ഹൃദയം മുതല്‍ മസ്തിഷ്കം വരെ തളർത്തുന്നു, മൂന്നാഴ്ചയ്ക്കുള്ളില്‍ മരണം; ഗാസയില്‍ 'പട്ടിണി' ആയുധമാക്കുന്ന ഇസ്രയേല്‍
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ നേരിടുന്ന അതിഭീകരമായ ദരിദ്രാവസ്ഥവയുടെ വാര്‍ത്തകള്‍ ദിനംപ്രതി പുറത്ത് വരികയാണ്. ഗാസയെ ഇല്ലാതാക്കാൻ കര, വ്യോമയാക്രമണങ്ങളോടൊപ്പം 'പട്ടിണി'യെയും ഒരു ആയുധമായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. മനുഷ്യാവകാശ ലംഘനമാണെങ്കിലും ഗാസയിലേക്കുള്ള ഭക്ഷണത്തിൻ്റെയും അവശ്യ വസ്തുക്കളുടെയും സഹായം തടഞ്ഞ് പട്ടിണി മൂലമുള്ള മരണത്തിലേക്ക് അവരെ തള്ളി വിടുന്നു. ഇതില്‍ നവജാതശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട്.
ഗാസയിലെ ആഭ്യന്തര യുദ്ധത്തിലൂടെ സുഡാനിനെ ആളുകളെ പോലെ പട്ടിണിയുടെ മഹാവിപത്ത് നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഈ സ്ഥിതികള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഗാസയില്‍ 27 പേരാണ് പട്ടിണി കിടന്നുമാത്രം മരിച്ചത്. അതില്‍ 23 പേരും കുട്ടികള്‍. സുഡാനില്‍ ആളുകള്‍ പട്ടിണി മൂലം മരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) ലഭിച്ചിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും മോശപ്പെട്ട പട്ടിണി പ്രതിസന്ധിയാണെന്ന് സുരക്ഷാ സമിതിയില്‍ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ചിരുന്നു.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യത്തിന്റെ സൈന്യവും അര്‍ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തങ്ങള്‍ നിയന്ത്രിക്കാത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് സഹായം വിതരണം ചെയ്യുന്നത് തടയുന്നു. തത്ഫലമായി ഏകദേശം 180 ലക്ഷം ആളുകള്‍ സുഡാനില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഡബ്ല്യുഎഫ്പി പറയുന്നു.
എന്തിന് പട്ടിണിയേയും ആയുധമാക്കുന്നു?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരുപാട് നാള്‍ ഭക്ഷണം ലഭിക്കാതിരിക്കുന്ന അവസ്ഥയാണ് പട്ടിണി. ഇത് പതുക്കെയുള്ള മരണത്തിലേക്ക് വരെ നയിക്കുന്നു. ധാര്‍മികമായ കാരണങ്ങളാല്‍ പട്ടിണി അനുഭവിക്കുന്ന ഒരാള്‍ എത്ര നാള്‍ കഴിഞ്ഞ് മരണം വരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഭക്ഷണമില്ലാതെ മൂന്ന് ആഴ്ച വരെ മാത്രമേ മനുഷ്യന് ജീവിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് കരുതുന്നത്.
മൂന്ന് തലങ്ങളിലാണ് പട്ടിണി നിലനില്‍ക്കുന്നത്. സാധാരണ രീതിയില്‍ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതാണ് ഒന്നാമത്തെ തലം. രണ്ടാമത്തേത് ഉപവാസവും മൂന്നാമത്തേത് സംഭരിച്ചുവെക്കുന്ന ഊര്‍ജം ഇല്ലാതായി ശരീരം എല്ലുകളും മസിലുകളുമായി മാറുന്ന ഭീകരാവസ്ഥയുമാണ്.
പട്ടിണിയെന്ന യുദ്ധായുധം
ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന 23 ലക്ഷം ജനങ്ങള്‍ക്കുള്ള സഹായം ഇസ്രയേല്‍ തടഞ്ഞുവെക്കുകയാണ്. ഇസ്രയേലിൻ്റെ കൈ നനയാതെയുള്ള ഈ യുദ്ധരീതി മറ്റുള്ള യുദ്ധ രീതിയില്‍ നിന്ന് വളരെ ഭീകരാവസ്ഥയിലേക്കാണ് നയിക്കുന്നത്. ഓരോ ശരീര ഭാഗങ്ങളെയും ബാധിച്ചതിന് ശേഷമാണ് പട്ടിണി മൂലം ഒരാള്‍ മരിക്കുന്നത്. 11 ലക്ഷം വരുന്ന ആളുകളാണ് ഗാസയില്‍ നേരിട്ട് വിശപ്പിന്റെ ദുരന്തമുഖത്തെ അഭിമുഖീകരിക്കുന്നത്. ഇതില്‍ വടക്കന്‍ ഗാസയിലെ 3,000,00 വരുന്ന ജനങ്ങള്‍ പട്ടിണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
പ്രായപൂര്‍ത്തിയായൊരാളുടെ ഹൃദയത്തിന്റെ ഭാരം ഏകദേശം 300 ഗ്രാം ആയിരിക്കും. എന്നാല്‍ പട്ടിണിയുടെ ഘട്ടങ്ങളില്‍ അത് 140 ഗ്രാമായി ചുരുങ്ങുമെന്നാണ് കണക്കുകള്‍.
