ഈ ഹോട്ടലിലെത്തിയാല്‍ ഒരേ സമയം നിങ്ങള്‍ക്ക് രണ്ട് രാജ്യങ്ങളില്‍ കിടന്നുറങ്ങാം!

ഈ ഹോട്ടലിലെത്തിയാല്‍ ഒരേ സമയം നിങ്ങള്‍ക്ക് രണ്ട് രാജ്യങ്ങളില്‍ കിടന്നുറങ്ങാം!

ഇവിടെ നിങ്ങള്‍ക്ക് ഫ്രാന്‍സിലോ സ്വിറ്റ്‌സര്‍ലന്‍ഡിലോ താമസിക്കാം. വേണമെങ്കില്‍ ഒരേസമയം രണ്ട് രാജ്യത്തും താമസിക്കാം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ തലവെച്ച് ഫ്രാന്‍സില്‍ കാലുംവെച്ച് കിടന്നുറങ്ങാം.
Updated on
2 min read

ഒരേ സമയം രണ്ട് രാജ്യത്ത് താമസിക്കാന്‍ സൗകര്യമുള്ള ഹോട്ടല്‍. രണ്ട് രാജ്യത്ത് കിടന്നുറങ്ങി, രണ്ട് രാജ്യങ്ങളുടെയും ഭക്ഷണവൈവിധ്യം രുചിച്ചറിയാന്‍ അവസരമുള്ള ഹോട്ടല്‍ -കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഗതി ശരിയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്-ഫ്രാന്‍സ് അതിര്‍ത്തിയിലുള്ള ലാ ക്യൂറിലെ ഹോട്ടല്‍ അര്‍ബേസില്‍ എത്തിയാല്‍ നിങ്ങള്‍ക്കിത് അനുഭവിക്കാം. ഇവിടെ നിങ്ങള്‍ക്ക് ഫ്രാന്‍സിലോ സ്വിറ്റ്‌സര്‍ലന്‍ഡിലോ താമസിക്കാം. വേണമെങ്കില്‍ ഒരേസമയം രണ്ട് രാജ്യത്തും താമസിക്കാം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ തലവെച്ച് ഫ്രാന്‍സില്‍ കാലുംവെച്ച് കിടന്നുറങ്ങാം. നേരേ തിരിച്ചുമാകാം. ഒരുപക്ഷേ, ലോകത്തിലെ മറ്റൊരു ഹോട്ടലിനും അവകാശപ്പെടാനില്ലാത്ത നേട്ടം.

ഫ്രാന്‍സിനെയും സ്വിറ്റ്സര്‍ലന്‍ഡിനെയും വേര്‍തിരിക്കുന്ന, കൊടും വനങ്ങള്‍ നിറഞ്ഞ ജുറ പര്‍വതനിരകളുടെ മുകളിലുള്ള ചെറിയ ഗ്രാമമാണ് ലാ ക്യൂര്‍. അവിടെയാണ് രണ്ട് രാജ്യങ്ങളുടെയും മണ്ണിലായി ഹോട്ടല്‍ അര്‍ബേസ് സ്ഥിതി ചെയ്യുന്നത്. യൂറോപ്പില്‍ കണ്ടുവരുന്ന നാടന്‍ ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഹോട്ടലാണ് അര്‍ബേസ്. രണ്ട് രാജ്യങ്ങളിലുമായി സ്ഥിതി ചെയ്യുന്നതിനാല്‍ ഇരട്ട പൗരത്വമുണ്ട്. ഹോട്ടലിലെ സൗകര്യങ്ങളിലും ഭക്ഷണത്തിലും ഉള്‍പ്പെടെ ഈ വൈവിധ്യം പ്രകടമാണ്. ഇരു രാജ്യങ്ങളിലുമായും, അതിര്‍ത്തികള്‍ ചേരുന്ന ഭാഗത്തും മുറികളുണ്ട്. ഫ്രാന്‍സിന്റെ ഭാഗത്തുള്ള മുറികളില്‍ അവരുടെ പതാക കാണാനാകും. ഫ്രഞ്ച് ഭക്ഷണവൈവിധ്യവും ആസ്വദിക്കാം. സ്വിറ്റ്‌സര്‍ലന്‍ഡ് ഭാഗത്തും ഇതേപോലെ തന്നെയാണ്. അതേസമയം, അതിര്‍ത്തികളില്‍ വരുന്ന മുറികളില്‍ ഇരു രാജ്യത്തിന്റെയും പതാകയുണ്ടാകും. ഇരു രാജ്യത്തിന്റെയും ഭക്ഷണ വൈവിധ്യവും ആസ്വദിക്കാം. ഒരേ സമയം രണ്ട് രാജ്യത്ത് കിടന്നുറങ്ങുകയുമാകാം.

19ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സംഭവിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ അനന്തരഫലം കൂടിയാണ് ഈ ഹോട്ടല്‍. 1862ലെ ഡാപ്പസ് ഉടമ്പടിയുടെ ഭാഗമായി ഫ്രാന്‍സും സ്വിറ്റ്‌സര്‍ലന്‍ഡും അതിര്‍ത്തി മേഖലയില്‍ ഭൂമി കൈമാറ്റത്തിന് തയ്യാറായി. അങ്ങനെ ലാ ക്യൂര്‍ അതിര്‍ത്തി പ്രദേശമായി മാറി. എന്നാല്‍ ഭൂമി കൈമാറ്റം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുതന്നെ, പ്രാദേശിക ഭൂവുടമ ആയിരുന്ന എം പോണ്ടസ് എന്നയാള്‍ പ്രദേശത്ത് ഒരു കടയും ബാറും ആരംഭിച്ചു. സ്ഥലം അതിര്‍ത്തി പ്രദേശം ആകുമ്പോഴുള്ള ബിസിനസ് നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നു പോണ്ടസിന്റെ നീക്കം. പിന്നീട് 1921ല്‍ പോണ്ടസിന്റെ കുടുംബത്തില്‍ നിന്ന് ജൂള്‍സ്-ജീന്‍ അര്‍ബേസ് എന്നയാള്‍ കെട്ടിടം സ്വന്തമാക്കി. അങ്ങനെയാണ് ഹോട്ടല്‍ അര്‍ബേസ് ഇവിടെ തലയുയര്‍ത്തിയത്.

ണ്ടാം ലോകമഹായുദ്ധസമയത്ത്, അഭയാര്‍ഥികള്‍ക്കും ഫ്രഞ്ച് സൈനികര്‍ക്കും സുരക്ഷിത താവളമായിരുന്നു അര്‍ബേസ്.

അതിര്‍ത്തിപ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാല്‍, നിരവധി ചരിത്ര സംഭവങ്ങള്‍ക്കും അര്‍ബേസ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത്, അഭയാര്‍ഥികള്‍ക്കും ഫ്രഞ്ച് സൈനികര്‍ക്കും സുരക്ഷിത താവളമായിരുന്നു അര്‍ബേസ്. ഹോട്ടലിന്റെ സ്വിസ് മേഖലയിലായിരുന്നു അന്ന് അവര്‍ അഭയം തേടിയത്. നാസി അധിനിവേശത്തെത്തുടര്‍ന്ന് പലായനം ചെയ്തവര്‍ക്ക് തുണയായതും അര്‍ബേസായിരുന്നു. 1962ല്‍ ഫ്രാന്‍സില്‍ നിന്ന് അള്‍ജീരിയ സ്വാതന്ത്ര്യം നേടുന്നതിലേക്ക് നയിച്ച രഹസ്യ ചര്‍ച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു അര്‍ബേസ്.

logo
The Fourth
www.thefourthnews.in