സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താന് ആശ്വാസം; 300 കോടി ഡോളർ അനുവദിച്ച് ഐഎംഎഫ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താന് ആശ്വാസമായി അന്താരാഷ്ട്ര നാണയനിധിയുടെ സഹായം. 300 കോടി യുഎസ് ഡോളർ പാകിസ്താന് അനുവദിക്കാൻ ഐഎംഎഫ് യോഗത്തിൽ തീരുമാനമായി. കരാർ പ്രകാരം ഒൻപതുമാസത്തേക്കാകും ഐഎംഎഫ് സഹായം പാകിസ്താന് ലഭ്യമാകുക. പലിശനിരക്ക് ഉയർത്തൽ, നികുതി വർധിപ്പിക്കൽ തുടങ്ങി കടുത്ത സാമ്പത്തിക നടപടികൾ അംഗീകരിച്ചശേഷമാണ് ഐഎംഎഫ് പാക്കേജ് പാകിസ്താന് ലഭ്യമായത്.
ജൂൺ ആദ്യം 300 കോടി ഡോളർ സഹായവുമായി ബന്ധപ്പെട്ട് പാകിസ്താനും ഐഎംഎഫും ഉദ്യോഗസ്ഥതല കരാറിൽ ഒപ്പുവച്ചിരുന്നു. ബോർഡ് അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. നീണ്ട ചർച്ചകൾക്ക് ശേഷമാണ് പാപ്പരായ പാകിസ്താന് കടുത്ത ഉപാധികളോടെ സഹായം നൽകാമെന്ന തീരുമാനത്തിൽ ഐഎംഎഫ് എത്തിയത്.
രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ഉതകുന്നതാകും 300 കോടി ഡോളറെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളിൽ നാഴികക്കല്ലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഐഎംഎഫ് സഹായം ലഭ്യമാകുന്നതിനായി പാകിസ്താനെ പിന്തുണച്ചത് യുഎഇയും സൗദി അറേബ്യയുമാണ്. യുഎഇ 100 കോടി ഡോളറും സൗദി 200 കോടി ഡോളറും അനുവദിച്ചിരുന്നു. പാക്സിതാൻ സെൻട്രൽ ബാങ്കിലാണ് ഇരുവരും നിക്ഷേപം നടത്തിയത്. സാമ്പത്തികനില മെച്ചപ്പെടുത്തിയാൽ മാത്രമെ ഐഎംഎഫ് സഹായം ലഭ്യമാകൂ എന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടേയും സഹായം പാകിസ്താൻ തേടിയിരുന്നത്. വിദേശനാണ്യ കരുതൽ ധനശേഖരം വർധിപ്പിക്കാനായി ഇരുരാജ്യങ്ങളിൽനിന്നും ധനസഹായം ലഭ്യമായതായി പാക് ധനകാര്യമന്ത്രി ഇഷാഖ് ദർ അറിയിച്ചതിന് പിന്നാലെയാണ് ഐഎംഎഫ് ബോർഡ് യോഗം കരാർ അംഗീകരിച്ചത്.
അതിനിടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, അനിശ്ചിതത്വ അന്തരീക്ഷം, അസ്ഥിരമായ ബാങ്കിങ് നിരക്കുകൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവ വ്യവസായികളെ പുനർചിന്തനത്തിന് വിധേയമാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തിന്റെ വ്യവസായ മേഖലയിലെ മൊത്തത്തിലുള്ള ബിസിനസ് കോണ്‍ഫിഡന്‍സ് സ്‌കോര്‍ (ബിസിഎസ്) നെഗറ്റീവ് 25 ശതമാനമായിരുന്നു, ഇത് 2022 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലേതിനേക്കാൾ താഴെയാണ്.