ഭക്ഷണം കഴിക്കാത്ത ആദ്യനാളുകളില്‍ കരളില്‍ സംഭരിച്ചുവെക്കുന്ന ഗ്ലൈക്കോജന്‍ എന്ന അന്നജം ഭക്ഷണമായി പ്രവര്‍ത്തിക്കുന്നു. ആദ്യഘട്ടത്തില്‍ ശരീരം ഗ്ലൈക്കോജനെ ആശ്രയിക്കുന്നു. ഇത് കൊഴുപ്പുകളും മസിലുകളുമായി മാറുന്നതിന് മുമ്പ് ശരീരം ചുരുങ്ങുകയും ശോഷിക്കുകയും ചെയ്യുന്നു.
തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിനുള്ള ഊര്‍ജം നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ പട്ടിണി കിടക്കുന്ന വ്യക്തി വേഗം ദേഷ്യം പിടിക്കുക, മൂഡ് മാറുക, ശ്രദ്ധയില്ലായ്മ തുടങ്ങിയ മാനസികാവസ്ഥകളിലേക്ക് കടക്കുന്നു. ഈ സമയത്ത് തലച്ചോറിനെയും ഹൃദയത്തെയും നിലനിര്‍ത്താന്‍ മറ്റ് അവയവങ്ങളില്‍ നിന്ന് ഊര്‍ജം വലിച്ചെടുക്കുന്നതിനാലാണ് ശരീരം പെട്ടെന്ന് തളരുന്നത്. രക്തസമ്മര്‍ദവും പള്‍സും കുറയുന്നത് സാവകാശം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു.
പ്രായപൂര്‍ത്തിയായൊരാളുടെ ഹൃദയത്തിന്റെ ഭാരം ഏകദേശം 300 ഗ്രാം ആയിരിക്കും. എന്നാല്‍ പട്ടിണിയുടെ ഘട്ടങ്ങളില്‍ അത് 140 ഗ്രാമായി ചുരുങ്ങുമെന്നാണ് കണക്കുകള്‍. ശരീരത്തില്‍ അണുബാധയൊന്നും ഏറ്റില്ലെങ്കില്‍ പോലും ഹൃദയ സ്തംഭനമുണ്ടാകും. പട്ടിണി വയറ് വീര്‍ക്കുന്നതിനും അത് ഛര്‍ദിയിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു.
കുട്ടികളില്‍ ശരീരശോഷണവും പ്രോട്ടീന്‍ കുറവുമാണ് പട്ടിണിയുടെ ഏറ്റവും അപകടകരമായ അവസ്ഥ. പട്ടിണി കിടക്കുന്നയാളുടെ ശരീരത്തിലെ ദഹനനാളത്തിലെ പേശികളെയും ഇത് ബാധിക്കുന്നു. പാന്‍ക്രിയാസിസ് പോലുള്ള ഗുരുതരമായ രോഗങ്ങളും പട്ടിണി മൂലം ഉണ്ടാകുന്നു.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥകള്‍ ഇല്ലാതാകുകയും ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് പോലുള്ള ദ്വിതീയ അണുബാധയ്ക്ക് വിധേയരാകുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെയുള്ള കൊഴുപ്പും കൊളസ്‌ട്രോളും ലഭിക്കാത്തത് ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍, തൈറോയ്ഡ് എന്നീ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെയും ബാധിക്കുന്നു.
ശരീരത്തിലെ ഉപാപചയത്തെ നിയന്ത്രിക്കുന്നതിനും എല്ലുകളെ ശക്തമാക്കി നിര്‍ത്തുന്നതിനും പങ്കുള്ള ഹോര്‍മോണുകളാണിവ. ഈ ഹോര്‍മോണുകളുടെ അഭാവം മൂലം എല്ലുകള്‍ ദുര്‍ബലമാകുകയും, ആര്‍ത്തവത്തെ ബാധിക്കുകയും ഹൈപ്പോതെര്‍മിയയുടെ അപകട സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. മുടി പൊട്ടല്‍, കൊഴിയല്‍ എന്നിവയും ഉണ്ടാകുന്നു.
പട്ടിണി ചെറിയ കാലം കൊണ്ടുതന്നെ ശാരീരകവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പട്ടിണി അനുഭവിക്കുന്നവര്‍ക്ക് ആദ്യത്തെ നാലു മുതല്‍ ഏഴ് ദിവസം വരെ അമിതമായി ഭക്ഷണമോ ദ്രവരൂപത്തിലുള്ള പോഷകങ്ങളോ നല്‍കിയാല്‍ ഗ്ലൈക്കോജന്‍ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയുടെ ഉല്‍പ്പാദനം വളരെ വേഗത്തിലുണ്ടാകുകയും അത് അപകടമാകുകയും ചെയ്യും.
റിഫീഡിങ് സിന്‍ഡ്രോം എന്ന് വിളിക്കുന്ന ഈ അവസ്ഥയും ആളുകളുടെ മരണത്തിന് കാരണമായേക്കാം. ഒരു പക്ഷേ ഇത് വിജയിച്ചാലും പട്ടിണി അതിജീവിച്ചവര്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ജീവിതാവസാനം വരെ ഉണ്ടാകാം. രണ്ട് വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ പട്ടിണി മസ്തിഷ്‌ക വളര്‍ച്ചയെ കുറയ്ക്കുകയും കുട്ടികളെ അവരുടെ പൂര്‍ണമായ കഴിവിലേക്കെത്തിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.