ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പല്‍ തട്ടിയെടുത്ത് ഹൂതി വിമതർ; ഇസ്രയേലിൻ്റേതെന്ന് അവകാശവാദം, നിഷേധിച്ച് നെതന്യാഹു സർക്കാർ
തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പല്‍ യമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്തെന്ന് റിപ്പോര്‍ട്ട്. ഗാലക്‌സി ലീഡര്‍ എന്ന് പേരുള്ള കപ്പല്‍ ചെങ്കടലില്‍നി ന്നാണ് ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അപലപിച്ചു.
ഇസ്രയേലി കപ്പലാണ് തട്ടിയെടുത്തതെന്ന് ഹൂതി വക്താക്കളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖ നഗരമായ സാലിഫിലേക്കാണ് കപ്പല്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തങ്ങളുടെ കപ്പലല്ല ഹൂതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു.
ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ജാപ്പനീസ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതുമായ കപ്പലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍ കപ്പലിന്റെ ഭാഗിക ഉടമ ഇസ്രയേല്‍ വ്യവസായിയായ എബ്രഹാം ഉങ്കറാണെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ 25 ജീവനക്കാരാണുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇസ്രയേലികളില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. യുക്രെയ്ന്‍, ബള്‍ജീരിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ എന്നീ രാജ്യക്കാരാണ് ജീവനക്കാരെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നത്.
ഇസ്രയേല്‍ പതാകയുള്ളതോ ഇസ്രയേല്‍ കമ്പനികളില്‍പ്പെട്ടതോ ആയ കപ്പലുകള്‍ തട്ടിക്കൊണ്ടുപോകുമെന്ന് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹൂതി വിമതര്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ കപ്പലില്‍ നിന്നും ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിലെ പ്രവര്‍ത്തകരെ തിരിച്ച് വിളിക്കണമെന്നും ഹൂതി വക്താവ് എക്‌സിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഹൂതികള്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന് കരുതുന്ന ഇറാന്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പലസ്തീനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഹൂതി വിമതര്‍ നേരത്തെ തന്നെ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യം വെച്ചെന്ന് കരുതുന്ന അവരുടെ മിസൈല്‍ ആക്രമണങ്ങളും പരാജയപ്പെട്ടിരുന്നു.
സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന യുഎഇയുടെ പതാകയുള്ള ചരക്ക് കപ്പൽ 2022 ജനുവരിൽ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയിരുന്നു.