ഒടുവില്‍ ആശ്വാസം;
ഓസ്‌ട്രേലിയയില്‍ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് ക്യാപ്‌സ്യൂള്‍ കണ്ടെത്തി

ഒടുവില്‍ ആശ്വാസം; ഓസ്‌ട്രേലിയയില്‍ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് ക്യാപ്‌സ്യൂള്‍ കണ്ടെത്തി

കാപ്സ്യൂള്‍ കണ്ടെത്താനായത് ശാസ്ത്രത്തിന്റെ വിജയമെന്ന് ഗവേഷകര്‍
Updated on
1 min read

ഓസ്ട്രേലിയയില്‍ നഷ്ടമായ റേഡിയോ ആക്ടീവ് ക്യാപ്സൂള്‍ കണ്ടെത്തി. ഖനന ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ സീസിയം -137 അടങ്ങിയ ക്യാപ്‌സ്യൂളായിരുന്നു പെര്‍ത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ നഷ്ടമായത്.

6 എംഎം വ്യാസവും 8 എംഎം നീളവും മാത്രമുള്ള സില്‍വര്‍ ക്യാപ്സൂള്‍ കണ്ടെത്തുന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ക്യാപ്‌സ്യൂള്‍ അടുത്ത 300 വര്‍ഷത്തേക്ക് റേഡിയോ ആക്ടീവ് ആയിരിക്കുമെന്നതിനാല്‍ എത്രയും വേഗം കണ്ടെത്തേണ്ടതും അത്യാവശ്യമായിരുന്നു. അസാധ്യമാകുമെന്ന ധാരണകള്‍ തിരുത്തി കാപ്സ്യൂള്‍ കണ്ടെത്താനായത് ശാസ്ത്രത്തിന്റെ വിജയമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

1,400 കിലോമീറ്ററോളം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തിയ ശേഷമാണ് ക്യാപ്സൂള്‍ നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടത്. ഇത്രയും ദൂരം ക്യാപ്‌സ്യൂള്‍ തിരയുകയെന്നത് വലിയ വെല്ലുവിളി ആയിരുന്നു. ക്യാപ്‌സ്യൂള്‍ വളരെ ചെറുതായതിനാലും കൂടുതല്‍ ദൂരം പരിശോധിക്കേണ്ടി വരുന്നതിനാലും കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്യാപ്‌സ്യൂളിന്റെ കണ്ടെത്തല്‍

സാധാരണ തിരച്ചിലിലൂടെ ക്യാപ്‌സ്യൂള്‍ കണ്ടെത്തുക അസാധ്യമായതിനാല്‍ റേഡിയേഷന്‍ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു നടപടികള്‍. ട്രക്ക് കടന്നുപോയതിന്റെ ജിപിഎസ് റൂട്ടിലും പെര്‍ത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് സമീപമുള്ള സൈറ്റുകളിലും പോലീസ് തിരച്ചില്‍ നടത്തി. പക്ഷെ ഇത് വിജയിച്ചില്ല.

പിന്നീട് റേഡിയേഷന്‍ പോര്‍ട്ടല്‍ മോണിറ്ററുകളും ഗാമാ-റേ സ്‌പെക്ട്രോമീറ്ററും അടക്കുമുള്ള ഉപകരണങ്ങള്‍ തിരച്ചിലിനായി ഉപയോഗിച്ചു. റേഡിയേഷന്‍ പോര്‍ട്ടല്‍ മോണിറ്ററുകള്‍ ഗാമാ വികിരണം കണ്ടെത്തുന്നവയാണ്. ഗാമാ സ്‌പെക്ട്രോമീറ്ററുകള്‍ വികിരണത്തിന്റെ തീവ്രത അളക്കാനും ഉപയോഗിക്കുന്നു. പുതിയ ഡിറ്റക്ഷന്‍ ഉപകരണങ്ങളുമായി മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലായിരുന്നു തിരച്ചില്‍. ഓസ്ട്രേലിയന്‍ സമയം ബുധനാഴ്ച്ച രാവിലെ 11:13 നാണ് ഹൈവേയുടെ ഒരു വശത്തായി കാപ്‌സ്യൂള്‍ കണ്ടെത്തിയത്.

 ന്യൂമാന്‍ പട്ടണത്തിന് സമീപമാണ് ക്യാപ്‌സ്യൂള്‍ കണ്ടെത്തിയത്
ന്യൂമാന്‍ പട്ടണത്തിന് സമീപമാണ് ക്യാപ്‌സ്യൂള്‍ കണ്ടെത്തിയത്

ക്യാപ്സ്യൂള്‍ വീണിടത്ത് നിന്ന് നീങ്ങിയിട്ടില്ലെന്നാണ് നിഗമനം. അതുകൊണ്ടു തന്നെ അപകടങ്ങളൊന്നുമുണ്ടായി കാണില്ലെന്നാണ് പ്രതീക്ഷ. 'ശാസ്ത്രത്തിന്റെ വിജയം' എന്നാണ് കാപ്സ്യൂള്‍ വീണ്ടെടുക്കലിനെ ഓസ്ട്രേലിയന്‍ അധികൃതര്‍ വിശേഷിപ്പിച്ചത്.

logo
The Fourth
www.thefourthnews.in