യുക്രെയ്ൻ അധിനിവേശം; റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി
യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് രണ്ട് യുദ്ധക്കുറ്റ കേസുകൾ ചുമത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുക്രെയ്‌നിൽ നിന്ന് കുട്ടികളെ നിർബന്ധിതമായി നാടുകടത്തുന്നതിനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചതിനും റഷ്യൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. കോടതി പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന ഹേഗ് ആസ്ഥാനമായുള്ള കോടതിയിലെ പ്രീ-ട്രയൽ ജഡ്ജി അംഗീകരിച്ചാൽ, ഇവർക്കെതിരെ വംശഹത്യാ കുറ്റം കൂടെ ഉൾപ്പെടാമെന്നും അധികൃതർ അറിയിച്ചു.
യുക്രെയ്‌നിലെ കുട്ടികളെ റഷ്യ കടത്തിക്കൊണ്ട് പോയി പുനർവിദ്യാഭ്യാസ ക്യാമ്പുകളിലേക്ക് അയച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഘർഷമേഖലയിൽ ഉപേക്ഷിക്കപ്പെട്ട അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് കൈകൊണ്ടത് എന്നായിരുന്നു റഷ്യയുടെ വിശദീകരണം.
രാജ്യത്തെ വൈദ്യുതി, ജല നിലയങ്ങൾ പോലുള്ള സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെ മിസൈൽ ആക്രമണത്തിലൂടെ റഷ്യൻ സൈന്യം മനഃപൂർവം ലക്ഷ്യമിട്ടുവെന്നാണ് രണ്ടാമത്തെ കേസ്. എന്നാൽ യുക്രെയ്നിലെ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെ മനഃപൂർവം ലക്ഷ്യമിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ റഷ്യ, ആക്രമണങ്ങൾ എല്ലാം യുക്രെയ്‌നെ പ്രതിരോധിക്കാൻ മാത്രമുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു.
യുഎൻ കൺവെൻഷൻ വംശഹത്യയെ നിർവചിക്കുന്നത് പ്രകാരം "ഒരു സംഘത്തിൽ പെടുന്ന കുട്ടികളെ മറ്റൊരു സംഘത്തിലേക്ക് ബലമായി മാറ്റുന്നത്" എന്നത് വംശഹത്യയായി കണക്കാക്കാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്. അതിനാൽ വംശഹത്യ കൂടി കുറ്റങ്ങളിൽ ഉൾപ്പെടും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
നിരവധി പേർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നാണ് സൂചന. അങ്ങനെയായാൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ചുമത്തപ്പെടുന്ന യുദ്ധക്കുറ്റം ആവും ഇത്. യുദ്ധക്കുറ്റ വിചാരണ ഉണ്ടായാൽ മറ്റ് രാജ്യങ്ങളുമായുള്ള റഷ്യയുടെ നയതന്ത്ര ബന്ധത്തെ അത് ബാധിക്കും. കുറ്റാരോപിതരായവർക്ക് വിദേശയാത്ര നടത്തുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ വിലക്ക് നേരിടേണ്ടി വരും.
24 ഫെബ്രുവരി 2022 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ ഐസിസി യുദ്ധകുറ്റങ്ങളിൽ അന്വേഷണം ആരംഭിച്ചിരുന്നു. അധിനിവേശ പ്രദേശങ്ങളിലെ കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ തുടങ്ങിയ വ്യക്തിഗത സംഭവങ്ങൾക്ക് റഷ്യൻ സൈനികർക്കെതിരെ നിരവധി യുദ്ധക്കുറ്റ വിചാരണകൾ യുക്രെയ്ൻ നടത്തിയിട്ടുണ്ട്.