സ്പെയിനിൽ തൂക്കു പാർലമെന്റ്; വിജയം അവകാശപ്പെട്ട് പ്രധാനമന്ത്രി പെട്രോ സാഞ്ചസും മുഖ്യപ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയും

സ്പെയിനിൽ തൂക്കു പാർലമെന്റ്; വിജയം അവകാശപ്പെട്ട് പ്രധാനമന്ത്രി പെട്രോ സാഞ്ചസും മുഖ്യപ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയും

50 വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും വലതുപക്ഷ യാഥാസ്ഥിതിക സർക്കാർ രൂപീകരിക്കപ്പെടുമെന്നായിരുന്നു വിലയിരുത്തവലെങ്കിലും പ്രതീക്ഷിച്ച നേട്ടം പ്രതിപക്ഷത്തിന് ഉണ്ടാക്കാനായില്ല
Updated on
1 min read

ഉദ്വേഗജനകമായ തിരഞ്ഞെടുപ്പിനൊടുവില്‍ സ്പാനിഷ് പാര്‍ലമെന്റില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നതോടെ തൂക്കുപാര്‍ലമെന്‌റാകും ഉണ്ടാകുക എന്ന് വ്യക്തമായി. മുഖ്യപ്രതിപക്ഷമായ മധ്യ-വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി (പിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അഭിപ്രായ സര്‍വെകള്‍ പ്രവചിച്ച മുന്നേറ്റമുണ്ടാക്കാനായില്ല.

പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്‌റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പിഎസ്ഒഇ) പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 350 അംഗ പാര്‍ലമെന്‌റില്‍ 176 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത്. 139 സീറ്റുമായി പീപ്പിള്‍സ് പാര്‍ട്ടി ഒന്നാമതെത്തിയപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 122 സീറ്റുമായി തൊട്ടുപിന്നാലെയുണ്ട്. 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് പ്രതിപക്ഷം 22 സീറ്റിന്‌റെ നേട്ടമുണ്ടാക്കിയപ്പോള്‍ രണ്ട് സീറ്റ് അധികം നേടാന്‍ മുഖ്യഭരണകക്ഷിക്കായി എന്നതാണ് ശ്രദ്ധേയം.

മെയില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 50 വര്‍ഷത്തിന് ശേഷം രാജ്യം വലതുപക്ഷഭരണത്തിലേക്ക് എത്തുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പുള്ള വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം ഇടതുപക്ഷം നടത്തി. തീവ്ര വതുപക്ഷ പാര്‍ട്ടിയായ വോക്‌സിന്‌റെ കൂടി പിന്തുണ ലഭിച്ചാലും പീപ്പിള്‍സ് പാര്‍ട്ടി സഖ്യത്തിന് ആരെ 169 സീറ്റ് മാത്രമാണ് ഉള്ളത്. ഇടത് സഖ്യത്തിനാകട്ടെ 153 സീറ്റും. വോക്‌സ് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാത്തതാണ് വലതു ചേരിക്ക് തിരിച്ചടിയായത്. 2019 ല്‍ 52 ഡെപ്യൂട്ടിമാരുണ്ടായിരുന്ന പാര്‍ട്ടി ഇത്തവണ 33 ല്‍ ഒതുങ്ങി. ഇതോടെ പീപ്പിള്‍സ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒരു പോലെ വിജയം അവകാശപ്പെട്ട് രംഗത്തെത്തി.

''നാല് വര്‍ഷം മുന്‍പ് നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റും വോട്ടും നേടാന്‍ നമുക്ക് ആയി,'' പെട്രോ സാഞ്ചസ് പറഞ്ഞു. ഏറ്റവുമധികം വോട്ട് നേടിയ പാര്‍ട്ടി എന്ന നിലയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനും അസ്ഥിരത ഒഴിവാക്കാനുമാണ് ശ്രമിക്കുകയെന്ന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആല്‍ബെര്‍ട്ടോ ന്യൂനെസ് ഫീജൂ പ്രതികരിച്ചു. ഓഗസ്റ്റ് 17 ന് പുതിയ പാര്‍ലമെന്‌റ് ചേര്‍ന്നതിന് ശേഷമാകും സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പീപ്പിള്‍സ് പാര്‍ട്ടിയെയാകും രാജാവ് ഫിലിപ് ആറാമന്‍ സർക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. 2015 ല്‍ സമാനമായ സാഹചര്യത്തില്‍ ഫീജൂ ക്ഷണം നിരസിച്ചിരുന്നു. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങും.

logo
The Fourth
www.thefourthnews.in