കഴിഞ്ഞുപോയത് ഏറ്റവും ചൂട് കൂടിയ എട്ടുവര്‍ഷം; കാലാവസ്ഥ പ്രതിസന്ധികള്‍ ഓര്‍മിപ്പിച്ച് യുഎന്‍ കാലാവസ്ഥ ഉച്ചകോടി
2015 മുതല്‍ 2022 വരെയുള്ള എട്ടുവര്‍ഷം ലോകം കടന്നുപോയതില്‍ വെച്ച് ഏറ്റവും ചൂട് കൂടിയ കാലഘട്ടമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഈജിപ്തില്‍ തുടക്കമായ കാലാവസ്ഥ ഉച്ചകോടിയാണ് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനായി അന്തര്‍ദേശീയമായി അംഗീകരിച്ച 1.5c എന്ന ലക്ഷ്യം എത്തിപ്പിടിക്കാനാകാത്ത ദൂരത്തിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . മഞ്ഞുരുകല്‍, സമുദ്രജല നിരപ്പ് ഉയരല്‍, ഉഷ്ണതരംഗ വ്യാപനം തുടങ്ങിയ കാലാവസ്ഥ വ്യതിയാനത്തിലെ അനുബന്ധ പ്രതിഭാസങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയാണ് റിപ്പോര്‍ട്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് വ്യക്തമാക്കി.
2022 വരെയുള്ള എട്ടുവര്‍ഷക്കാലം , വ്യവസായവത്കരണ കാലഘട്ടത്തെ (1850-1900) ശരാശരിയേക്കാള്‍ ആഗോള താപനിലയില്‍ 1.15 ഡിഗ്രി സെല്‍ഷ്യസിന്‌റെ വര്‍ധനയുണ്ടായി. എല്‍നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥ മാറ്റങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വര്‍ധന താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പ്രളയ സാധ്യതയുണ്ടാക്കുന്നതായും വേള്‍ഡ് മീറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലോകത്തെ വീണ്ടും ഓര്‍മപ്പെടുത്തുന്നത് കൂടിയാണ് യുഎന്‍ ഇടപെടല്‍.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ അന്തരീക്ഷത്തില്‍ റെക്കോര്‍ഡ് അളവിലെത്തിയിരിക്കുന്നു
സമുദ്രനിരപ്പ് ഇരട്ടി വേഗത്തില്‍ ഉയരുന്നു
ആല്‍പ്സിലെ ഹിമപാളികള്‍ ഉരുകുന്നു
കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കേണ്ട വിഷയങ്ങളെ ചൊല്ലി പ്രതിനിധികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വൈകിയാണ് ഉച്ചകോടി ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം പല രാജ്യങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ചൊല്ലിയായിരുന്നു പ്രതിനിധികള്‍ക്കിടയിലെ തര്‍ക്കം.
യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിന്‌റെ ഫലമായുള്ള ഭക്ഷ്യ -ഊര്‍ജ പ്രതിസന്ധി രാജ്യങ്ങളുടെ കാലാവസ്ഥ സംരക്ഷണ ഇടപെടലുകള്‍ക്ക് തടസമാകരുതെന്ന് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഈജിപ്ത് ആഹ്വാനം ചെയ്തു. .
ഇത്തവണത്തെ കാലാവസ്ഥ ഉച്ചകോടി ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വേദിയാകാതിരിക്കാന്‍ കര്‍ശന നടപടികളാണ് ഈജിപ്ത് കൈക്കൊണ്ടിരിക്കുന്നത്. 120ലധികം ലോകനേതാക്കള്‍ പങ്കെടുക്കുന്ന കാലാവസ്ഥ ഉച്ചകോടി ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നവംബര്‍ 18 വരെ നീണ്ടു നില്‍ക്കും.