അടുത്ത സൃഹുത്തുക്കളായ ഇസ്രയേലും ഇറാനും എങ്ങനെ ശത്രുക്കളായി? അറിയാം ആ വൈര്യത്തിന്റെ കഥ
ഇറാനും ഇസ്രയേലും തമ്മിൽ വർഷങ്ങളായി തുടരുന്ന കുടിപ്പക അതിന്റെ പാരമ്യത്തിലേക്കെത്തിയിരിക്കുകയാണ്. ഈ മാസമാദ്യം ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു ജനറൽമാരുൾപ്പെടെ 13 പേർ മരിച്ചിരുന്നു. തുടർന്നുകൊണ്ടിരുന്ന ഭീഷണിക്കൊടുവിലാണ് ഇന്നലെ ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേൽ ശതകോടീശ്വരന്റെ എംഎസ്ഇ ഏരീസ് എന്ന കപ്പല്‍ ഇറാൻ പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ വലിയ പ്രഹരശേഷിയില്ലാത്ത ഒരു പ്രത്യാക്രമണമാണ് ഇവരിൽ നിന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നു ഇറാന്റെ തിരിച്ചടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതസമരം ലോകവേദിയിൽ യുദ്ധത്തിന്റെ ആശങ്കകൾ വിതയ്ക്കുന്നത് ഹമാസിന്റെ 'ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലഡി'നു ശേഷമാണ്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. പിന്നാലെ ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
സിബിഎസ്, സിഎൻഎൻ, വാൾസ്ട്രീറ്റ് ജേർണൽ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അമേരിക്കൻ മാധ്യമങ്ങളുടെ വാർത്തകളും ഇന്റലിജൻസ് വിവരങ്ങളും അടിസ്ഥാനപ്പടുത്തി ഇത്തരത്തിൽ ഒരു പ്രത്യാക്രമണം അമേരിക്ക പ്രതീക്ഷിച്ചിരുന്നു. 2022ൽ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് മുമ്പ് അമേരിക്ക നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഫലം പൂർണമായും ശരിയായിരുന്നു
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം താങ്ങാൻ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് ഇറാന്റെ ഭാഗത്തുനിന്നും ശക്തമായ പ്രത്യാക്രമണമുണ്ടാകില്ല എന്ന് എല്ലാ നിരീക്ഷകരും അഭിപ്രായപ്പെട്ടത്. എന്നാൽ നൂറോളം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളുമുപയോഗിച്ചുള്ള ആക്രമണമായിരുന്നു ഇറാൻ നടത്തിയത്. എന്നുമാത്രമല്ല ആക്രമണത്തിന് ശേഷം അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടായാൽ ശക്തമായി അക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇസ്രയേലും ഇറാനും സുഹൃത്തുക്കളായിരുന്ന കാലം
ഇറാനും ഇസ്രയേലും പരസ്പരം ശത്രുക്കളായിട്ട് ഒരുപാട് വർഷക്കാലമൊന്നുമായിട്ടില്ല. 1979 ലെ ഇസ്ലാമിക വിപ്ലവം നടക്കുന്നതുവരെ ഇറാനും ഇസ്രയേലും വളരെ അടുത്ത് സൗഹൃദത്തിലായിരുന്നു. 1948 ഇസ്രയേൽ രാജ്യം രൂപീകരിക്കപ്പെട്ടതിനു ശേഷം ഇസ്രയേലിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇറാൻ. എന്നുമാത്രമല്ല ഇസ്രായേലിന് അമേരിക്ക നൽകുന്ന പിന്തുണ അറബ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കാൻ കരുത്ത് നൽകുന്നതാണെന്നും ഇറാൻ കരുതിയിരുന്നു.
കർഷകരായ ഇറാനിയൻ പൗരന്മാർക്ക് സൈനിക പരിശീലനം നൽകുന്നത് ഇസ്രയേലാണ്. ഇറാനിയൻ സായുധ സേന രൂപീകരിക്കുന്നതിൽ ഇസ്രയേലിന്റെ പങ്ക് വളരെ വലുതായിരുന്നു. അതുപോലെതന്നെ സാങ്കേതിക മേഖലയിലും ഇസ്രയേലിന്റെ പിന്തുണ ഇറാന് ലഭിച്ചിരുന്നു. ഇറാനിൽ ട്രെയിൻ ഗതാഗതം സാധ്യമാക്കുന്നതിലും ഇസ്രയേലിന്റെ പിന്തുണയുണ്ട്. ഇറാൻ ഇതിനൊക്കെ പകരമായി ഇസ്രയേലിന് എണ്ണ നൽകി.
അത് മാത്രവുമല്ല ഇസ്രയേലിന് പുറത്ത്ഏറ്റവും വലിയ രണ്ടാമത്തെ ജൂത സമൂഹം ജീവിക്കുന്നതും ഇറാനിലാണ്. '79ലെ ഇസ്ലാമിക വിപ്ലവം വരെ കാര്യങ്ങൾ ഇങ്ങനെ തന്നെ തുടരുകയായിരുന്നു. ഇപ്പോഴും ഇരുപതിനായിരത്തിലധികം ജൂതർ ഇറാനിലുണ്ട്.
ഇറാനും ഇസ്രയേലിനുമിടയിൽ എന്ത് സംഭവിച്ചു
ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് അയത്തൊള്ള റൂഹൊള്ള ഖൊമേനി അധികാരത്തിൽ വരുന്നത്. ഈ സംഭവത്തിനു ശേഷം ഇറാൻ ഇസ്രയേലുമായുള്ള എല്ലാ ധാരണയും വേണ്ടെന്നു വച്ചു. പിന്നീട് പലസ്‌തീൻ അധിനിവേശത്തിൽ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറാൻ രംഗത്തെത്തുകയും ചെയ്തു. കാലക്രമേണ ഇറാൻ ഇസ്രയേലിനെതിരെ വളരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അറബ് രാജ്യങ്ങളുടെയും അവരുടെ പൗരൻമാരുടെയും പ്രീതി പിടിച്ചുപറ്റാനും ഈ നിലപാട് ഉപകരിച്ചു.
1982ൽ സൗത്ത് ലെബനണിൽ ആഭ്യന്തര കലാപം അടക്കുന്ന സമയത്ത് അതിലിടപെടാൻ പട്ടാളത്തെ അയക്കാൻ ഇസ്രയേൽ തീരുമാനിച്ചു. എന്നാൽ അപ്പോൾ തന്നെ ഖൊമേനി ഇറാനിയൻ റിവൊല്യൂഷനറി ഗാർഡുകളെ ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് പറഞ്ഞയച്ചു. അങ്ങനെ രൂപീകരിക്കപ്പെട്ട സായുധ സംഘമാണ് ഹെസ്‌ബൊള്ള മിലീഷ്യ. അത് ഇപ്പോഴും ലബനനിലെ ഇറാന്റെ സൈനിക സാന്നിധ്യമായി കണക്കാക്കുന്നു.
ഇറാന്റെ ഇപ്പോഴത്തെ ഭരണാധികാരിയായ അയത്തൊള്ള അലി ഖമേനിയും ശക്തമായ ഇസ്രായേൽ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അതുമാത്രമല്ല ഇറാനിയൻ ഭരണകൂടം ജൂത കൂട്ടക്കൊല ചോദ്യം ചെയ്യുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.