന് മേൽ ചൈനയുടെ ആധിപത്യം വർധിക്കാന്‍ സാഹചര്യമൊരുക്കുന്നതാണ് ഹോണ്ടുറാസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗും ഹോണ്ടുറാസ് വിദേശകാര്യ മന്ത്രി എഡ്വേർഡോ എൻറിക് റെയ്നയും നയതന്ത്ര അംഗീകാരത്തിനുള്ള കരാറിൽ ഒപ്പുവച്ചതായി ചൈന അറിയിച്ചു.

എന്നാൽ, തായ്‌വാന്റെ ഈ നീക്കം 13 പരമാധികാര രാജ്യങ്ങൾ മാത്രമേ അംഗീകരിക്കുന്നുള്ളു. ലോകത്ത് ചൈനയുടെ നിലനിൽപ്പ് മാത്രമേ ഹോണ്ടുറാസ് റിപ്പബ്ലിക് അംഗീകരിക്കുന്നുള്ളൂ. പീപ്പിൾസ് റിപ്പബ്ലിക്ക് സർക്കാരാണ് ചൈനയെ പൂർണമായും പ്രതിനിധീകരിക്കുന്ന നിയമാനുസൃത സംവിധാനം. ചൈനയുടെ അവിഭാജ്യ ഘടകമാണ് തായ്‌വാൻ. തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി ഹോണ്ടുറാസ് സർക്കാർ അവരെ അറിയിച്ചിട്ടുണ്ട്. ഇനി തായ്‌വാനുമായി ഔദ്യോഗിക ബന്ധമോ സമ്പർക്കമോ ഉണ്ടാകില്ലെന്ന് ഹോണ്ടുറാസ് പ്രതിജ്ഞയെടുത്തതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ, ഹോണ്ടുറാസ് പ്രസിഡന്റ് സിയോമാര കാസ്ട്രോയെ ചൈന തെറ്റിദ്ധരിപ്പിച്ചുവെന്ന് തായ്‌വാനീസ് വിദേശകാര്യ മന്ത്രി ജോസഫ് വു ആരോപിച്ചു. ചൈനീസ് കമ്പനിയായ സിനോഹൈഡ്രോ, ഹോണ്ടുറാസിൽ ജലവൈദ്യുത അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഹോണ്ടുറാസിന്റെ നീക്കം. 1949 ലെ ആഭ്യന്തരയുദ്ധത്തിനു ശേഷം ചൈനയും തായ്‌വാനും നയതന്ത്ര അംഗീകാരങ്ങൾ നേടിയെടുക്കാനുള്ള മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി 'ഏക ചൈന' തത്വത്തിന് അംഗീകാരം നേടിയെടുക്കാനായി ബീജിംഗ് ശതകോടികളാണ് ചെലവഴിച്ചത്. വേണ്ടി വന്നാൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുമെന്നും ചൈന പറഞ്ഞിരുന്നു.

തായ്‌വാന് മേലുള്ള സർക്കാരിന്റെ അവകാശവാദം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിടുന്നതാണ് ഏക ചൈന തത്വം. ബീജിംഗുമായി ഔപചാരിക നയതന്ത്ര ബന്ധമുള്ള യുഎസിനെയും ഓസ്ട്രേലിയയെയും പോലുള്ള രാജ്യങ്ങൾ തായ്‌വാന് മേലുള്ള ചൈനയുടെ അവകാശവാദം ഇപ്പോഴും പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. ചൈന ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോഴും തായ്‌വാൻ നൂറിലധികം രാജ്യങ്ങളുമായി അനൗപചാരികമായ ബന്ധം ശക്തമായി നിലനിർത്തുന്നുണ്ട്. തായ്‌വാനുമായി നയതന്ത്ര ബന്ധമില്ലെങ്കിലും ഇന്തോ പസഫിക് മേഖലയിലെ പ്രധാന പങ്കാളിയാണ് തായ്പേയ് എന്നാണ് യുഎസിന്റെ നിലപാട്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബെലീസ്, പരാഗ്വേ, ഗ്വാട്ടിമാല, വത്തിക്കാൻ സിറ്റി എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി തായ്‌വാൻ ഇപ്പോഴും ഔപചാരിക ബന്ധം സൂക്ഷിച്ചു വരുന്നു. കരീബിയൻ, ദക്ഷിണ പസഫിക് ദ്വീപ് രാജ്യങ്ങൾ, തെക്കൻ ആഫ്രിക്കയിലെ എസ്വാറ്റിനി എന്നിവരാണ് മറ്റ് രാജ്യങ്ങൾ. സഖ്യകക്ഷികളിൽ പലർക്കും തായ്‌വാൻ സാമ്പത്തിക സഹായം നൽകുന്നുണ്ട്. മെഡിക്കൽ സംവിധാനം ഉപയോഗിക്കാനും രാജ്യത്തെ സർവകലാശാലകളിൽ നിന്ന് സ്കോളർഷിപ്പുകൾ നേടാനും തായ്‌വാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോണ്ടുറാസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതോടെ 170 വിദ്യാർഥികൾക്ക് സെമസ്റ്റര്‍ അവസാനത്തോടെ ഇപ്പോഴുള്ള സ്കോളർഷിപ്പ് നഷ്ടപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in