'എല്ലുകളൊടിഞ്ഞ്, തല മൊട്ടയടിക്കപ്പെട്ട് 12 വർഷമായി ഭാര്യ വീട്ടുതടങ്കലിൽ'; ജർമൻ വംശജനായ ഭർത്താവ് അറസ്റ്റിൽ
പന്ത്രണ്ട് വർഷമായി ഭർത്താവിന്റെ തടവിൽ കഴിഞ്ഞ അൻപത്തിമൂന്നുകാരിയായ ഭാര്യയ്ക്ക് മോചനം. ജർമൻ വംശജയായ സ്ത്രീയെ ദമ്പതികളുടെ ഫ്രാൻസിലുള്ള വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. പോലീസ് കണ്ടെത്തുമ്പോൾ കിടപ്പുമുറിയിൽ തല മൊട്ടയടിച്ച് നഗ്നയാക്കപ്പെട്ട നിലയിലായിരുന്നു.
എല്ലുകൾ ഒടിഞ്ഞതുൾപ്പെടെ നിരവധി പരുക്കുകൾ ശരീരത്തിലുണ്ടായിരുന്നു. ഇരുകാലുകളിലും വിരലുകളിലും പൊട്ടലുള്ളതിനാൽ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത പീഡനമേറ്റതായാണ് പോലീസ് നിഗമനം.
ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഫ്രാൻസിലെ ഫോർബാക്കിലെ വീട്ടിലാണ് അടച്ചിട്ട മുറിയിൽ സ്ത്രീയെ കണ്ടെത്തിയത്. മെറ്റൽ വയർ ഉപയോഗിച്ച് കിടപ്പുമുറി പുറത്തു നിന്നും ബന്ധിച്ചിട്ടുണ്ടായിരുന്നു.
ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെടുത്ത ഡയറിയിൽ ഭാര്യയ്ക്ക് അവസാനമായി ഭക്ഷണം നൽകിയതും അവർക്കെതിരെ ചെയ്ത ക്രൂരതകളും രേഖപ്പെടുത്തിയിരുന്നു.
അൻപത്തിയഞ്ചുകാരനായ സ്ത്രീയുടെ ഭർത്താവിനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രൂരമായ ബലാത്സംഗം, പീഡനം തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭർത്താവിന്റെ തടങ്കലിലാണെന്ന് ഫ്രാൻസിലുള്ള സഹപ്രവർത്തകർക്ക് സ്ത്രീ നേരത്തെ സൂചന നൽകിയിരുന്നു.
ഇതിനിടയിൽ ജർമൻ പോലീസിനെ ബന്ധപ്പെടാൻ സ്ത്രീ ശ്രമിച്ചതായും ഫ്രാൻസ് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.