നർഗസ് മുഹമ്മദി
നർഗസ് മുഹമ്മദി

ഇറാന്‍ പ്രക്ഷോഭം: തടവിലാക്കപ്പെട്ട സ്ത്രീകള്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു: ജയിലില്‍ നിന്ന് നര്‍ഗസിന്റെ കത്ത്

ഇറാൻ ഭരണകൂടം സ്ത്രീകൾക്കെതിരെ നടത്തി വരുന്ന കുറ്റകൃത്യങ്ങളെ വെളിപ്പെടുത്താതിരിക്കുന്നത് സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ തുടരാന്‍ കാരണമാകുമെന്നും നര്‍ഗസ്
Updated on
2 min read

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ, തടവിലാക്കപ്പെട്ട സ്ത്രീകൾ ലൈംഗികവും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദി. ദീർഘനാളായി ടെഹ്‌റാനിലെ ജയിലിൽ കഴിയുന്ന നർ​ഗസ് ബിബിസിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമീപകാലത്ത് ഇറാനിൽ നടന്നുവരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളും അതിനെ ഇറാൻ നേരിട്ട രീതിയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ഇപ്പോൾ അതൊക്കെ ഇറാനിൽ സാധാരണമായിരിക്കുന്നു. പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായവരിൽ പലരും കസ്റ്റഡിയിൽ ലൈംഗിക പീഡനത്തിനും മറ്റ് ശാരീരിക മര്‍ദനങ്ങള്‍ക്കും വിധേയരായിട്ടുണ്ടെന്നും നർ​ഗസ് പറയുന്നു.

നൊബേൽ സമ്മാന ജേതാവായ ഷിറിൻ ഇബാദിയുടെ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഡെപ്യൂട്ടി മേധാവിയാണ് നർഗസ്. ബിബിസിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിച്ച വ്യക്തി കൂടിയാണ്. 2011 മുതൽ അവർ നിരവധി തവണ തടവിൽ കഴിഞ്ഞിരുന്നു. ഇപ്പോൾ, 'വെളുത്ത പീഡനം' (White Torture ) എന്ന അവരുടെ പുസ്തകമാണ് അവരെ വീണ്ടും തടവിലാക്കിയത്. തന്നെപ്പോലെ തടവിൽ കഴിയുന്ന 12 സ്ത്രീകളുടെ ജീവിതമാണ് 'വെളുത്ത പീഡന'ത്തിലൂടെ നർഗസ് പറയുന്നത്. ഇതാണ് ഇറാനെ ചൊടിപ്പിച്ചതും. ഇതോടെ നർഗസിനെ 30 വർഷത്തെ ഏകാന്ത തടവിന് ശിക്ഷിച്ചിരിക്കുകയാണ് ഇറാൻ ഭരണകൂടം.

മഹ്സ അമിനി
മഹ്സ അമിനി

അടുത്തിടെ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ സ്ത്രീകളിൽ ചിലരെ നർ​ഗസ് കഴിയുന്ന എവിൻ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ സ്ത്രീകളെ കൈയും കാലും ബന്ധിച്ച് പീഡിപ്പിച്ചിരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നർ​ഗസ് ബിബിസിക്ക് എഴുതിയ കത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുകയും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ഇറാൻ ഭരണകൂടത്തിന്റെ ചെയ്തികളെയാണ് നർ​ഗസ് പുറം ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നത്.

നർഗസ് മുഹമ്മദി എഴുതിയ വെളുത്ത പീഡനം പുസ്തകം
നർഗസ് മുഹമ്മദി എഴുതിയ വെളുത്ത പീഡനം പുസ്തകം

സെപ്റ്റംബറില്‍ 22 കാരിയായ മഹ്സ അമിനി കൊല്ലപ്പെട്ടതോടെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ചൂടുപിടിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മഹ്സ അമിനി കൊല്ലപ്പെടുന്നത്. ഇതിനുശേഷം, 69 കുട്ടികളുൾപ്പെടെ 500-ലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. 18,200 പേരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ, സംഘർങ്ങളിൽ ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

എന്നാൽ നേരത്തെ ഇത്തരത്തിലുളള ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ഇറാന്‍ അത് നിഷേധിച്ചിരുന്നു. കൂടാതെ, വനിതാ തടവുകാരെ മുഴുവൻ വനിതാ ജീവനക്കാരുടെ കീഴിലുള്ള ജയിലിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങൾ ഇറാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇറാനിൽ നടന്നു വരുന്ന പ്രക്ഷോഭങ്ങളെ റിപ്പോർട്ട് ചെയ്തു വന്നിരുന്ന ആഭ്യന്തര മാധ്യമങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.

അതേസമയം, ഇക്കാര്യങ്ങളെ റിപ്പോർട്ട് ചെയ്യുന്നത് തടവിൽ കഴിയുന്ന സ്ത്രീകളുടെ കുടുംബങ്ങളെ ഭയപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് നർഗസ് പറയുന്നത്. എന്നാൽ, യാഥാ‍ര്‍ത്ഥ്യത്തെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണെന്ന് താൻ വിശ്വസിക്കുന്നു. ഇറാൻ ഭരണകൂടം സ്ത്രീകൾക്കെതിരെ നടത്തി വരുന്ന കുറ്റകൃത്യങ്ങളെ വെളിപ്പെടുത്താതിരിക്കുന്നത് സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ തുടരാന്‍ കാരണമാകും. ഇറാനിൽ വനിതാ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും എതിരെയുളള ആക്രമണങ്ങളെ ആഗോള ശ്രദ്ധയിൽ എത്തിക്കുന്നതിന് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടണം.

ഇറാൻ നടത്തി വരുന്ന അതിക്രമങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് മാധ്യമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും പിന്തുണ ആവശ്യമാണെന്നും നർ​ഗസ് പറയുന്നു. ഇറാനിലെ പ്രതിഷേധക്കാർ വിജയം കൈവരിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് നർ​ഗസ് കത്ത് അവസാനിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in