അതീവ രഹസ്യമായി ബൈഡൻ്റെ യുക്രെയ്ൻ സന്ദർശനം;അമേരിക്കൻ ചരിത്രത്തിൽ മുൻപില്ലാത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തിയ യുക്രെയ്ൻ യാത്ര ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പോളണ്ട് സന്ദർശനത്തിനിടെ ബൈഡൻ യുക്രെയ്ൻ സന്ദർശിച്ചേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ സന്ദർശനം എല്ലാവരെയും അമ്പരപ്പിച്ചു. അദ്ദേഹത്തിൻ്റെ ഈ നീക്കം വളരെ ധീരമായ നടപടിയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന യുദ്ധഭൂമിയിൽ ഒരു രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുക എന്നത് അഭൂതപൂർവമായ ഒന്നാണെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മുമ്പ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധമേഖലകളിലേക്ക് അമേരിക്കൻ പ്രസിഡൻ്റുമാർ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം വലിയ സുരക്ഷയോടെ സൈന്യത്തിൻ്റെ സാന്നിധ്യത്തോട് കൂടിയായിരുന്നു."അത് വളരെ അപകടം പിടിച്ചതായിരുന്നു. പക്ഷെ ജോ ബൈഡൻ പ്രതിബദ്ധതകളെ ഗൗരവമായി എടുക്കുന്ന നേതാവാണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല " വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിംഗ്ഫീൽഡ് പറഞ്ഞു. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിൽ നടത്തിയ സന്ദർശനത്തിലൂടെ അമേരിക്ക യുക്രൈയ്ന് നൽകുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണ്.
സുരക്ഷാ കാരണങ്ങളാൽ ബൈഡൻ്റെ യുക്രെയ്ൻ സന്ദർശനം അതീവ രഹസ്യമായാണ് അമേരിക്ക കൈകാര്യം ചെയ്തത്. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക കാര്യാലയം പുറത്തിറക്കിയ ബൈഡൻ്റെ പരിപാടികളുടെ പട്ടികയിലും യുക്രെയ്നിലെത്തുന്ന വിവരം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം പോളണ്ടിലേക്ക് തിരിക്കും എന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ യുക്രൈൻ സന്ദർശനം ഉണ്ടായേക്കാം എന്ന തരത്തിൽ വാർത്ത പ്രചരിച്ചു. പിന്നാലെ ബൈഡൻ്റെ കിഴക്കൻ യൂറോപ്പ് സന്ദർശനവേളയിൽ യുക്രെയ്ൻ സന്ദർശനമുണ്ടാകുമോ എന്ന ചോദ്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിഷേധിച്ചു . വെള്ളിയാഴ്ചയാണ് സന്ദർശനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ തന്നെ ബൈഡൻ യാത്ര തിരിക്കുകയും ചെയ്തു. യാത്രയിൽ അദ്ദേഹത്തിൻ്റെ വളരെ അടുത്ത സഹായികളും ഒരു മെഡിക്കൽ ടീമും കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് അനുഗമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് മാധ്യമപ്രവർത്തകർക്ക് കൂടി അദ്ദേഹത്തെ അനുഗമിക്കാൻ അവസരം ലഭിച്ചു. എന്നാൽ യാത്രയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടാതിരിക്കാൻ അവരുടെ ഫോണുകൾ വാങ്ങി വെച്ചിരുന്നു. ബൈഡൻ കീവിൽ എത്തുന്നത് വരെ യാത്ര സംബന്ധിച്ച് യാതൊരു വിവരങ്ങളും പുറത്ത് വിടാൻ പാടില്ല എന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സന്ദർശന വിവരം റഷ്യയെ അറിയിച്ചിരുന്നു.
10 മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് ബൈഡൻ കീവിൽ എത്തിയത്. യുക്രയ്ൻ്റെ സംഘർഷം കുറഞ്ഞ മറ്റേതെങ്കിലും ഭാഗങ്ങൾ വളരെ എളുപ്പത്തിൽ ബൈഡനു സന്ദർശിക്കാമായിരുന്നെങ്കിലും അദ്ദേഹം കീവ് തിരഞ്ഞെടുക്കുകയായിരുന്നു. എത്ര കാലം കൂടി അമേരിക്കയ്ക്ക് യുക്രയ്‌നെ സഹായിക്കാൻ ആകുമെന്ന് ചോദിക്കുന്ന രാജ്യത്തെ പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയാണ് ബൈഡൻ്റെ സന്ദർശനം.