മാധ്യമ പ്രവര്‍ത്തകരുടെ ശവപ്പറമ്പാകുന്ന ഗാസ; ഇതുവരെ കൊല്ലപ്പെട്ടത് 100 പേർ
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ മരിച്ചുവീണ ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ടത് നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 100 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഗാസ ഭരണകൂടത്തിന്റെ മാധ്യമ ഓഫീസാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ഇസ്രയേല്‍ ആക്രമണം മൂന്ന് മാസം പിന്നിടുമ്പോള്‍ ഗാസയിലെ 50ഓളം മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടുകഴിഞ്ഞു
ഇന്നലെ കിഴക്കന്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അബു ഹ്വീഡി കൊല്ലപ്പെട്ടതോടു കൂടിയാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം നൂറിലേക്കെത്തിയത്. എന്നാല്‍ സംഖ്യ ഇനിയും ഉയരുമെന്നാണ് ഗാസയിലെ പലസ്തീന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. പലസ്തീന്‍ കണക്കുകളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം നൂറെന്ന് രേഖപ്പെടുത്തുമ്പോള്‍ യുദ്ധമുഖത്ത് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന കമ്മിറ്റിയുടെ കണക്കുകളില്‍ 69 മാത്രമാണ്.
ഇസ്രയേല്‍ ആക്രമണം മൂന്ന് മാസം പിന്നിടുമ്പോള്‍ ഗാസയിലെ 50ഓളം മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക്. തെക്കന്‍ ഗാസയില്‍ നിന്നും 100ലധികം മാധ്യമപ്രവര്‍ത്തകർക്കും കുടുംബാംഗങ്ങള്‍ക്കും പലായനം ചെയ്യേണ്ടി വന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും അവര്‍ക്ക് ഉപേക്ഷിക്കണ്ടതായി വരുന്നു.
സായുധ സംഘട്ടന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര മാനുഷിക നിയമമനുസരിച്ച് പരിരക്ഷയുണ്ട്. എന്നാല്‍ ഈ നിയമമാണ് ഇസ്രയേല്‍ നിരന്തരം ലംഘിക്കുന്നത്. തങ്ങളെ നിശബ്ദമാക്കുന്നതിന് വേണ്ടി ഇസ്രയേല്‍ മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുകയാണെന്നും പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇത്രയും ഭയാനകരമായ കണക്കുകള്‍ നിരസിക്കുന്നത് ഭീകരമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടിം ഡൗസണ്‍ അല്‍ ജസീറയോട് പറഞ്ഞു.
''മറ്റൊരു സംഘട്ടനത്തിലും മാധ്യമപ്രവര്‍ത്തകരുടെ മരണനിരക്ക് ഇതുപോലെ ഉയര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സംഘര്‍ഷത്തിന്റെ ആരംഭത്തില്‍ 1000ത്തോളം മാധ്യമപ്രവര്‍ത്തകരാണ് ഗാസയിലുണ്ടായിരുന്നത്. എത്ര പേര്‍ മരിച്ചുവെന്ന കണക്കുകളില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും ഏഴ് മുതല്‍ 10 ശതമാനം വരെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഉയര്‍ന്ന കണക്കാണ്''- അദ്ദേഹം പറയുന്നു.
നിലവില്‍ ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൈവശം മൈക്രോഫോണുകളും ക്യാമറുകളും നോട്ടുബുക്കുകളും മാത്രമേയുള്ളുവെന്നും മരണത്തെ വകവെക്കാതെ അവർ ജോലി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രേയല്‍ സൈനികരില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ടെന്നും ടിം ഡൗസണ്‍ കൂട്ടിച്ചേര്‍ത്തു.