ട്രംപിനെതിരായ കേസുകളും വേട്ടയാടല്‍ ആക്ഷേപങ്ങളും; മകന്‍ ഹണ്ടറിനെതിരായ കോടതി വിധി ബൈഡനെ 'വിശുദ്ധനാക്കുമോ?'
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടി യുഎസ് തിരഞ്ഞെടുപ്പ് കാലത്തെ സജീവ ചർച്ചകളുടെ ഭാഗമാവുകയാണ്. അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിഷയം തിരഞ്ഞെടുപ്പ് കാല ചർച്ചകളുടെ ഭാഗമാവുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു സിറ്റിങ് പ്രസിഡന്റിന്റെ മകൻ കുറ്റവാളിയാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ സംഭവമാണിത്.
എന്താണ് ഹണ്ടർ ബൈഡനെതിരെയുള്ള ആരോപണം ?
ഹണ്ടറിനെതിരെ തോക്കുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ആണ് നിലനിൽക്കുന്നത്. 2018 ൽ തോക്ക് വ്യാപാരിയെ കബളിപ്പിച്ച് തോക്ക് വാങ്ങി എന്നതാണ് പ്രധാന ആരോപണം. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. എന്നാൽ, മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് കേസ്.
2018 ഒക്‌ടോബറിൽ ഡെലവെയർ തോക്ക് കടയിൽ നിന്ന് കോൾട്ട് കോബ്ര സ്‌പെഷ്യൽ റിവോൾവർ വാങ്ങിയപ്പോഴാണ് ഹണ്ടർ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്ന് തെറ്റായ വിവരം നൽകിയത്. അന്നദ്ദേഹം വ്യാപകമായി ക്രാക്ക് കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടായിരുന്നു. യുഎസ് ഫെഡറൽ നിയമങ്ങൾ പ്രകാരം, മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്ക് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
തോക്ക് ലൈസൻസിനായുള്ള അപേക്ഷയിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറൽ സർക്കാരുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി, അനധികൃതമായി ആയുധം കൈവശംവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഏറ്റവും ഗുരുതരമായ രണ്ട് കേസുകളിൽ പരമാവധി 10 വർഷം തടവും 250,000 ഡോളർ പിഴയും ലഭിക്കും. യഥാർത്ഥ പിഴകൾ പലപ്പോഴും നിയമാനുസൃതമായ പരമാവധിയേക്കാൾ വളരെ കുറവാണ്. 2017 ലും 2018ലുമായി നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസും ഹണ്ടറിനെതിരെ നിലവിലുണ്ട്. ഒരുലക്ഷം അമേരിക്കന്‍ ഡോളറോളമാണ് ഓരോ വര്‍ഷവും നികുതിയടയ്‌ക്കേണ്ടിയിരുന്നത്.
കേസിൽ ഹണ്ടർ ജയിൽ പോകേണ്ടി വരുമോ ?
യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് പറയുന്നതനുസരിച്ച് 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യമായി ഇത്തരം കേസുകളിൽ ഉൾപ്പെടുന്നതിനാൽ തന്നെ ഈ ശിക്ഷ ഹണ്ടറിന് ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്‌ദർ പറയുന്നു.
ജയിലിനുപകരം വളരെ കുറഞ്ഞ ശിക്ഷയോ പ്രൊബേഷനോ പോലും നേരിടേണ്ടി വന്നേക്കാം. ശിക്ഷ വിധിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും 120 ദിവസത്തിനകം ശിക്ഷ വിധിക്കുമെന്നാണ് ജില്ലാ ജഡ്ജി മേരിയല്ലെൻ നൊറൈക അറിയിച്ചത്. നവംബർ 5 ന് ജോ ബൈഡൻ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ ഇരിക്കെ ഒരു മാസം മുൻപ് ഒക്ടോബർ 9 ന് ശിക്ഷ വിധി ഉണ്ടാകും എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിയമപരമായ എല്ലാ നീക്കങ്ങളും നടത്തുമെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷക സംഘം ഇതിനോടകം അറിയിച്ചിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന് തിരിച്ചടിയാകുമോ ?
മകനുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ തിരിച്ചടിക്കില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് സാഹചര്യം ഉപകാരപ്പെടുകയും ചെയ്യുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വേട്ടയാടാൻ ജോ ബൈഡൻ യുഎസ് നീതിന്യായ വകുപ്പിനെ ഉപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഇത് ബൈഡന്റെ പ്രതിച്ഛായക്ക് ക്ഷതം ഏൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ മകൻ കേസിൽ പെടുകയും വിചാരണ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ആരോപണത്തിൽ നിന്ന് അദ്ദേഹത്തിന് പുറത്ത് കടക്കാമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പിതാവിന്റെ ഭരണത്തിന്റെ ഭാഗമായ നീതിന്യായ വകുപ്പിന്റെ അധികാരത്തിൻ കീഴിൽ ഹണ്ടർ ബൈഡൻ പ്രോസിക്യൂട്ട് ചെയ്യുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസിഡന്റ് പദവിയെ രാഷ്ട്രീയ ആയുധങ്ങളാണ് മാറ്റിയെന്ന റിപ്പബ്ലിക്കൻ വാദങ്ങൾ ദുർബലപ്പെടും. ഇത് തിരഞ്ഞെടുപ്പിൽ ബൈഡനെ സഹായിച്ചേക്കാം.